News
ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തത് 6 മണിക്കൂര്‍..!, പിന്നാലെ രാജ്യസഭയില്‍ സര്‍ക്കാരിനെ ശപിച്ച് ജയാ ബച്ചന്‍
ഐശ്വര്യ റായിയെ ഇഡി ചോദ്യം ചെയ്തത് 6 മണിക്കൂര്‍..!, പിന്നാലെ രാജ്യസഭയില്‍ സര്‍ക്കാരിനെ ശപിച്ച് ജയാ ബച്ചന്‍
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരത്തിന്റെ 48-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.
ഐശ്വര്യ റായിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഐശ്വര്യയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത വിദേശ നിക്ഷേപങ്ങള്‍ സംബന്ധിച്ച 2016ലെ ‘പാനമ രേഖകളി’ലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ 2017ല്‍ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണു ഡല്‍ഹിയിലെ ഇഡി ആസ്ഥാനത്ത് നടിയെ ചോദ്യം ചെയ്തത്.
6 മണിക്കൂറിലേറെയാണ് ചോദ്യം ചെയ്യല്‍ നീണ്ടു നിന്നിരുന്നത്. ഇതിനു മുന്‍പു 2 തവണ നോട്ടിസ് നല്‍കിയെങ്കിലും ഹാജരായിരുന്നില്ല. ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിനു മുന്‍പാകെ ഐശ്വര്യ മൊഴി നല്‍കി. വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി. ബ്രിട്ടിഷ് വെര്‍ജിന്‍ ദ്വീപിലെ കമ്പനിയില്‍ 2005 മുതല്‍ 2008 വരെ ഐശ്വര്യ നടത്തിയ നിക്ഷേപങ്ങളാണ് ഇഡി പരിശോധിക്കുന്നത്. കമ്പനിയുടെ ഡയറക്ടര്‍ പദവി ഐശ്വര്യ വഹിച്ചിരുന്നുവെന്നാണു വിവരം. നിക്ഷേപങ്ങളില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കും. 2009ല്‍ ദുബായ് ആസ്ഥാനമായുള്ള സ്ഥാപനം ഈ കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷിക്കും.
ബച്ചന്‍ കുടുംബത്തിന്റെ 2004 മുതലുളള വിദേശ നാണ്യ വിനിമയം സംബന്ധിച്ചുളള വിവരങ്ങള്‍ കൈമാറാന്‍ നേരത്തെ ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇത് പ്രകാരമുളള രേഖകള്‍ ഐശ്വര്യ റായി ഇഡിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. മുമ്പ് ഐശ്വര്യയുടെ ഭര്‍ത്താവും നടിയുമായ അഭിഷേക് ബച്ചനും ഇതേ കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു.
പാനമ വെളിപ്പെടുത്തലുകള്‍ പ്രകാരം അമിതാബ് ബച്ചന്‍ വിദേശത്തുളള നാല് കമ്പനികളുടെ ഡയറക്ടറാണ്. ഈ കമ്പനികളില്‍ മൂന്നെണ്ണം ബഹാമാസിലും ഒരെണ്ണം വിര്‍ജിന്‍ ഐലന്‍ഡ്സിലുമാണ്. 1993ല്‍ രൂപം കൊടുത്തതാണ് ഈ കമ്പനികള്‍. അയ്യായിരം ഡോളര്‍ മുതല്‍ അന്‍പതിനായിരം ഡോളര്‍ വരെയാണ് ഈ കമ്പനികളുടെ മൂലധനം. എന്നാല്‍ ഈ കമ്പനികള്‍ കോടികള്‍ വിലയുളള കപ്പലുകളുടെ കച്ചവടം നടത്തുന്നതായി പാനമ രേഖകളില്‍ പറയുന്നു.
അമിതാഭ് ബച്ചന്റെ മരുമകള്‍ കൂടിയായ ഐശ്വര്യ റായ് ഒരു കമ്പനിയുടെ ഡയറക്ടര്‍ ആയിരുന്നു. പിന്നീട് കമ്പനിയുടെ നിക്ഷേപകരില്‍ ഒരാളായി മാറി. അമിക് പാര്‍ട്ണേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പേര്. വിര്‍ജിന്‍ ഐലന്‍ഡ്സില്‍ ആണ് കമ്പനിയുടെ ആസ്ഥാനം. ഐശ്വര്യ റായിയെ കൂടാതെ അച്ഛന്‍ കെ റായ്, അമ്മ വൃന്ദ റായ്, സഹോദരന്‍ ആദിത്യ റായ് എന്നിവരും കമ്പനിയുടെ പാര്‍ട്ണര്‍മാരാണ്. 2005 സ്ഥാപിച്ച ഈ കമ്പനി മൂന്ന് വര്‍ഷത്തിന് ശേഷം 2008ല്‍ പൂട്ടി.
എന്നാല്‍, മരുമകളെ ചോദ്യം ചെയ്യാന്‍ ഇഡി വിളിപ്പിച്ചതിനു പിന്നാലെ രാജ്യസഭയില്‍ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ചിരിക്കുകയാണ് നടിയും സമാജ്‌വാദി പാര്‍ട്ടി എംപിയുമായ ജയ ബച്ചന്‍. 12 എംപിമാരുടെ സസ്‌പെന്‍ഷന്‍ ഉന്നയിച്ച ജയ ബച്ചന്‍, സര്‍ക്കാരില്‍നിന്ന് നീതി ലഭിക്കില്ലെന്ന് രോഷത്തോടെ പറഞ്ഞു.സഭ നിയന്ത്രിച്ചിരുന്ന ഭുവേനേശ്വര്‍ കാലിതയെക്കുറിച്ച് ജയ നടത്തിയ പരാമര്‍ശത്തിനെതിരെ ബിജെപി രംഗത്തുവന്നു. എന്നാല്‍ സഭാനാഥനില്‍നിന്ന് നീതിയാണ് വേണ്ടതെന്ന് ജയ പറഞ്ഞു. സര്‍ക്കാര്‍ ഇങ്ങനെ അധികകാലം പോകില്ലെന്ന് താന്‍ ശപിക്കുന്നതായും ജയ വ്യക്തമാക്കി.
