Bollywood
‘അന്നെനിക്ക് മുയല്‍പ്പല്ലുണ്ടായിരുന്നപ്പോള്‍’; വൈറലായി നടിയുടെ കുട്ടിക്കാല ചിത്രങ്ങള്‍
‘അന്നെനിക്ക് മുയല്‍പ്പല്ലുണ്ടായിരുന്നപ്പോള്‍’; വൈറലായി നടിയുടെ കുട്ടിക്കാല ചിത്രങ്ങള്‍
പ്രശസ്തരായ അച്ഛനമ്മമാരുടെ പാരമ്പര്യം പിന്തുടര്ന്ന് സിനിമാലോകത്ത് എത്തിയ നിരവധി താരങ്ങളുണ്ട്. അതില്‍ ഒരാളാണ് നടി ശ്രദ്ധ കപൂര്‍. ബോളിവുഡ് താരം ശക്തി കപൂറിന്റെ മകളായ ശ്രദ്ധ ‘തീന് പത്തി’ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ശക്തി കപൂറിനൊപ്പം നില്ക്കുന്ന ശ്രദ്ധയുടെ ഒരു കുട്ടിക്കാലചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
”അന്നെനിക്ക് മുയല്‍പ്പല്ലുണ്ടായിരുന്നപ്പോള്‍…’ എന്നാണ് ഒരു ചിത്രത്തിന് ശ്രദ്ധ നല്കിയ അടിക്കുറിപ്പ്. മുന്‍പും ശ്രദ്ധ തന്റെ കുട്ടിക്കാലചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ? പങ്കുവച്ചിട്ടുണ്ട്. ‘ലവ് കാ ദ എന്‍ഡ്’ ആയിരുന്നു ശ്രദ്ധ നായികയായ ആദ്യചിത്രം. 2013ല്‍ പുറത്തിറങ്ങിയ ‘ആഷിഖി 2’ ഹിറ്റായതോടെ ശ്രദ്ധയുടെ ജനപ്രീതി വര്‍ധിച്ചു.
‘ഏക് വില്ലന്‍’, ‘ഹൈദര്‍’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശ്രദ്ധയുടെ അവസാനചിത്രം പ്രഭാസ് നായകനായ ‘സാഹോ’ ആയിരുന്നു. വിരലില്‍ എണ്ണാവുന്ന ചിത്രങ്ങള്‍ കൊണ്ടു തന്നെ ജനപ്രീതി നേടിയ ശ്രദ്ധ മികച്ചൊരു ഗായിക കൂടിയാണ്.
ഒരു കാലത്ത് ഹാസ്യവേഷങ്ങളിലും, വില്ലന്‍ വേഷങ്ങളിലും തിളങ്ങി നിന്ന ശക്തി കപൂറിനു ശ്രദ്ധയെ കൂടാതെ ഒരു മകന് കൂടിയുണ്ട്, സിദ്ധാന്ത് കപൂര്‍. ബോളിവുഡില്‍ അസിസ്റ്റന്റ് ഡയറക്ടറായി കരിയര്‍ ആരംഭിച്ച സിദ്ധാന്ത് പതിനഞ്ചോളം ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ശിവാംഗിയാണ് ശക്തി കപൂറിന്റെ ഭാര്യ.
