Malayalam
എല്ലാത്തിനും പിന്നില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍; പ്രതികരണവുമായി ധര്‍മ്മജന്‍
എല്ലാത്തിനും പിന്നില്‍ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍; പ്രതികരണവുമായി ധര്‍മ്മജന്‍
തന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി കെപിസിസിക്ക് കത്ത് നല്‍കിയെന്ന വാര്‍ത്ത വന്നതിനു പിന്നാലെ പ്രതികരണവുമായി നടനും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനുമായ ധര്‍മ്മജന്‍. ബാലുശ്ശേരിയില്‍ നിന്നും ഒരു നിയോജക മണ്ഡലം കമ്മിറ്റിയും തനിക്കെതിരെ കെപിസിസിക്ക് കത്ത് എഴുതിയിട്ടില്ലെന്നും കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നവര്‍ ആണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നതെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രതികരിച്ചു.
‘മണ്ഡലത്തിലെ രണ്ട് പേരെങ്കിലും എതിര്‍പ്പ് പ്രകടിപ്പിച്ചെങ്കില്‍ ഞാന്‍ ഈ സ്ഥാനത്തേയ്ക്ക് വരില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. എല്ലാവരുടെയും പിന്തുണയോടെ ഞാന്‍ നില്‍ക്കൂ. അതില്‍ ആര്‍ക്കെങ്കിലും മറിച്ചൊരു തീരുമാനമുണ്ടെങ്കില്‍ അതില്‍ യാതൊരു എതിര്‍പ്പുമില്ല. സ്ഥാനാര്‍ഥിത്വം കിട്ടിയാലും ഇല്ലെങ്കിലും പാര്‍ട്ടിയുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ഉണ്ടാകും.
ഞാനൊരു സീറ്റ് മോഹിയില്ല, നിങ്ങള്‍ അങ്ങനെ എന്നെ കാണേണ്ട.ഞാന്‍ എല്ലാ കമ്മിറ്റി ഭാരവാഹികളുമായി സംസാരിച്ചു. ഇവരാരും ഇത്തരം കത്തിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞു. ഇപ്പോഴും കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്’എന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.
സംവരണ മണ്ഡലമായ ബാലുശ്ശേരിയില്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ മത്സരിപ്പിക്കരുതെന്ന് ബാലുശ്ശേരി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി കെപിസിസിക്ക് പരാതി നല്‍കിയിരുന്നതായി വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ ധര്‍മജന്‍ പിന്തുണച്ചിരുന്നു. ധര്‍മജനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ചര്‍ച്ചയാകുമെന്നും മുന്നണിക്ക് മറുപടി പറയേണ്ടി വരുമെന്നും ഇത് യുഡിഎഫിന് ആക്ഷേപകരമാണെന്നുമാണ് മണ്ഡലം കമ്മിറ്റി ആരോപിക്കുന്നത്.
