Malayalam
‘പറ്റിക്കാന്‍ ആണേലും ഇങ്ങനൊന്നും പറയല്ലേ സാറേ’; ജീത്തു ജോസഫിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
‘പറ്റിക്കാന്‍ ആണേലും ഇങ്ങനൊന്നും പറയല്ലേ സാറേ’; ജീത്തു ജോസഫിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ
ഒടിടി പ്ലാറ്റാഫോമില്‍ റിലീസ് ചെയ്ത ‘ദൃശ്യം 2’വിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. സൂപ്പര്‍ ഹിറ്റായ ദൃശ്യം എന്ന ആദ്യ ഭാഗത്തോടെ നൂറ് ശതമാനം നീതി പുലര്‍ത്തി എന്നാണ് രണ്ടാം ഭാഗത്തെ കുറിച്ച് പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. ഇതിനിടെ സംവിധായകന്‍ ജീത്തു ജോസഫിന്റെ നാല് വര്‍ഷം മുമ്പുള്ള ഒരു പഴയ ഫെയ്സ്ബുക്ക് പോസ്റ്റ് കുത്തിപൊക്കിയിരിക്കുകയാണ് ചിലര്‍.
”ദൃശ്യം 2 വരുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്… അങ്ങനൊരു ചിത്രം ഇതുവരെ ചര്‍ച്ചകളിലില്ല” എന്നായിരുന്നു 2017 മേയ് 30ന് ജീത്തു ജോസഫ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് താഴെ രസകരമായ കമന്റുകളും ട്രോളുകളുമായാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.
അവസാന നിമിഷം ഇങ്ങനെ പറയരുത്, ഇതിലും മികച്ച ടൈം ട്രാവല്‍ എക്സ്പീരിയന്‍സ് സ്വപ്നങ്ങളില്‍ മാത്രം, അങ്ങനെ പറഞ്ഞു കൊടുക്ക് അണ്ണാ.., അതെന്താ ചര്‍ച്ച ചെയ്യാതെ, ആമസോണ്‍ പ്രൈം എടുത്തത് വെറുതെയായി, പറ്റിക്കാന്‍ ആണേലും ഇങ്ങനൊന്നും പറയല്ലേ സാറേ എന്നിങ്ങനെയാണ് ചില കമന്റുകള്‍.
ചിലര്‍ ദൃശ്യം 3യെ കുറിച്ചും ചോദിക്കുന്നുണ്ട്. ദൃശ്യം 3 വരില്ല എന്ന് പറയുന്ന വീഡിയോ കണ്ടു.. തമാശക്ക് ആണേലും അങ്ങനെ പറയല്ലേ കേട്ടോ.. ദൃശ്യം 3ക്കായി കട്ട വെയ്റ്റിംഗ് എന്നാണ് ഒരു കമന്റ്. തിയേറ്ററില്‍ കാണാന്‍ സാധിക്കാത്തതിന്റെ പരിഭവവും ചിലര്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാലും തിയേറ്ററില്‍ കാണാന്‍ പറ്റാഞ്ഞത് വലിയ നഷ്ടമായി എന്നാണ് ചില കമന്റുകള്‍.