Malayalam
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്ന് ഭീക്ഷണി; പ്രതിയായ സഹസംവിധായകനെ സഹായിക്കുന്നത് മാര്ട്ടിന് പ്രക്കാര്‍ട്ടിന്‍
വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്ന് ഭീക്ഷണി; പ്രതിയായ സഹസംവിധായകനെ സഹായിക്കുന്നത് മാര്ട്ടിന് പ്രക്കാര്‍ട്ടിന്‍
ബലാത്സംഗ കേസിലെ പ്രതിയായ സഹസംവിധായകന് രാഹുല്‍ സി ബി എന്നയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. വിവാഹവാഗ്ദാനം നല്കി തന്നെ പീഡിപ്പിച്ച ശേഷം രാഹുല്‍ വഞ്ചിച്ചെന്നും സംവിധായകന് മാര്ട്ടിന് പ്രക്കാട്ട് തന്റെ സ്വാധീനം ഉപയോഗിച്ച് സംരക്ഷിക്കുന്നുവെന്ന ആരോപണവും യുവതി ഉന്നയിക്കുന്നു.2018 ഏപ്രില്‍ 29ന് രാഹുല്‍ സിബി ഇടുപ്പെല്ലിന് തകരാറുള്ള യുവതിയെ ബലാത്സംഗം ചെയ്തുവെന്നും അതിന് ശേഷം ഇയാള്‍ വിവാഹം കഴിക്കുമെന്ന് ഉറപ്പുനല്‍കുകയും വിവാഹവാഗ്ദാനം നല്കി പലതവണ ലൈംഗികമായി ചൂഷണം ചെയ്യല്‍ ഇയാള്‍ തുടരുകയും ഒടുവില്‍ വഞ്ചിക്കുകയും ചെയ്തുവെന്നും ലാപ്ടോപ്പും സ്വര്‍ണാഭരണങ്ങളും ആറ് ലക്ഷം രൂപയും രാഹുല്‍ തട്ടിയെടുത്തുവെന്നും യുവതി പറയുന്നു. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിനെ തുടര്‍ന്ന് കേസ് എടുക്കുകയും പ്രതി സെഷന്‍സ് കോടതിയെ സമീപിക്കുകയും ചെയ്തു. പ്രതി തന്നോട് ചെയ്ത അതിക്രമത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് കോടതി ജാമ്യഹര്‍ജി തള്ളി. തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു. കൊവിഡ് വ്യാപനത്തിന്റെ സമയമായതിനാലും ജയിലില്‍ സാമൂഹിക അകലം പാലിക്കേണ്ടതുള്ളതുകൊണ്ടും കേസിന്റെ മെറിറ്റ് നോക്കാതെ ഹൈക്കോടതി കുറ്റാരോപിതന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.
കേസിന്റെ തുടക്കം മുതല്‍ രാഹുലിന്റെ സുഹൃത്തായ ഷബ്ന മുഹമ്മദ് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിളിച്ചുകൊണ്ടിരുന്നു. ജാമ്യം കിട്ടിയതിന് ശേഷം പ്രതിയും സുഹൃത്തുക്കളും ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ഇതിനിടെ തന്നെ വഞ്ചിച്ച അതേ രീതിയില്‍ മലബാര്‍ സ്വദേശിനിയായ മറ്റൊരു പെണ്‍കുട്ടിയേയും ഇയാള്‍ വഞ്ചിച്ചെന്ന് അറിയാന്‍ കഴിഞ്ഞു. ഒരേ സമയത്ത് പല സ്ത്രീകള്‍ക്ക് ഇയാള്‍ വിവാഹവാഗ്ദാനം നല്‍കിയിരുന്നു. ഇവരുടെ പ്രവര്‍ത്തികളില്‍ തകര്‍ന്നു പോയ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തുടര്‍ന്ന് ലിസി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ചികിത്സയിലായിരുന്ന സമയത്ത് ഷബ്ന മുഹമ്മദ് വിളിച്ചു. താന്‍ രാഹുലിനോട് സംസാരിക്കണമെന്നായിരുന്നു അവരുടെ ഏറ്റവും ആദ്യത്തെ പ്രതികരണം. താന്‍ ആശുപത്രി വിട്ട ദിവസം ഷബ്ന ഫ്ളാറ്റിലെത്തി മാര്ട്ടിന് പ്രക്കാട്ടിന്റെ ഫ്ളാറ്റിലേക്ക് ചെന്ന് പ്രക്കാട്ടിനെ കാണണമെന്ന് നിര്‍ബന്ധിക്കുകയും തീരെ വയ്യായിരുന്നെങ്കിലും അവര്‍ അവിടേക്ക് കൊണ്ടുപോയെന്നും യുവതി പറയുന്നു. മാര്ട്ടിന് പ്രക്കാട്ടിനൊപ്പം രാഹുലും ഉണ്ടായിരുന്നു. അവര്‍ മൂന്ന് പേരും ചേര്‍ന്ന് നേരിട്ടും അല്ലാതേയും കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് സ്വാധീനിക്കാന്‍ ശ്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഹുല്‍ ഉറപ്പായും ജയിലില്‍ പോകുമെന്നും താന്‍ പരിഗണിച്ചില്ലെങ്കില്‍ രാഹുല്‍ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് അവര്‍ എന്നെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിച്ചു. ലോക് ഡൗണ്‍ സമയത്ത് വിഷയം മുഴുവനായി താന്‍ അറിഞ്ഞെന്നും പക്ഷെ ഞാന്‍ രാഹുലിനെതിരെ കേസ് കൊടുക്കുമെന്ന് കരുതിയില്ലെന്നും മാര്ട്ടിന് പ്രക്കാട്ട് പറഞ്ഞു.
സിനിമാ ഇന്‍ഡസ്ട്രിയില്‍ ഇതൊരു സാധാരണ സംഗതിയാണെന്നും രാഹുലിന്റെ മോശം പ്രവൃത്തികളേക്കുറിച്ചും ഒരേ സമയത്ത് പല സ്ത്രീകളോട് വിവാഹം കഴിക്കാമെന്ന ഉറപ്പ് നല്‍കിയിരുന്നതിനേക്കുറിച്ചും തനിക്ക് അറിയാമായിരുന്നെന്നും പ്രക്കാട്ട് പറയുകയുണ്ടായി. മുന്‍കൂര്‍ ജാമ്യം കിട്ടുന്നതുവരെ അറസ്റ്റ് ഒഴിവാക്കാന്‍ കാക്കനാട്, മൂവാറ്റുപുഴ, വയനാട് എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയാന്‍ രാഹുലിനെ സഹായിച്ചതിനേക്കുറിച്ചും മാര്ട്ടിന് പ്രക്കാട്ട് വെളിപ്പെടുത്തി. കേസ് തന്നേയും ബാധിക്കുമെന്നും നിയമനടപടിയില്‍ നിന്ന് പിന്മാറുകയോ രാഹുലിന് അനുകൂലമായി മൊഴി തിരുത്തുകയോ വേണമെന്ന് മാര്ട്ടിന് പ്രക്കാട്ട് അഭ്യര്‍ത്ഥിച്ചുവെന്നും യുവതി വെളിപ്പെടുത്തി. അന്വേഷണസംഘത്തിന് മുന്‍പാകെ ഒപ്പിടേണ്ടതിന് മുന്നേ രാഹുലിനെ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. കുറ്റാരോപിതനായ രാഹുല്‍ മലയാളം സിനിമാ സംവിധായകനും നിര്‍മ്മാതാവുമായ മാര്ട്ടിന് പ്രക്കാട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ്. രാഹുലിനെതിരെ നല്കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മാര്ട്ടിന് പ്രക്കാട്ടും സഹപ്രവര്‍ത്തകയായ ഷബ്നയും രാഹുലിന്റെ അമ്മയും മാര്ട്ടിന് പ്രക്കാട്ടിന്റെ ഫ്ളാറ്റില്‍ പല തവണ എന്നെ കണ്ട് കൂടിക്കാഴ്ച്ച നടത്തി. അന്വേഷണം തുടരുന്നതിനാല്‍ മാര്ട്ടിന് പ്രക്കാട്ടിനോ പ്രതിയായ രാഹുലിനോ എന്റെ ഫ്ളാറ്റ് സന്ദര്‍ശിക്കാന്‍ പാടില്ലാത്തതിനാല്‍ മാര്ട്ടിന് പ്രക്കാട്ടിന്റെ ഫ്ളാറ്റില്‍ ചെന്ന് കാണാന്‍ അവര്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു.
അന്വേഷണം അവസാനിച്ച ഒക്ടോബര്‍ 29ന് രാത്രി സൂപ്പര്‍ മാര്‍ക്കറ്റില്‍ വെച്ച് കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ എന്നോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസ് പിന്‍വലിക്കുകയോ മൊഴി മാറ്റുകയോ ചെയ്തില്ലെങ്കില്‍ തകരാറുള്ള എന്റെ ഇടുപ്പെല്ല് തകര്‍ക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. രാഹുല്‍ അപായപ്പെടുത്തുമെന്ന് ഭയപ്പെട്ടിരുന്നതായും മാര്ട്ടിന് പ്രക്കാട്ടിന് വേണ്ടി പല കാര്യങ്ങളും ചെയ്തതിനേക്കുറിച്ചും പ്രശ്നമുണ്ടാകുമ്പോള്‍ ആളുകളെ കൈകാര്യം ചെയ്യുന്നതിനേക്കുറിച്ചും രാഹുല്‍ എന്നോട് പറഞ്ഞതും ഏറെ ഭയമുണ്ടാക്കിയതായി യുവതി പറയുന്നു. കേസ് പിന്‍വലിച്ചില്ലെങ്കില്‍ തന്റെ അറിവോടെയല്ലാതെ പകര്‍ത്തിയ നഗ്ന ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ ഇടുമെന്നും ജീവിതം തകര്‍ത്തുകളയുമെന്നും താന്‍ നാണം കെട്ട് മരിക്കുമെന്നും ഭീഷണിപ്പെടുത്തി. രാഹുലിന്റെ കൈയില്‍ ചിത്രങ്ങളുണ്ടോ, ഭീഷണിപ്പെടുത്താന്‍ പറഞ്ഞതാണോയെന്ന് അറിയില്ല. പ്രതിയുടെ ഈ പ്രവൃത്തിയെ തുടര്‍ന്ന് പാനിക് അറ്റാക്കുണ്ടാകുകയും തുര്‍ന്ന് നവംബര്‍ 11ന് എന്നെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. മണി പവറും മസില് പവറുമുള്ള പ്രതി അടുപ്പക്കാരുടെ സഹായത്തോടെ തന്നെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന് വേണ്ടി ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയുമാണ്.
മലയാള സിനിമാ മേഖലയുമായി ബന്ധമുള്ള പ്രതിക്ക് രാഷ്ട്രീയ സ്വാധീനവുമുണ്ട്. എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നു. പ്രതിയ്ക്കെതിരെ നല്‍കിയിരിക്കുന്ന പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയുടെ സുഹൃത്തുക്കളും എന്നില്‍ സമ്മര്‍ദ്ദം ചെലുത്തി. ശക്തരായ ഇവരോട് ഒറ്റയ്ക്ക് പോരാടാന്‍ ഞാന്‍ നിസ്സഹായ ആയിരുന്നു. നീതിക്ക് വേണ്ടി ഒരു അഭിഭാഷകനെ സമീപിക്കുകയും പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആലുവ ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കുകയും ചെയ്തു. ഫെബ്രുവരി 11ന് കോടതി ഉത്തരവായി. ഓഗസ്റ്റ് 17ന് ഹൈക്കോടതി നല്കിയ ജാമ്യം മജിസ്ട്രേറ്റ് കോടതി റദ്ദാക്കുകയും പ്രതിക്കെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തു. ഇതുവരേയ്ക്കും പ്രതിയ്ക്കെതിരെ പൊലീസ് നടപടിയെടുത്തിട്ടില്ല. മാത്രമല്ല, പ്രതിയ്ക്ക് നീതിന്യായ വ്യവസ്ഥയില്‍ നിന്ന് ഒളിച്ചോടാന്‍ തക്ക വിധത്തില്‍ സമയം അനുവദിച്ചുകൊടുക്കുകയും ചെയ്തു. ഞാന്‍ കേസ് കൊടുത്ത് ആദ്യമായല്ല ഇങ്ങനെ സംഭവിക്കുന്നത്. അറിയപ്പെടുന്ന, പണവും സ്വാധീനവുമുള്ള ഒരു സെലിബ്രിറ്റിയുടെ പിന്തുണയുള്ള പ്രതിയ്ക്കെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പൊലീസ് ഒരിക്കലും തയ്യാറായിരുന്നില്ല. ഇരയായ ഞാന്‍ നീതികിട്ടുമെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. ആലുവ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മിജസ്ട്രേറ്റ് കോടതി ഉത്തരവ് പ്രകാരം ഭരണകൂടസംവിധാനം നീതി ഉറപ്പാക്കിത്തരണമെന്ന് അഭ്യര്‍ത്ഥന നടത്തുകയും ചെയ്യുന്നു എന്നാണ് യുവതി പറയുന്നത്.
