Malayalam
മമ്മൂട്ടി നിര്‍ദ്ദേശിച്ച നായികയെ കണ്ട് സംവിധായകന്റെ കിളി പോയി!; 25 വര്‍ഷങ്ങള്‍ക്കിപ്പുറം അറിയാക്കഥകളുമായി ‘അഴകിയ രാവണന്‍’
മമ്മൂട്ടി നിര്‍ദ്ദേശിച്ച നായികയെ കണ്ട് സംവിധായകന്റെ കിളി പോയി!; 25 വര്‍ഷങ്ങള്‍ക്കിപ്പുറം അറിയാക്കഥകളുമായി ‘അഴകിയ രാവണന്‍’
1996 ല്‍ കമല്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി പുറത്തിറങ്ങിയ ചിത്രമായിരുന്നു അഴകിയ രാവണന്‍. തിയേറ്ററുകളില്‍ പ്രതീക്ഷിച്ച അത്ര വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മിനിസ്‌ക്രീനില്‍ നിരവധി പ്രേക്ഷകരെയാണ് ചിത്രം നേടിയെടുത്തത്. മികച്ച കഥയായിട്ടും പല കാരണങ്ങള്‍ കൊണ്ടും തിയേറ്ററുകളില്‍ സിനിമ ശ്രദ്ധിക്കാതെ പോയി. ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി 25 വര്‍ഷം പിന്നിടുമ്പോള്‍ സിനിമയെ കുറിച്ചുള്ള ചില അറിയാ കഥകള്‍ പുറത്തു വരുകയാണ്.
അഴകിയ രാവണനിലെ അനുരാധയെ മറവത്തൂര്‍ കനവിലെ ചാണ്ടി കുഞ്ഞ് പ്രണയിച്ചാല്‍ എങ്ങനെയിരിക്കും? ഇതായിരുന്നു അഴകിയ രാവണന്റെ ആദ്യ കഥ. എന്നാല്‍ അത് പിന്നീട് മുന്നോട്ട് പോയില്ല. അങ്ങനെയാണ് കുട്ടിശങ്കരന്‍ എന്ന ശങ്കര്‍ ദാസിന്റെ കഥയിലെത്തിയത്. ഭൂമികുലുക്കിപ്പക്ഷി എന്നായിരുന്നു ചിത്രത്തിന് ആദ്യം ആലോചിച്ച പേര്. എന്നാല്‍ ചിത്രീകരണത്തിന് ശേഷം പേരുമാറ്റി.
ചിത്രത്തില്‍ ഭാനു പ്രിയയെ ആയിരുന്നില്ല ആദ്യം നായികയായി പരിഗണിച്ചിരുന്നത്. ശില്‍പ ശിരോദ്കര്‍ മുതല്‍ കനക വരെയുള്ള നായികമാരെ ചിത്രത്തിനായി അന്ന് പരിഗണിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയാണ് ചിത്രത്തിലേയ്ക്ക് നായികയെ നിര്‍ദ്ദേശിച്ചത്. തെലുഗ് -കന്നഡ നടിയായ മാലാശ്രീയെ ആയിരുന്നു മമ്മൂട്ടി നായികയായി നിര്‍ദ്ദേശിച്ചത്. സൂര്യപുത്രലു എന്ന തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം മാലാശ്രീ മുന്‍പ് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ സംവിധായകന്‍ കമല്‍ ആ നടിയെ കുറിച്ച് മുന്‍പ് കേട്ടിട്ടുമില്ലായിരുന്നു.
മമ്മൂട്ടിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ കരാറൊപ്പിട്ട് ഡേറ്റ് വാങ്ങി. ചേര്‍ത്തലയിലെ സെറ്റിലെത്തിയ മാലാശ്രീയെ കണ്ടതും കമല്‍ ധര്‍മ്മസങ്കടത്തിലാവുകയായിരുന്നു. ചിത്രത്തിലെ കഥാപാത്രമായ അനുരാധയ്ക്ക് ഒട്ടും ചേരാത്ത ആകാരമായിരുന്നു മാലാശ്രീയുടേത്. കൂടാതെ നടിയ്ക്ക് മലയാളവും ശരിയായിരുന്നില്ല. മമ്മൂട്ടിക്കും സ്ഥിതി മനസ്സിലായി. ഒടുവില്‍ നടിയോട് തന്നെ കാര്യം പറഞ്ഞു. മലയാളം ഉച്ചാരണം പ്രശ്‌നമാണെന്ന് മാലാശ്രീക്കും ബോധ്യപ്പെട്ടു തുടര്‍ന്ന് മാന്യമായി പിന്‍മാറുകയായിരുന്നു. സുകന്യ മുതല്‍ ഗൗതമി വരെയുള്ള നടിമാര്‍ക്ക് വേണ്ടി ശ്രമിച്ചിരുന്നു. എന്നാല്‍ ആര്‍ക്കും ഒഴിവില്ലായിരുന്നു. പിന്നീടാണ് ചിത്രത്തിലേയ്ക്ക് ഭാനുപ്രിയ എത്തുന്നത്. ഭാനുപ്രിയയെ വിളിച്ചതിന്റെ തൊട്ട് അടുത്ത ദിവസം തന്നെ നടി സെറ്റിലെത്തുകയായിരുന്നു.
അതുവരെ കണ്ടു വന്ന മമ്മൂട്ടിയെ ആയിരുന്നില്ല അഴകിയ രാവണനില്‍ കണ്ടത്. മമ്മൂട്ടിയുടെ കോമിക് വേഷം സ്വീകരിക്കാന്‍ ആളുകള്‍ അല്‍പം മടി കാണിച്ചിരുന്നു. കൂടാതെ അക്കാലത്തെ പ്രമുഖ ദഷിണേന്ത്യന്‍ സിനിമാ നിര്‍മ്മാതാവിനെ അനുസ്മരിപ്പിക്കുന്ന വേഷവിധമാണ് ആദ്യം മമ്മൂട്ടിയുടെ കഥാപാത്രത്തിനായി ഉദ്യേശിച്ചത്. എന്നാല്‍ ആ വേഷംകെട്ടാന്‍ മമ്മൂട്ടി തയ്യാറായിരുന്നില്ല. കഥാപാത്രത്തിനു ബുദ്ധിയില്ലെങ്കിലും സ്‌റ്റൈലിഷ് ലുക്ക് വേണമെന്നു മമ്മൂട്ടിക്കും നിര്‍ബന്ധമുണ്ടായിരുന്നു. ആ കഥാപാത്രവും വേഷവും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
ഇവിടെ പാലുകാച്ച്, അവിടെ താലികെട്ട്’, ‘പോലീസിനെന്താ ഈ വീട്ടില്‍ കാര്യം’ തുടങ്ങിയ പ്രയോഗങ്ങള്‍ ഇപ്പോഴും പ്രേക്ഷകരുടെ ഇടയില്‍ വൈറലാണ്. തോന്നക്കല്‍ പഞ്ചായത്തിലെ അരി മുഴുവന്‍ പെറുക്കിയ’ കരയോഗം പ്രസിഡന്റ് ഇന്നും പ്രേക്ഷകരുടെ ഇഷ്ട കഥാപാത്രമാണ്. അഴകിയ രാവണനില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച ടെയിലര്‍ അംബുജാക്ഷന്റെ നോവലായ ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന്ന പേരില്‍ ഒരു ചിത്രം പിന്നീട് റിലീസ് ആകുകയും ചെയ്തിരുന്നു.
