Malayalam
‘അവര്‍ കര്‍ഷകര്‍ അല്ല തീവ്രവാദികളാണ്’; കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച റിഹാനയ്ക്കെതിരെ കങ്കണ
‘അവര്‍ കര്‍ഷകര്‍ അല്ല തീവ്രവാദികളാണ്’; കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച റിഹാനയ്ക്കെതിരെ കങ്കണ
ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ച് പോപ് സ്റ്റാര്‍ റിഹാന രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ റിഹാനയ്ക്കെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ റണാവത്ത്. കര്‍ഷക സമരത്തെ തുടര്‍ന്നുണ്ടായ ഇന്റര്‍നെറ്റ് വിലക്കിന്റെ വാര്‍ത്ത പങ്കുവെച്ചാണ് റിഹാന സമരത്തിന് പിന്തുണ അറിയിച്ചത്. എന്താണ് നമ്മള് ഇതേ പറ്റി സംസാരിക്കാത്തത് എന്നായിരുന്നു ട്വീറ്റ്.
അതേ കുറിച്ച് ആരും സംസാരിക്കാത്തത് കര്‍ഷകര്‍ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളായതു കൊണ്ടാണെന്നാണ് ട്വീറ്റിന് കങ്കണ നല്കിയ മറുപടി. ‘ആരും ഇതേ പറ്റി സംസാരിക്കാത്തത് അവര്‍ കര്‍ഷകര്‍ അല്ലാത്തതു കൊണ്ടാണ്. രാജ്യത്തെ വിഭജിച്ചക്കാന് ശ്രമിക്കുന്ന തീവ്രവാദികളാണവര്‍. അതിലൂടെ യുഎസ്എ പോലെ ഇന്ത്യയെയും ചൈനയുടെ കോളനിയാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. നിങ്ങള്‍ വിഡ്ഢികളെ പോലെ ഞങ്ങള്‍ രാജ്യത്തെ വില്ക്കാന് ഉദ്ദേശിക്കുന്നില്ല.’ എന്നും കങ്കണ പറഞ്ഞു.
കര്‍ഷക സമരത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളെ കാരണം ദില്ലിയുടേയും ഹരിയാനയുടേയും പ്രധാനഭാഗങ്ങളിലെല്ലാം തന്നെ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷാപ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഇന്റര്‍നെറ്റ് റദ്ദാക്കിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
അതേസമയം ഫെബ്രുവരി ആറിന് രാജ്യവ്യാപകമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. സംസ്ഥാന-ദേശീയ പാതകള്‍ തടഞ്ഞ് ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് മൂന്നുമണിവരെയാണ് പ്രതിഷേധമെന്ന് കര്‍ഷക സംഘടനകളുടെ സംയുക്ത ബോഡിയായ സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
