Malayalam
തുറിച്ചു നോട്ടവും വെളുക്കാനുള്ള ഉപദേശങ്ങളും, ഫോട്ടോഷൂട്ടിനു പിന്നില്‍!; വൈറലായ ‘എണ്ണക്കറുപ്പിന് ഏഴഴകി’ പറയുന്നു
തുറിച്ചു നോട്ടവും വെളുക്കാനുള്ള ഉപദേശങ്ങളും, ഫോട്ടോഷൂട്ടിനു പിന്നില്‍!; വൈറലായ ‘എണ്ണക്കറുപ്പിന് ഏഴഴകി’ പറയുന്നു
കറുപ്പിനെ കുറിച്ച് വര്‍ണനകള്‍ ഏറെയാണ്. കവി ഭാവനയില്‍ നിറഞ്ഞു നില്ക്കുന്ന കറുപ്പിനെ ആസ്വദിക്കുന്നവരും കറുപ്പ് കണ്ടാല്‍ മുഖം ചുളിക്കുന്നവരും ഉണ്ട്. നമ്മുടെ സമൂഹം ഇന്നും വെളുത്ത നിറത്തെയാണ് സൗന്ദര്യ സങ്കല്പ്പമായി കാണുന്നത്. അവിടെ കറുപ്പ് ഒരു പടി താഴെ തന്നെയാണ്. സുഹൃത്തുക്കള്‍ക്കിടയിലെ കളിയാക്കലുകള്‍ മുതല്‍ കുടുംബത്തിലും സമൂഹത്തിലും ജോലി സ്ഥലത്തും നേരിടേണ്ടി വരുന്ന അവഗണനകളും ഏറെയാണ്. സൗന്ദര്യ സങ്കല്‍പ്പമായ വെളുത്ത നിറക്കാരുടെ മാത്രം കുത്തകയായിരുന്ന ഫോട്ടോഷൂട്ട് എന്ന മേഖലയിലേയ്ക്ക് എത്തി വൈറലായി മാറിയ ഒരു പെണ്‍കുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അപ്പോള്‍ മുതല്‍ സോഷ്യല്‍ മീഡിയ തിരക്കിയ ആ ‘ഏഴഴകി’ ആണ് കാജല്‍ ജനിത് എന്ന പത്താം ക്ലാസുകാരി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക തുറിച്ചു നോട്ടങ്ങളും വെളുക്കാന്‍ നല്കുന്ന ഉപദേശങ്ങളും തുടങ്ങി കറുത്ത വസ്ത്രങ്ങള്‍ ധരിക്കരുതെന്നു പറയുന്നവര്‍ വരെ അങ്ങനെ തന്റെ കറുപ്പിനെ ഓരോരുത്തരും എങ്ങനെയാണ് കണ്ടിരുന്നെന്ന് പറയുകയാണ് കാജല്‍ ഇപ്പോള്‍. സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട പോസ്റ്റ് വഴിയായിരുന്നു കാജലിന്റെ തുറന്നു പറച്ചില്.
കാജലിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്,
ഞാന്‍ കാജല്‍ ജനിത്. പത്തില്‍ പഠിക്കുന്നു. ഞാനെന്താണോ എങ്ങിനെയാണോ അതില്‍ ഞാന്‍ അഭിമാനിക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. color discrimination പെട്ടെന്നൊന്നും നമ്മുടെ സമൂഹത്തില്‍ നിന്നും മാറുമെന്ന് തോന്നുന്നില്ല. ചെറുതായിരുന്നപ്പോള്‍ മുതല്‍ ഞാനും അതിന്റെ ബുദ്ധിമുട്ടുകള്‍ അറിഞ്ഞിട്ടുണ്ട്. തുറിച്ചു നോട്ടങ്ങളും വെളുക്കാന്‍ നല്കുന്ന ഉപദേശങ്ങളും. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വക.അമ്മയോട് കറുത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കരുതെന്നു പറഞ്ഞ ബന്ധുക്കള്‍ എന്റെ കറുപ്പിനെ എങ്ങിനെ കണ്ടിരുന്നു എന്നോര്‍ത്താല്‍ ചിരി വരും ഇപ്പോള്‍.കുറച്ചു മുതിര്‍ന്നപ്പോള്‍ മനസ്സിലായി മറ്റുള്ളവരുടെ കാഴ്ചപ്പാടുകളുടെ തകരാറുകള്‍ നമ്മുടെ സന്തോഷങ്ങളെ ബാധിക്കാനുള്ള ഇട നല്‍കരുതെന്ന്. color, gender, caste discriminations തുറന്നു കാട്ടുന്നത് നമ്മുടെ സമൂഹത്തിന്റെ സങ്കുചിത മനോഭാവത്തെ ആണ്.
7വര്‍ഷമായി ഞാന്‍ wrestling പഠിക്കുന്നു. അത് എനിക്ക് സന്തോഷവും ആത്മവിശ്വാസവും തരുന്ന ഒന്നാണ്. അതില്‍ എന്റെ കോച്ച് സതീഷ് സാറിനോട് ഒരുപാട് സ്നേഹവും respect ഉം ഉണ്ട്. പിന്നൊരിഷ്ടം ആഹാരത്തോടാണ്. നന്നായി ആസ്വദിച്ച് ആഹാരം കഴിക്കുന്ന ഒരാളാണ് ഞാന്‍. അതുപോലെ തന്നെ പാചകവും. വിദ്യാഭ്യാസത്തിനു ശേഷം മനസ്സിന് കൂടി സന്തോഷം തരുന്ന ഒരു ജോലി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. അതില്‍ ആദ്യ സ്ഥാനം ഒരു ഷെഫ് ആകുക എന്നതാണ്. സിനിമ കാണല്‍ മറ്റൊരിഷ്ടമാണ്. പിന്നെ വണ്ടികളോടും. അത് സൈക്കിള്‍ മുതല്‍ എല്ലാം. എന്നെ സംബന്ധിച്ച് 18 വയസ്സാകുമ്പോള്‍ പെട്ടെന്നൊരു ദിവസം ഉണ്ടാകേണ്ടതല്ല വ്യക്തിബോധവും സ്വാതന്ത്ര്യവും രാഷ്രീയ കാഴ്ചപ്പാടുകളും. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവ സ്വന്തമായി തിരിച്ചറിഞ്ഞു മനസ്സിലാക്കേണ്ടതാണ്. അനുകൂല സാഹചര്യങ്ങളിലൂടെ മാത്രം ജീവിച്ചു വന്ന ഒരാളല്ല ഞാന്‍. ഒരുപാടൊന്നും അനുഭവങ്ങളില്ലെങ്കിലും. ഒരു വ്യക്തി, ഒരു പെണ്‍കുട്ടി എന്നാ നിലയില്‍ കഴിയുന്നതും അവനവന്റെ കാര്യങ്ങള്‍ക്കു മറ്റുള്ളവരെ ഒരു പരിധിവരെ ആശ്രയിക്കാതെ ജീവിക്കാന്‍ പഠിക്കണം. അതിനു പരമാവധി ശ്രമിക്കുന്നുമുണ്ട്. ഹൈ സ്കൂള്‍ വിദ്യാഭ്യാസത്തോടൊപ്പം ചെറിയ രീതിയിലുള്ള തൊഴില്‍ പരിശീലനങ്ങളും ചെറിയ ചെറിയ ജോലികള്‍ ചെയ്യാനുള്ള അവസരങ്ങളും നമ്മുടെ നാട്ടിലും ഉണ്ടാകേണ്ടതാണ്.
സമൂഹത്തില്‍ മാറ്റം വരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്ന ചില കാര്യങ്ങളുണ്ട്. അതിലൊന്ന് മാനസിക ആരോഗ്യത്തെ കുറിച്ചാണ്. ശരീരത്തിന് അസുഖം വന്നാലെന്ന പോലെ തന്നെയാണ് മനസ്സിനും. ആവശ്യമായ ചികിത്സയും മരുന്നും നല്കി ഭേദമാക്കപ്പെടേണ്ട ഒന്ന്. പക്ഷെ ഇപ്പോഴും പരിഷകൃത സമൂഹം എന്ന് കരുതുന്ന നമ്മള് മാനസിക ആരോഗ്യ ചികിത്സയോട് മുഖം തിരിച് നില്ക്കുന്നു. രോഗിയെ തീര്‍ത്തും അവഗണിച് ഒറ്റപ്പെടുത്തുന്നു. അവരുടെ കുടുംബാംഗംങ്ങളോട് പോലും അതേ മനോഭാവം കാണിക്കുന്നു. ഈ രീതിക്ക് മാറ്റം വരുത്താനായി ചെറുതെങ്കിലും എന്നെക്കൊണ്ട് കഴിയാവുന്ന കാര്യങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. ഞാന്‍ എനിക്ക് ഉണ്ടാക്കിയെടുക്കണമെന്ന് ആഗ്രഹിക്കുന്നതും ഇതുവരെ നടപ്പിലാക്കാത്തതുമായ ഒരു ശീലം പുസ്തകം വായന ആണ്. ഈ ലോക്ക് ഡൗണില്‍ ആണ് ആദ്യ പുസ്തകം വായന. അത് ”നാദിയ മുറാദ് ‘ നെ കുറിച്ചുള്ളതായിരുന്നു. അധികമൊന്നും പുറകോട്ടുള്ള കാലത്തിലല്ല അത് നടക്കുന്നത് എന്നുള്ളത് അത്ഭുതവും ഞെട്ടലും ഉണ്ടാക്കി. ഒപ്പം നമ്മളിന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം എത്ര വിലപ്പെട്ടതാണെന്നും അതിനോടുള്ള ഉത്തരവാദിത്തം വലുതാണെന്നുള്ളതും. എന്റേത് ഒരു ജോയിന്റ് ഫാമിലി ആണ്. ഒന്‍പതു പേരടങ്ങുന്ന കുടുംബം. അരുതുകളുടെ വേലിയേറ്റങ്ങളില്ലാതെ വളര്‍ന്നു വരാനുള്ള സാഹചര്യം സപ്പോര്‍ട്ട് എല്ലാം അവരാണ്. ചങ്ക് ചേട്ടായി arun vijay ഇട്ട എന്റെ ഫോട്ടോക്ക് ഒരുപാട് കമന്റ്സ് വന്നു. നല്ലതും മോശവും. എല്ലാം അതിന്റെതായ രീതിയില്‍ കാണുന്നു എന്നും കാജല്‍ പറഞ്ഞു നിര്‍ത്തി.
