Malayalam
‘ക്ലാസ്മേറ്റ്സി’ന്റെ രണ്ടാം ഭാഗം ഉടന്‍ ? വീണ്ടും റസിയയായി രാധിക, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
‘ക്ലാസ്മേറ്റ്സി’ന്റെ രണ്ടാം ഭാഗം ഉടന്‍ ? വീണ്ടും റസിയയായി രാധിക, ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
By
മലയാളികള്‍ മറക്കാത്ത ചിത്രങ്ങളില്‍ ഒന്നാണ് ക്ലാസ്മേറ്റ്സ്. കോളേജ് കാലഘട്ടത്തിലെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രത്തെ പ്രേക്ഷകര്‍ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തില്‍ വളരെ പ്രാധാന്യമുളള കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് കൂടുതല്‍ സുപരിചിതയായ താരമാണ് രാധിക. ചിത്രത്തില്‍ റസിയ എന്ന കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചിരുന്നത്. വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന രാധിക സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇപ്പോഴിതാ താരം പങ്കിട്ട ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തന്റെ പഴയകഥാപാത്രമായ റസിയയെ പുനരാവിഷ്കരിച്ചാണ് രാധിക എത്തിയിരിക്കുന്നത്. ക്ലാസ്മേറ്റ്സ് റീലിസ് ചെയ്ത് പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രാധിക വീണ്ടും റസിയ ആയി എത്തയിരിക്കുന്നത്. രാധിക തന്നെയാണ് റസിയായിട്ടുളള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിക്കുന്നത്. കറുത്ത പര്‍ദയണിഞ്ഞ് നടത്തിയ ഫോട്ടോഷൂട്ട് ജയപ്രകാശ് പയ്യന്നൂര്‍ എന്ന ഫോട്ടോഗ്രാഫറാണ് എടുത്തിരിക്കുന്നത്. രാധികയുടെ ചിത്രങ്ങള്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കുളളിലാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ക്ലാസ്മേറ്റ്സിന്റെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടോ? പുതിയ ചിത്രത്തിനു വേണ്ടിയാണോ എന്നിങ്ങനെയുള്ള സംശയങ്ങള്‍ ആരാധകര്‍ ചോദിക്കുന്നുണ്ടെങ്കിലും താരം പ്രതികരിച്ചിട്ടില്ല.
2006ലായിരുന്നു ലാല്‍ജോസിന്റെ സംവിധാനത്തില്‍ ക്ലാസ്മേറ്റ്സ് പുറത്തിറങ്ങിയത്. രാധികയ്ക്കൊപ്പം പൃഥ്വിരാജ് , ജയസൂര്യ, ഇന്ദ്രജിത്ത്, നരേന്, കാവ്യാ മാധവന് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തി. ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലാണ് ലാല്‍ജോസ് ക്ലാസ്മേറ്റ്സ് എടുത്തത്. ചിത്രം തിയേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. അഭിനയിച്ച താരങ്ങളുടെയെല്ലാം കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. ഒപ്പം അലക്സ് പോള്‍ ഒരുക്കിയ ക്ലാസ്മേറ്റ്സിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടു. രാജീവ് രവി ഛായാഗ്രണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വ്വഹിച്ച ചിത്രമായിരുന്നു ക്ലാസ്മേറ്റ്സ്.
മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്ന വിയറ്റ്നാം കോളനിയില്‍ ബാലതാരമായി തുടക്കം കുറിച്ച താരമാണ് രാധിക. തുടര്‍ന്ന് ഇരുപത്തഞ്ചിലധികം സിനിമകളില്‍ നടി അഭിനയിച്ചു. നായികയായും സഹനടിയായും ചെറിയ റോളുകളിലുമൊക്കെ രാധിക മോളിവുഡില്‍ എത്തിയിരുന്നു. 2016ലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. വിവാഹ ശേഷം സോഷ്യല്‍ മീഡിയയില്‍ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചും രാധിക സജീവമായിരുന്നു. രാധിക റസിയ എന്ന പേരിലാണ് നടിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട്.
