Malayalam
മലയാളത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ‘മാസ്റ്റര്‍’ നായിക മാളവിക മോഹനന്
മലയാളത്തില്‍ അഭിനയിക്കാത്തതിന്റെ കാരണം പറഞ്ഞ് ‘മാസ്റ്റര്‍’ നായിക മാളവിക മോഹനന്
By
നീണ്ട പത്ത് മാസങ്ങള്‍ക്ക് ശേഷം തിയേറ്ററുകളില്‍ വീണ്ടും ആരവമുയരുമ്പോള്‍ മലയാളികള്‍ക്ക് സന്തോഷിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. വിജയുടെ നായികയായി തെന്നിന്ത്യയില്‍ വീണ്ടും തിളങ്ങുകയാണ് മാളവിക മോഹനന്. 2013ല്‍ ഛായാഗ്രാഹകനായ അഴഗപ്പന്റെ ആദ്യത്തെ സംവിധാന സംരംഭമായ പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ക്കര്‍ സല്‍മാന്റെ നായികയായിട്ടായിരുന്നു മാളവികയുടെ തുടക്കം. തുടര്‍ന്ന് നിര്‍ണ്ണായകം എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെയും നായികയായി മലയാള ചലതച്ചിത്രത്തലോകത്ത് തിളങ്ങി നിന്ന താരത്തിന് നിര്‍ണ്ണായകത്തിലെ അഭിനയത്തിന് ജേസി അവാര്‍ഡിന്റെ പ്രത്യേക ജൂറി പുരസ്ക്കാരവും ലഭിച്ചു.
മാസ്റ്റര്‍ വന്‍ ഹിറ്റ് ആയതിന് പിന്നാലെ ചിത്രത്തിന്റെ വിശേഷങ്ങളും സന്തോഷവും പങ്കുവെച്ച് മാളവിക എത്തിയിരുന്നു. മാസ്റ്ററില്‍ ചാരു എന്ന കഥാപാത്രമായാണ് മാളവിക തിളങ്ങിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദളപതിക്കൊപ്പം പ്രാധാന്യമുളള റോളിലാണ് നടി എത്തിയത്. പേട്ട എന്ന രജനീകാന്ത് ചിത്രത്തിന് ശേഷമാണ് മാളവികയ്ക്ക് മാസ്റ്ററിലും അവസരം ലഭിച്ചത്. മലയാളിയായ താരം പ്രശസ്ത ഛായാഗ്രാഹകന്‍ കെയു മോഹനന്റെയും എഴുത്തുകാരി ബീന മോഹന്റെയും മകളാണ്. പയ്യന്നൂരാണ് ഇവരുടെ സ്വദേശം. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുംബൈയിലേക്ക് താമസം മാറിയിരുന്നു നടിയുടെ കുടുംബം. അതേസമയം മാസ്റ്ററിന്റെ വന്‍വിജയത്തിന് പിന്നാലെ ധനുഷിന്റെ പുതിയ ചിത്രത്തിലും നായികയാവാനുളള തയ്യാറെടുപ്പിലാണ് മാളവിക. ഗൃഹലക്ഷ്മിയ്ക്ക് നല്കിയ അഭിമുഖത്തില്‍ മലയാള സിനിമയെ കുറിച്ച് നടി പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. മലയാളത്തില്‍ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ടെന്നാണ് മാളവിക പറയുന്നു.
മമ്മൂക്കയാണ് തന്നെ മലയാള സിനിമയിലേയ്ക്ക് ക്ഷണിക്കുന്നതെന്ന് നടി പറഞ്ഞു. 2013ല്‍ അച്ഛനൊപ്പം പരസ്യം ചെയ്യാന്‍ കേരളത്തില്‍ വന്നപ്പോള്‍ മമ്മൂക്ക ചോദിച്ചു. അഭിനയിക്കാന്‍ താല്പര്യമുണ്ടോയെന്ന്. അങ്ങനെയാണ് പട്ടം പോലെ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയാവുന്നത്. പിന്നീട് നിര്‍ണായകത്തിലും ഗ്രേറ്റ്ഫാദറിലും അഭിനയിച്ചു. അതിന് ശേഷം മലയാള സിനിമ ചെയ്തിട്ടില്ല. ഇവിടെ ഇപ്പോഴും സ്ത്രീകള്‍ക്ക് പ്രാധാന്യമുളള സിനിമകള്‍ക്ക് ക്ഷാമമുണ്ട്. ഷീലാമ്മ, ശോഭന, മഞ്ജു വാര്യര്‍ അവരുടെയൊക്കെ ആദ്യ കാലത്തുണ്ടായ അവസരങ്ങള്‍ ഇപ്പോഴില്ല. മലയാളത്തില്‍ നല്ല കഥകള്‍ ഉണ്ടാവുന്നുണ്ട് എന്നും മാളവിക പറയുന്നു. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും, കുമ്പളങ്ങി നൈറ്റ്സ് ഇതൊക്കെ നല്ല സിനിമകളാണ്. ദിലീഷ് പോത്തനെയും ലിജോ ജോസ് പെല്ലിശ്ശേരിയെയും പോലെ നല്ല സംവിധായകരുണ്ട്. പക്ഷേ സ്ത്രീകള്‍ക്ക് റോളുകളില്ല. പാര്‍വതി അഭിനയിച്ച ഉയരെ എന്ന സിനിമയ്ക്ക് ശേഷം അത്രയും നല്ല സ്ത്രീ സിനിമകള്‍ വേറെ വന്നിട്ടില്ലെന്നാണ് എനിക്ക് തോന്നിയിട്ടുളളത്. നല്ല അവസരങ്ങള്‍ കിട്ടിയാല്‍ ഇനിയും ഞാന്‍ മലയാളത്തില്‍ അഭിനയിക്കും എന്നും അഭിമുഖത്തില്‍ മാളവിക പറഞ്ഞു.
