‘താരപൂജ എന്നൊന്നില്ല’ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തെ തുടര്‍ന്ന് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ നിന്ന് കൂട്ടത്തോടെ ഇറങ്ങി പോയി നേതാക്കള്‍
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ കടുത്ത പരാജയത്തെ തുടര്‍ന്ന് കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യത്തില്‍ കലഹം നിഴലിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ നേതൃനിരയിലെ പ്രമുഖരെല്ലാം പാര്‍ട്ടി വിട്ടുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍.
മൂന്നു വര്‍ഷം മുമ്ബ് രൂപീകരിച്ച കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം തമിഴ്നാട്ടില്‍ 294 സീറ്റിലും മത്സരിച്ചിരുന്നു. എന്നാല്‍, കോയമ്ബത്തൂര്‍ സൗത്തില്‍ നിന്ന് മത്സരിച്ച കമല്‍ഹാസനടക്കമുള്ള ഒരു സ്ഥാനാര്‍ഥിക്കും വിജയിക്കാനായില്ല.
ഇതേ തുടര്‍ന്ന് പാര്‍ട്ടിയില്‍ കലഹം നടന്നു കൊണ്ടിരിക്കുകയായിരുന്നു. ഇതിനു പിന്നാലെ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുകയും ചെയ്തു. താരപൂജ എന്നൊന്നില്ല എന്നാണ് പാര്‍ട്ടിവിട്ട നേതാവ് സി.കെ കുമാരവേല്‍ പറഞ്ഞത്.
വൈസ് പ്രസിഡന്റ് മഹേന്ദ്രന് പാര്‍ട്ടി വിട്ടപ്പോള്‍ വഞ്ചകന് എന്നാണ് കമല്‍ ഹാസന് വിശേഷിപ്പിച്ചത്. വഞ്ചകന്മാരുടെ അപസ്വരങ്ങള്‍ നീങ്ങുന്നതോടെ പാര്‍ട്ടിയുടേത് ഏകസ്വരമായി മാറുമെന്നും ആവശ്യമില്ലാത്ത കളകള്‍ പാര്‍ട്ടിയില്‍ നിന്ന് നീങ്ങുന്നതോടെ പാര്‍ട്ടിയുടെ വളര്‍ച്ച ആരംഭിക്കുമെന്നും കമല്ഹാസന് പറഞ്ഞു.
2019ല്‍ ലോക്സഭ തെരഞ്ഞെടുപ്പിലും മക്കള്‍ നീതി മയ്യം മത്സരിച്ചിരുന്നു. അന്ന് 3.7 ശതമാനം വോട്ടാണ് മക്കള്‍ നീതി മയ്യം നേടിയത്. എന്നാല്‍, നിയമസഭ തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെയും സഖ്യകക്ഷിയായ ബി.ജെ.പിയും ഒരുഭാഗത്ത് നിരന്നു.
അതേസമയം, മറുഭാഗത്ത് സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെയും അണിനിരന്നപ്പോള്‍ കമല്‍ഹാസന്റെ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാകുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ എം.എന്‍.എമ്മിന്റെ വോട്ടിങ് ശതമാനം 2.52 ആയി കുറഞ്ഞു.
