Malayalam
ഇന്നസെന്റിന്റെ ആ തീരുമാനം ആണ് ‘റാംജിറാവു സ്പീക്കിംഗ്’; വെളിപ്പെടുത്തി ലാല്‍
ഇന്നസെന്റിന്റെ ആ തീരുമാനം ആണ് ‘റാംജിറാവു സ്പീക്കിംഗ്’; വെളിപ്പെടുത്തി ലാല്‍
മലയാളികള്‍ ഇന്നും മറക്കാത്ത ചുരുക്കം ചില ചിത്രങ്ങളില്‍ ഒന്നാണ് റാംജിറാവു സ്പീക്കിംഗ്. ഇന്നസെന്റിന്റെ രൂപവും സംസാരശൈലിയും മുന്നില്‍ കണ്ട് എഴുതിയ സിനിമയായിരുന്നു റാംജിറാവു സ്പീക്കിംഗെന്ന് പല അഭിമുഖങ്ങളിലും സംവിധായകന്‍ ലാല്‍ തന്നെ പറഞ്ഞിട്ടുമുണ്ട്.
ഇപ്പോഴിതാ റാംജി റാവു സ്പീക്കിംഗിലെ വേഷം ആദ്യം ഇന്നസെന്റ് നിരസിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം.
തിരക്കഥ പൂര്‍ത്തിയാക്കിയ ശേഷം കഥ പറയാന്‍ താനും സിദ്ദിഖും ഇന്നസെന്റിന് അടുത്തെത്തിയിരുന്നു എന്നും എന്നാല്‍ അദ്ദേഹം ഒഴിഞ്ഞു മാറിയെന്നും ലാല്‍ പറയുന്നു. ഡേറ്റില്ല എന്നതായിരുന്നു പ്രധാന പ്രശ്‌നം. തുടര്‍ന്ന് ഇക്കാര്യം തങ്ങളുടെ ഗുരുവും റാംജിറാവുവിന്റെ നിര്‍മ്മാതാവുമായ ഫാസിലിനോട് പറയുകയായിരുന്നു ഇരുവരും.
ഇന്നസെന്റിനെ കൊണ്ട് സമ്മതിപ്പിക്കാമെന്ന് ഫാസില്‍ സിദ്ദിഖ് ലാലിന് വാക്ക് നല്‍കി. പിന്നാലെ ഭക്ഷണം കഴിക്കാന്‍ മൂന്ന് പേരെയും ഒരുമിച്ച് തന്റെ വീട്ടിലേക്ക് ഫാസില്‍ ക്ഷണിച്ചു.
ഭക്ഷണമെല്ലാം കഴിഞ്ഞ് വിശ്രമിക്കുന്ന സമയത്ത് ഫാസില്‍ ഇക്കാര്യം ഇന്നസെന്റിന് പറയുകയായിരുന്നു. ഇവരുടെ കൈയില്‍ നല്ലൊരു കഥയുണ്ടെന്നും ചിരിയില്‍ പൊതിഞ്ഞാണ് അവരത് അവതരിപ്പിക്കാന്‍ പോകുന്നതെന്നും ഇന്നസെന്റിനോട് ഫാസില്‍ പറഞ്ഞു.
നിങ്ങളെ കേന്ദ്രകഥാപാത്രമാക്കി കൊണ്ട് എഴുതിയ തിരക്കഥയാണ്. ഇന്നസെന്റ് നോ പറഞ്ഞാല്‍ ആ കഥ സിനിമയാവില്ല. പ്രേക്ഷകര്‍ ആവേശത്തോടെ സ്വീകരിക്കുമെന്നുറപ്പുളള ഒരു സിനിമ അവസാനിക്കും.
കഴിവുളള രണ്ട് സംവിധായകരുടെ കടന്നുവരവ് പ്രതിസന്ധിയിലാകും. ഇനി എന്തുവേണമെന്ന് ഇന്നസെന്റിന് തീരുമാനിക്കാം എന്ന് ഫാസില്‍ പറഞ്ഞു.
എന്നാല്‍ അങ്ങനെയൊരു സിനിമ വേണ്ട ഇവരുടെ സിനിമ ഇറങ്ങാത്തതാ നല്ലത് എന്നായിരുന്നു തമാശരൂപേണ ഇന്നസെന്റ് പറഞ്ഞത്. ഇതുകേട്ട് അവിടെ ഉണ്ടായിരുന്നവരെല്ലാം ഒന്ന് പതറി. കളളച്ചിരിയോടെ ഇന്നസെന്റ് വീണ്ടും പറഞ്ഞു, ഈ സിനിമ നടക്കാത്തതാണ് നല്ലത്.
അങ്ങനെയായാല്‍ എന്റെ കുട്ടികള്‍ക്ക് വലുതാവുമ്പോള്‍ അച്ഛനെ കുറിച്ച് പറയാനൊരു കാര്യമുണ്ടാവുമല്ലോ. അപ്പന്‍ അഭിനയിക്കാത്തതകൊണ്ട് ഒരു സിനിമ തന്നെ നടക്കാതെ പോയിട്ടുണ്ട്. രണ്ട് സംവിധായകര്‍ ജനിക്കാതെ പോയി എന്നൊക്കെ. അവര്‍ക്കതൊരു അഭിമാനമായിരിക്കും എന്ന് ഇന്നസെന്റ് പറഞ്ഞതായി ലാല്‍ വെളിപ്പെടുത്തി.
