Actor
ഞാൻ ആർമിയിൽ ചേർന്ന ശേഷം കേരളത്തിൽ നിന്നും ഒരുപാട് പേർ ആർമിയിൽ ചേർന്നു, 40 ശതമാനം വർധനവുണ്ടായി; എനിക്ക് വിരമിക്കൽ ഇല്ല; മോഹൻലാൽ
ഞാൻ ആർമിയിൽ ചേർന്ന ശേഷം കേരളത്തിൽ നിന്നും ഒരുപാട് പേർ ആർമിയിൽ ചേർന്നു, 40 ശതമാനം വർധനവുണ്ടായി; എനിക്ക് വിരമിക്കൽ ഇല്ല; മോഹൻലാൽ
മലയാളുകളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. വലിയൊരു ആരാധകവൃന്തം തന്നെ മോഹൻലാലിനുണ്ട്. പ്രായഭേദമന്യേ എല്ലാവരുടെ ഏട്ടനാണ് മോഹൻലാൽ. 1980 ൽ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ മനസ്സിനെ കീഴടക്കാൻ മോഹൻലാൽ എന്ന നടന് അധികം കാലതാമസം ഒന്നും വേണ്ടി വന്നില്ല. നടനായും സംവിധായകനായും എല്ലാം അദ്ദേഹം മോളിവുഡിന്റെ അഭിമാനമായി നിലനിൽക്കുകയാണ്.
2009 ലാണ് മോഹൻലാലിന് ടെറിട്ടോറിയൽ ആർമിയിലെ ലെഫ്റ്റനന്റ് കേണലായി ബഹുമതി ലഭിക്കുന്നത്. ഇന്ത്യൻ ആർമിയിൽ 122 ഇൻഫെന്ററി ബറ്റാലിയൻ ടിഎ മദ്രാസ് ടീമിലെ അംഗമാണ് മോഹൻലാൽ. ഇപ്പോഴിതാ ഇന്ത്യൻ ആർമിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ. പുതിയ ചിത്രമായ ബറോസിന്റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇതേ കുറിച്ച് പറഞ്ഞത്.
ഞാൻ ആർമിയിൽ കേണൽ ആണ്. ടെറിറ്റോറിയൽ ആർമി എന്ന് പറയും. ആർമിക്ക് വേണ്ടി ഒരുപാട് സിനിമകൾ ഞാൻ ചെയ്തിട്ടുണ്ട്. ഒരു ഗുഡ്വിൽ അംബാസിഡർ പോലെയാണ് എന്റെ സ്ഥാനം. ഞാൻ ആർമിയിൽ ചേർന്ന ശേഷം കേരളത്തിൽ നിന്നും ഒരുപാട് പേർ ആർമിയിൽ ചേർന്നു. 40 ശതമാനം വർധനവുണ്ടായി.
ഇതെന്റെ 17ാമത്തെ വർഷമാണ്. ആർമിക്ക് വേണ്ടി ഞങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു. മെഡിക്കൽ വിംഗുണ്ട്. റെയിൽവേയുണ്ട്. സാമൂഹിക പ്രവർത്തനവുമെല്ലാമുണ്ട്. 122 ടിഎ ഇന്ത്യയിലെ ഏറ്റവും മികച്ച ബറ്റാലിയനുകളിൽ ഒന്നാണ്. ഞാൻ ജോയിൻ ചെയ്ത ശേഷം അറുപതോളം അവാർഡുകൾ ലഭിച്ചു. ആ യൂണിഫോം ധരിക്കുന്നത് എന്റെ ജീവിതത്തിലെ വലിയ നേട്ടമാണ്. എനിക്ക് വിരമിക്കൽ ഇല്ല. കൊവിഡിന്റെ സമയത്ത് പോയിട്ടില്ല.
അല്ലാതെ എല്ലാ വർഷവും പോയി എന്റെ ബോയ്സിനെ കാണും. എയർപോർട്ടിലും മറ്റും പോകുമ്പോൾ റിട്ടയർഡ് ആയ ആളുകൾക്ക് ഞാൻ ആർമി മാൻ ആണെന്ന് അറിയാം. അവർ തരുന്ന സ്നേഹവും ബഹുമാനവും വളരെ വലുതാണെന്നും മോഹൻലാൽ പറഞ്ഞു. അഞ്ച് മലയാള സിനിമകളിലാണ് മോഹൻലാൽ പട്ടാളക്കാരനായി അഭിനയിച്ചത്. കീർത്തിചക്ര, ദൗത്യം, കുരുക്ഷേത്ര, പിൻഗാമി, 1971 ബിയോണ്ട് ബോർഡേർസ് എന്നിവയാണ് ഈ സിനിമകൾ.
അതേസമയം, മമ്മൂട്ടിയും മോഹൻലാലും സിനിമയിലെത്തിയിട്ട് പതിറ്റാണ്ടുകൾ കഴിഞ്ഞു. ഇപ്പോഴും കരുത്തരായി നിൽക്കുന്നതിന്റെ കാരണത്തെക്കുറിച്ച് മോഹൻലാലിന്റെ അഭിപ്രായം എന്താണെന്ന് അഭിമുഖത്തിൽ ചോദിച്ചിരുന്നു. അത് ഒരുപക്ഷേ ഞങ്ങൾ മുൻപ് ചെയ്ത കഥാപാത്രങ്ങളുടെ പിൻബലമാവാം. ഞങ്ങൾക്കൊക്കെ ഭരതൻ, പത്മരാജൻ, അരവിന്ദൻ, മണിരത്‌നം തുടങ്ങിയ മഹാന്മാരായ സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞു.
പുതുതലമുറയിലും നല്ല സംവിധായകരുണ്ട്. പക്ഷേ നല്ല ഇതിവൃത്തം കിട്ടുന്നില്ല എന്നയിടത്താണ് പ്രശ്‌നം. ഞാൻ ഒരു വർഷം 36 സിനിമകൾ വരെ ചെയ്തിട്ടുണ്ട്. അതിൽ ആക്ഷൻ പടങ്ങളും കോമഡി ചിത്രങ്ങളും ആർട്ട് ഫിലിമുകളും ഒക്കെയുണ്ട്. ഒരു സ്ഥിര നിക്ഷേപം പോലെ അന്ന് ചെയ്തുവെച്ച ആ സിനിമകളുടെ പലിശ കൊണ്ടാണ് ഇപ്പോൾ ജീവിക്കുന്നത്.
80 കളിൽ അഭിനയിച്ച തൂവാനത്തുമ്പികൾ ആറുമാസം കൂടുമ്പോഴൊക്കെ കാണാറുണ്ടെന്നും മോഹൻലാൽ പറയുന്നു. വല്ലാത്തൊരു തരം മാന്ത്രികത ആ സിനിമയ്ക്ക് ഉണ്ടെന്നാണ് കരുതുന്നത്. 500ലധികം തവണ ആ സിനിമ കണ്ടവരുണ്ട്. ഇപ്പോഴും ആവർത്തിച്ച് കാണുന്നവരുമുണ്ട്. ഉള്ളടക്കമാണ് ആ സിനിമയുടെ കരുത്ത്. പിന്നെ ശക്തമായ തിരക്കഥ, മേക്കിങ്ങിന്റെ പ്രത്യേകതകൾ.
സിനിമയുടെ ആഖ്യാന രീതിയും ഇതിവൃത്തങ്ങളും മാറി. പക്ഷേ തൂവാനത്തുമ്പികൾ പോലെ ഫീൽ നൽകുന്ന ഒരു സിനിമ ഇനിയുണ്ടാകുമോ എന്നറിയില്ല. മറ്റൊരുതലത്തിൽ ഒരുപക്ഷേ അത്തരം സിനിമകൾ ഇനിയുമുണ്ടായേക്കാം. ഒരു നടന് ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന കഥാപാത്രമാണ് തൂവാനത്തുമ്പികൾ പോലുള്ള സിനിമകളിലേതെന്നും’ മോഹൻലാൽ പറഞ്ഞിരുന്നു.
