Malayalam
അന്ന് നായകനേക്കാള്‍ പ്രതിഫലം വാങ്ങി, തുണിയ്ക്കും കൂടിയ ബ്രഷുകള്‍ക്കും ഒരുപാട് പണം ചെലവാക്കിയിരുന്നുവെന്ന് ഷീല
അന്ന് നായകനേക്കാള്‍ പ്രതിഫലം വാങ്ങി, തുണിയ്ക്കും കൂടിയ ബ്രഷുകള്‍ക്കും ഒരുപാട് പണം ചെലവാക്കിയിരുന്നുവെന്ന് ഷീല
എക്കാലത്തെയും മലയാളികളുടെ പ്രിയ നടിയാണ് ഷീല. പ്രേം നസീര്‍, സത്യന്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂടെ തിളങ്ങി നിന്ന ഷീല കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും മലയാളി മനസുകള്‍ കീഴടക്കി. പെട്ടെന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം നയന്‍താര ജയറാം എന്നിവര്‍ നായിക നായകന്‍മാരായ മനസിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു തിരികെ എത്തിയത്. തുടര്‍ന്ന് മലയാള സിനിമയില്‍ സജീവമാകുകയും ചെയ്തു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഷീല പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.
സിനിമയില്‍ താന്‍ വാങ്ങിയ പ്രതിഫലം അന്നത്തെ സൂപ്പര്‍ താരങ്ങളേക്കാള്‍ മുകളിലായിരുന്നുവെന്നും ആ പണമൊക്കെ എങ്ങനെയാണ് വിനിയോഗിച്ചതെന്നുമാണ് ഷീല പറയുന്നത്. ‘അന്നത്തെ സൂപ്പര്‍ താരങ്ങളേക്കാള്‍ പ്രതിഫലം വാങ്ങിയ നായിക ആയിരുന്നു ഞാന്‍. അന്ന് ആ പൈസ വച്ച് ബിസിനസ്സ് ചെയ്യാന്‍ ഒന്നും അറിയില്ല.
അതുകൊണ്ട് നിലങ്ങളായി വാങ്ങിച്ചു. സിനിമ സമ്പാദ്യം വച്ച് ലാന്‍ഡുകളാണ് ഞാന്‍ കൂടുതലും വാങ്ങിയത്. ഊട്ടി, കോയമ്പത്തൂര്‍ എന്നിവടങ്ങളിലെല്ലാം അങ്ങനെ വാങ്ങിച്ചിട്ടു. കിട്ടിയതൊന്നും നശിപ്പിച്ചിട്ടില്ല. ഞാന്‍ വളരെ കരുതി ചെലവ് ചെയ്യുന്ന ഒരാളാണ്, കാരണം ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടാണ് ധനം സമ്പാദിച്ചത്. അന്നൊക്കെ ഒരു ആയിരം രൂപ എന്ന് പറയുന്നത് എനിക്ക് വലിയ കാര്യമാണ്.
എനിക്ക് ആഭരണങ്ങള്‍ ഒന്നും വലിയ ഇഷ്ടമല്ല. തുണികളാണ് ഞാന്‍ ഏറ്റവും കൂടുതല്‍ വാങ്ങിക്കുന്നത്. പിന്നെ ഞാന്‍ പെയിന്റിംഗ്സിന് വേണ്ടി ഒരുപാട് പണം ചെലവാക്കും. നല്ല പെയിന്റ്, അത് വരയ്ക്കാനുള്ള കൂടിയ ബ്രഷുകള്‍, ഇതിനൊക്കെ ഞാന്‍ ഒരുപാട് പണം ചെലവാക്കും’ എന്നും ഷീല പറയുന്നു.
എംജിആറിനൊപ്പം അഭിനത്തില്‍ അരങ്ങേറ്റം കുറിച്ച ഷീല മലയാളത്തില്‍ സത്യനോടൊപ്പം ആണ് ആദ്യം അഭിനയിച്ചത്. ‘ഭാഗ്യജാതകം’ എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായിക നായകന്മാരായി ഒരുമിച്ച് അഭിനയിച്ച പ്രേംനസീറിനെ കുറിച്ച് ഷീല മുമ്പ് പറഞ്ഞ വാക്കുകള്‍ ഏറെ വൈറലായിരുന്നു.
ഒരുപാട് സിനിമകളില്‍ ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് നസീര്‍സാര്‍. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച എത്രയോ ഗാനരംഗങ്ങള്‍ ഉണ്ട്. എന്റെ കാതിനടുത്തുവന്ന് പാടുന്ന രംഗങ്ങളുണ്ട് പല ഗാനത്തിലും. പക്ഷേ, ഒരു ശബ്ദം പോലും അദ്ദേഹത്തിന്റെ വായില്‍ നിന്ന് കേള്‍ക്കില്ല. വെറും ചുണ്ടനക്കം മാത്രം. പക്ഷേ, ആ പാട്ടുകളൊന്നും ഇദ്ദേഹമല്ല പാടിയതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. അത്രയ്ക്കല്ലേ പെര്‍ഫക്ഷന്‍.
ഇക്കണ്ട ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കല്‍പോലും അദ്ദേഹം പാട്ട് പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. പി. സുശീലയോ ജാനകിയോ പാടുന്ന അതേ പിച്ചില്‍ പാടിയാണ് ഞാനൊക്കെ അഭിനയിക്കാറുള്ളത്. അദ്ദേഹം പക്ഷേ, അങ്ങനെയല്ല. എങ്കിലും ആ ഗാനങ്ങള്‍ക്കെല്ലാം എന്തായിരുന്നു ജീവന്‍. കുറേ പടത്തില്‍ അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും ആ നായികയെയും നായകനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങും. അവര്‍ കണ്ടുകണ്ട് അവരുടെ മനസ്സില്‍ അതങ്ങ് പതിഞ്ഞുപോയിരിക്കും.
എത്രയോ പേര്‍ ഇന്നും വിശ്വസിക്കുന്നു കവിയൂര്‍ പൊന്നമ്മയുടെ മകനാണ് മോഹന്‍ലാല്‍ എന്ന്. അതുപോലെ ഇത്രയധികം സിനിമകളില്‍ നായികാനായകന്മാരായി വേഷമിട്ടപ്പോള്‍ ഞങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ പറഞ്ഞിരിക്കാം. പക്ഷേ, ഞങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. അന്ന് അത്രയധികം പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ ഇല്ലല്ലോ. അങ്ങനെ അറിഞ്ഞ ആരേലും ഉണ്ടെങ്കില്‍ തന്നെ അവര്‍ നമ്മളോട് നേരിട്ട് പറയുമോ. അതിനവര്‍ക്ക് ധൈര്യം കാണുമോ’എന്നും ഷീല ചോദിച്ചിരുന്നു.
