Malayalam
ആ സംശയം ആദ്യമുണ്ടായിരുന്നു; മൂന്നു മണിക്കൂര്‍ സമയമെടുത്ത് മമ്മൂട്ടി കഥ കേൾക്കുകയായിരുന്നു.. ‘ദി പ്രീസ്റ്റി’ന്റെ സംവിധായകന്‍ പറയുന്നു
ആ സംശയം ആദ്യമുണ്ടായിരുന്നു; മൂന്നു മണിക്കൂര്‍ സമയമെടുത്ത് മമ്മൂട്ടി കഥ കേൾക്കുകയായിരുന്നു.. ‘ദി പ്രീസ്റ്റി’ന്റെ സംവിധായകന്‍ പറയുന്നു
കേരളത്തിൻ മാത്രമല്ല ഗൾഫ് രാജ്യങ്ങളിലും മെഗാസ്റ്റാർ മമ്മൂട്ടിയുടെ ‘ദി പ്രീസ്റ്റ്’ വിജയം നേടിയിരിക്കുകയാണ്. ഗ്ലോബൽ ഫിലിംസായിരുന്നു ചിത്രം ഗൾഫിലെ തിയേറ്ററുകളിലെത്തിച്ചത്. ഇവരുടെ ആദ്യ ചിത്രമായിരുന്നു ‘ദി പ്രീസ്റ്റ്’. ഗൾഫിൽ ആകെ 108 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദർശിപ്പിച്ചത്.
ഇപ്പോൾ ഇതാ സിനിമയുടെ വന്‍ വിജയമായതിൽ മമ്മൂട്ടിയോട് ഏറെ നന്ദിയും കടപ്പാടുമുണ്ടെന്ന് സംവിധായകന്‍ ജോഫിന്‍.ടി ചാക്കോ. ഗള്‍ഫിലെ വിജയാഘോഷവുമായി ബന്ധപ്പെട്ട് ട്രൂത്ത് ഗോബൽ ഫിലിംസും മമ്മൂട്ടി ഫാന്‍സ് ഇന്റര്‍നാഷണല്‍ ചാപ്റ്ററും ദുബൈയില്‍ ഒരുക്കിയ ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോഫിന്‍.
തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച മുഹൂര്‍ത്തമായാണ് ഈ സിനിമാ വിജയത്തെ കാണുന്നതെന്ന് കടുത്ത മമ്മൂട്ടി ആരാധകന്‍ കൂടിയായ ഈ നവാഗത സംവിധായകന്‍ പറഞ്ഞു. അത്യധികം കഠിന പരിശ്രമം നടത്തിയാണ് താന്‍ ഇന്നത്തെ സംവിധായകനായി മാറിയിട്ടുള്ളതെന്ന് പറഞ്ഞ ജോഫിന്‍, ‘ദ പ്രീസ്റ്റി’ലെ ഫാദര്‍ ബെനഡിക്റ്റ് ആയി മമ്മൂട്ടി അവതരിപ്പിച്ച വേഷം ചാരിതാര്‍ത്ഥ്യം പകര്‍ന്നുവെന്നും അഭിപ്രായപ്പെട്ടു.
നിര്‍മാതാവ് ആന്റോ ജോസഫ് ആണ് മമ്മൂക്കയോട് കഥ പറയാന്‍ സൗകര്യമൊരുക്കിയത്. ഈ കഥ കേട്ടാല്‍ മനസ്സിലാകുമോയെന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍, തന്നെ ഞെട്ടിച്ചു കൊണ്ട് ഈ കഥക്ക് മമ്മൂട്ടി സമ്മതം മൂളി. മമ്മൂട്ടിയിലെ യഥാര്‍ത്ഥ അഭിനേതാവിനെ കണ്ടെത്താന്‍ കഴിഞ്ഞ സന്ദര്‍ഭമായിരുന്നു അത്. ഇങ്ങനെയൊരു കഥ എങ്ങനെ മമ്മൂട്ടിയെ പോലൊരാളെ പറഞ്ഞ് മനസ്സിലാക്കി എന്ന് സുഹൃത്തുക്കള്‍ അതിശയം തോന്നിയിട്ടുണ്ട്
കാരണം, രണ്ടാം ഭാഗത്തെ പല രംഗങ്ങളും ദൃശ്യവത്കരിക്കാന്‍ കഴിയുന്നത് പോലെ പറഞ്ഞ് മനസ്സിലാക്കുകയെന്നത് വലിയ ടാസ്‌ക് ആണ്. അതില്‍ പരാജയപ്പെട്ടാല്‍ ഒരു താരവും ഡേറ്റ് നല്‍കില്ല. മൂന്നു മണിക്കൂര്‍ സമയമെടുത്ത് മമ്മൂട്ടി കഥ കേട്ടുവെന്നതും അമ്പരപ്പുളവാക്കിയിരിക്കുന്നു. അവിടെയാണ് മമ്മൂട്ടിയെന്ന പ്രതിഭയെ കണ്ടെടുക്കാന്‍ കഴിഞ്ഞതെന്നും ജോഫിന്‍ വ്യക്തമാക്കി.
കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഷൂട്ടിംഗ് നിര്‍ത്തേണ്ടി വന്നു. ഇങ്ങനെ ചിത്രീകരണം ആദ്യം നിര്‍ത്തിയ സിനിമയും ‘ദി പ്രീസ്റ്റ്’ ആയിരുന്നു. മാര്‍ച്ച് പത്തിനാണ് ഷൂട്ടിംഗ് നിര്‍ത്തിയത്. കുറച്ച് ദിവസം കഴിഞ്ഞ് ഷൂട്ട് തുടങ്ങാമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, പിന്നീട് തുടങ്ങുന്നത് എട്ട് മാസത്തിന് ശേഷമാണ്.
കുറെ പ്രതിസന്ധികള്‍ നേരിട്ടാണ് ഈ സിനിമയെ പ്രേക്ഷകരിലേക്ക് എത്തിച്ചത്.
മമ്മൂട്ടിയും മഞ്ജു വാര്യരും ഈ സിനിമയുടെ വിജയത്തില്‍ വലിയ അളവില്‍ സഹായിച്ചു. നിഖില വിമലും ബേബി മോണിക്കയും നിര്‍ണായക ഘടകങ്ങളായി മാറി. ഒരു സീനില്‍ മാത്രമാണ് അവര്‍ ഒരുമിച്ചിട്ടുള്ളതെങ്കിലും അതൊരു വലിയ ടാസ്‌കായിരുന്നു. ഷൂട്ട് ചെയ്യാന്‍ ബുദ്ധിമുട്ടുള്ള സീനായിരുന്നു.
സെറ്റിലുള്ളവര്‍ കൈയടിച്ചാണ് ഈ ഷോട്ട് സ്വീകരിച്ചത്. തീയറ്ററിലും ഈ രംഗത്തിന് നിറഞ്ഞ കൈയടി ലഭിക്കുന്നുണ്ടെന്നും ജോഫിന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമടക്കം കുടുംബ പ്രേക്ഷകര്‍ ഈ സിനിമയെ നെഞ്ചേറ്റിക്കഴിഞ്ഞുവെന്നത് വലിയ സംതൃപ്തി പകരുന്നു. ബാല്യ-കൗമാര കാലഘട്ടങ്ങളില്‍ തന്നെ സിനിമ തന്നെ ആവേശം കൊള്ളിച്ചിരുന്നുവെന്ന് പറഞ്ഞ ജോഫിന്‍, അതിന്റെ നാള്‍ വഴികളെ കുറിച്ചും വാചാലനായി.
ജോഫിനും നിഖലക്കും പുറമെ, ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ്, നടി ബേബി മോണിക്ക, മാര്‍ക്‌വേ ബിസിനസ് സെറ്റപ് കമ്പനി എംഡി അജ്മല്‍, അശ്വനി രവീന്ദ്രന്‍ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഈ സിനിമ നല്‍കിയ വിജയം വലിയ ആവേശം പകര്‍ന്നുവെന്നും നല്ല സിനിമകള്‍ ഇനിയും നിര്‍മിക്കുമെന്നും അബ്ദുല്‍ സമദ് വ്യക്തമാക്കി.
