News
മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കിന് രണ്ടാം ഭാഗം വരുന്നു; ട്രെയിലര്‍ പുറത്തെത്തി
മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്കിന് രണ്ടാം ഭാഗം വരുന്നു; ട്രെയിലര്‍ പുറത്തെത്തി
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രങ്ങളിലൊന്നാണ് 1993 ല്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴ്. വന്‍ വിജയത്തിന് പിന്നാലെ ഈ ചിത്രം പല ഇന്ത്യന്‍ ഭാഷകളിലും റീമേക്ക് ചെയ്തിരുന്നു. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2007 ലാണ് ഹിന്ദി റീമേക്കായ ഭൂല്‍ ഭുലയ്യ പുറത്തിറങ്ങുന്നത്. അക്ഷയ് കുമാര്‍, വിദ്യാബാലന്, ഷിനെയ് അഹൂജ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തെത്തുന്നത്. ഒരു വര്‍ഷം മുന്‍പ് തന്നെ കാര്‍ത്തിക് ആര്യനെ നായകനാക്കി ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗം എത്തുമെന്ന വാര്‍ത്ത വന്നിരുന്നു. ഇപ്പോള്‍ ഭൂല്‍ ഭുലയ്യ 2 എന്ന ഈ ചിത്രത്തിന്റെ ട്രൈലര്‍ എത്തിയിരിക്കുകയാണ്. ആദ്യ ഭാഗത്തെപ്പോലെ തന്നെ മികച്ച ഒരു താരനിര രണ്ടാം ഭാഗത്തിലും ഉണ്ട്. തബു, കാര്‍ത്തിക് ആര്യന്, കിയാര അദേനി എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
ആദ്യ ഭാഗത്തില്‍ അഭിനയിച്ച രാജ്പാല് യാദവ് രണ്ടാം ഭാഗത്തിലും ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. മെയ് 20 നാണ് ഭൂല്‍ ഭുലയ്യ 2 തിയറ്ററുകളില്‍ എത്തുന്നത്. ആദ്യഭാഗത്തില്‍ നിന്ന് വ്യത്യസ്തമായി ചിത്രത്തിലെ നായകന് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്ന ഭൂല്‍ ഭുലയ്യ 2ല്‍ കാര്‍ത്തിക് ആര്യന്റെ കഥാപാത്രം ട്രൈലര്‍ എത്തിയത് മുതല്‍ നിരവധി വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്.
അക്ഷയ് കുമാര്‍ അവതരിപ്പിച്ച ഡോക്ടര്‍ ആദിത്യ ശിവാസ്തയ്ക്ക് പകരമാകാന്‍ കാര്‍ത്തിക് ആര്യന്റെ നായക കഥാപാത്രത്തിന് സാധിക്കില്ലെന്നാണ് അക്ഷയ് കുമാര്‍ ആരാധകരുടെ വാദം. ഭൂല്‍ ഭുലയ്യയുടെ ആദ്യഭാഗം നല്കിയ മികച്ച അനുഭവം രണ്ടാം ഭാഗത്തിന് നല്കാന് സാധിക്കുമോ എന്നറിയാന്‍ സിനിമാ പ്രേമികള്‍ മേയ് 20 ന് വേണ്ടി കാത്തിരിക്കുകയാണ്.
