Movies
നാഗവല്ലിയും സണ്ണിയും നകുലനുമെല്ലാം വീണ്ടും തിയേറ്ററുകളിലേയ്ക്ക്; 4k ദൃശ്യമികവിൽ മണിചിത്രത്താഴ് എത്തുന്നു!; റിലീസ് തീയതി പുറത്ത്
നാഗവല്ലിയും സണ്ണിയും നകുലനുമെല്ലാം വീണ്ടും തിയേറ്ററുകളിലേയ്ക്ക്; 4k ദൃശ്യമികവിൽ മണിചിത്രത്താഴ് എത്തുന്നു!; റിലീസ് തീയതി പുറത്ത്
മലയാള സിനിമയുടെ ചരിത്രത്തിൽ സവിശേഷമായൊരു സ്ഥാനമുള്ള ചിത്രമാണ് മണിച്ചിത്രത്താഴ്. സിനിമ പുറത്തിറങ്ങി 30 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും അതിലെ കഥാപാത്രങ്ങളും കഥാസന്ദർഭങ്ങളും നിരന്തരം ചർച്ച ചെയ്യപ്പെടുകയും പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിക്കുകയും ചെയ്തിട്ടുണ്ട്. മലയാളം കണ്ട ഏറ്റവും വലിയ വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ഫാസിൽ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴ്.’
മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ മണിച്ചിത്രത്താഴ് പ്രേക്ഷകരുടെ നിത്യഹരിത ചിത്രങ്ങളുടെ പട്ടികയിൽ ഇന്നും മുൻപിലാണ്. ചിത്രത്തിൻറെ വിജയവും ജനപ്രീതിയും കണക്കിലെടുത്ത് തമിഴ്, തെലുങ്ക്,കന്നഡ, ഹിന്ദി ഭാഷളിലും ചിത്രം റിമേക്ക് ചെയ്യപ്പെട്ടിരുന്നു.
ഇപ്പോഴിതാ മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളിൽ ഒന്നായ മണിച്ചിത്രത്താഴ് വീണ്ടും തിയേറ്ററുകളിൽ റിലീസിന് ഒരുങ്ങുകയാണ് എന്നാണ് സിനിമാ പ്രേമികളെ ആവേശത്തിലാഴ്ത്തിയിരിക്കുന്നത്. ഓഗസ്റ്റ് 17ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. മാറ്റിനി നൗവും ഇ4 എന്റർടൈൻമെന്റ്സും ചേർന്ന് ആണ് ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തിക്കുക. മോളിവുഡിൽ തന്നെ ഏറ്റവും വലിയ റീ റീലിസായിരിക്കുമെന്നാണ് വിവരം.
1993ൽ ഫാസിലിന്റെ സംവിധാനത്തിൽ ആയിരുന്നു മണിച്ചിത്രത്താഴ് റിലീസ് ചെയ്തത്. മധു മുട്ടത്തിന്റെ മനശാസ്ത്ര-പ്രേതകഥ സംവിധായകൻ ഫാസിലിന്റെ സംവിധായക പാടവത്തിൽ ഉരുത്തിരിഞ്ഞു വന്നപ്പോൾ അത് മലയാളം കണ്ട എക്കാലത്തേയും മികച്ച സിനിമ അനുഭവങ്ങളിൽ ഒന്നായി മാറുകയായിരുന്നു.
മോഹൻലാൽ, സുരേഷ് ഗോപി, ശോഭന, തിലകൻ, നെടുമുടി വേണു, ഇന്നസെന്റ്, സുധീഷ്, കെപിഎസി ലളിത തുടങ്ങി മലയാളസിനിമയിലെ വമ്പൻ താരനിര തന്നെ അണിനിരന്ന ചിത്രം ആയിരുന്നു. അന്ന് ഏറ്റവും നല്ല ജനപ്രിയചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ മണിച്ചിത്രത്താഴ് നേടി. ഗംഗ എന്ന കേന്ദ്രകഥാപാത്രത്തെ അനശ്വരമാക്കിയ ശോഭനയ്ക്ക് ഏറ്റവും നല്ല നടിക്കുള്ള ദേശീയപുരസ്‌കാരവും ലഭിക്കുകയുണ്ടായി.
