Malayalam
ഒരു വാന്‍ ചീറിപാഞ്ഞ് എത്തുകയായിരുന്നു, വാന്‍ കാലില്‍ ഉരസി അതിവേഗം കടന്നു പോയി, പിന്നീട് പുറകോട്ടും ആഞ്ഞു വന്നു; റിപ്പോര്‍ട്ടര്‍ ടിവി മേധാവി നികേഷ് കുമാറിന്റെ ഭാര്യയേയും മകളേയും അപായപ്പെടുത്താന്‍ ശ്രമം?
ഒരു വാന്‍ ചീറിപാഞ്ഞ് എത്തുകയായിരുന്നു, വാന്‍ കാലില്‍ ഉരസി അതിവേഗം കടന്നു പോയി, പിന്നീട് പുറകോട്ടും ആഞ്ഞു വന്നു; റിപ്പോര്‍ട്ടര്‍ ടിവി മേധാവി നികേഷ് കുമാറിന്റെ ഭാര്യയേയും മകളേയും അപായപ്പെടുത്താന്‍ ശ്രമം?
നടി ആക്രമിക്കപ്പെട്ട കേസില്‍ പല നിര്‍ണായക തെളിവുകളും അഭിമുഖങ്ങളും പുറത്തെത്തിയത് റിപ്പോര്‍ട്ടര്‍ ടിവിയിലൂടെയായിരുന്നു. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ടിവി മേധാവി നികേഷ് കുമാറിന്റെ ഭാര്യയേയും മകളേയും വാഹനാപകടത്തില്‍ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ദുഃഖവെള്ളിയാഴ്ച പുലര്‍ച്ചെ കാക്കാനാട്ട് വച്ചായിരുന്നു വാഹനാപകട ശ്രമം എന്നാണ് വിവരം. എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ നികേഷ് കുമാര്‍ ഇതുവരെയും തയ്യാറായിട്ടില്ല.
നികേഷിന്റെ ഭാര്യ റാണിയുടെ അടുത്ത ബന്ധു കാക്കനാട്ടാണ് താമസം. ഇവിടെ നിന്ന് രാവിലെ മകളുമൊത്ത് പള്ളിയില്‍ പോയപ്പോഴായിരുന്നു സംഭവം. കാല്‍നടയായി ആയിരുന്നു യാത്ര. കാക്കാനാട്ടെ ദൂരദര്‍ശന കേന്ദ്രത്തിന് അടുത്തെത്തിയപ്പോള്‍ ഒരു വാന്‍ ചീറിപാഞ്ഞ് എത്തുകയായിരുന്നു. വാന്‍ കാലില്‍ ഉരസി അതിവേഗം കടന്നു പോയി. പിന്നീട് പുറകോട്ടും ആഞ്ഞു വന്നു. ഒഴിഞ്ഞു മാറിയതു കൊണ്ട് ഇരുവരും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വാഹനത്തിന്റെ നമ്പര്‍ പോലും കുറിച്ചെടുക്കാനായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീപ് കേസില്‍ നിര്‍ണ്ണായകമായ പല അഭിമുഖങ്ങളും റിപ്പോര്‍ട്ടര്‍ ടിവി പുറത്തു വിട്ടിരുന്നു. ഇതുമായി ഈ അപകട ശ്രമത്തിന് ബന്ധമുണ്ടോ എന്ന് വ്യക്തമല്ല. മനഃപൂര്‍വം ഇടിക്കാന്‍ വന്നതുപോലെ വാന്‍ മുമ്പോട്ട് പോയ ശേഷം പിന്നോട്ട് വന്നുവെന്നതാണ് ആശങ്കയ്ക്കിടയാക്കുന്നത്. എന്നാല്‍ ഈ വിഷയത്തില്‍ ആരും ഇതുവരെ പൊലീസിന് പരാതി കൊടുത്തിട്ടില്ലെന്നാണ് വിവരം. സ്പെഷ്യല്‍ ബ്രാഞ്ച് ഈ അപകടത്തില്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്.
ദിലീപ് കേസും മറ്റും ചര്‍ച്ചയാകുമ്പോഴുള്ള ഈ സംഭവം ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയം സജീവമായി ഉയരുന്നുണ്ട്. എന്നാല്‍ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പരാതി കൊടുക്കുന്നതിലെ സാങ്കേതികത്വമാണ് കേസ് കൊടുക്കാത്തതിന് പിന്നിലെന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ സംഭവത്തില്‍ പൊലീസ് രഹസ്യമായി അന്വേഷണം നടത്തുന്നുണ്ടെന്നാണ് വിവരം.
അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് കേസുമായി ബന്ധപ്പെട്ട് തന്റെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറുന്ന രീതിയിലാണ് റിപ്പോര്‍ട്ടര്‍ ചാനല്‍ വാര്‍ത്ത നല്‍കുന്നതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.
ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നികേഷിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ ഹര്‍ജിയില്‍മേല്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ഡി.ജി.പിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ നികേഷിനെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ ചര്‍ച്ച ചെയ്തതിന്റെ പേരില്‍ ആണ് റിപ്പോര്‍ട്ടര്‍ ചാനല്‍/എം.ഡി എം.വി. നികേഷ് കുമാറിനെതിരെ പോലീസ് കേസെടുത്തത്.
കേസ് വിചാരണയുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ 2021 ഡിസംബര്‍ 27ന് ചാനല്‍ ചര്‍ച്ച നടത്തുകയും അത് യൂട്യൂബ് വഴി പ്രചരിപ്പിക്കുകയും ചെയ്തെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.
വിചാരണ കോടതിയുടെ പരിഗണനയിലുള്ള ഒരു വിഷയം കോടതിയുടെ അനുമതിയില്ലാതെ നികേഷും ചാനലും പ്രസിദ്ധീകരിച്ചു എന്ന പോലീസ് വ്യക്തമാക്കുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറുമായി നികേഷ് ഡിസംബര്‍ 27ന് ഇന്റര്‍വ്യൂ നടത്തുകയും അത് യൂട്യൂബ് ചാനല്‍ വഴി പ്രചരിപ്പിക്കുകയുമായിരുന്നു. ബാലചന്ദ്ര കുമാര്‍ ആരോപണങ്ങളുമായി രംഗ പ്രവേശനം ചെയ്തത് ഈ ചാനലിലൂടെയായിരുന്നു. തന്നെ കുടുക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടക്കുന്നതെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. തനിക്കെതിരായ മാധ്യമ വിചാരണയ്‌ക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് ദിലീപ് കോടതിയില്‍ ആവശ്യപ്പെട്ടത്.
