ബസിൽവെച്ച് ഉപദ്രവിച്ചയാളെ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിച്ച് ആരതി; ആരതി… മറ്റൊരുത്തി; അഭിനന്ദനവുമായി നവ്യ
യാത്രക്കിടെ ബസിൽവെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പോലീസിൽ ഏൽപ്പിച്ച ആരതിയെ അഭിനന്ദിച്ച് നവ്യ നായർ. കഴിഞ്ഞ ദിവസം കരിവെള്ളൂരിൽ നിന്ന് കാഞ്ഞങ്ങാടേക്ക് പോയ കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യുമ്പോഴാണ് ആരതിയ്ക്ക് ദുരനുഭവം ഉണ്ടാകുന്നത്. ബസിൽ വെച്ച് ശല്യം ചെയ്ത ആളെ ആരതി ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു,.
ആരതി… മറ്റൊരുത്തി എന്ന് കുറിച്ചുകൊണ്ടാണ് നവ്യ സോഷ്യൽ മീഡിയയിലൂടെ അഭിനന്ദനം അറിയിച്ചത്.
മാണിയാട്ട് സ്വദേശി രാജീവനെ പോലീസ് അറസ്റ്റ് ചെയതിട്ടുണ്ട്. സ്വകാര്യബസ് പണിമുടക്കായതിനാൽ നല്ല തിരക്കായിരുന്നു. നീലേശ്വരത്ത് എത്തിയപ്പോൾ രാജീവൻ ആരതിയെ ശല്യം ചെയ്യുകയായിരുന്നു. പലവട്ടം മാറിനിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും രാജീവൻ അത് അനുസരിച്ചില്ല.
ബസിലുള്ള മറ്റാരും പ്രതികരിച്ചതുമില്ല. ഉപദ്രവം തുടർന്നതോടെ പിങ്ക് പോലീസിനെ വിളിക്കാനായി ഫോണെടുത്തു. അപ്പോഴേക്കും അയാൾ ബസിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് പിന്നാലെ ചെന്ന് ആരതി പിടികൂടുകയും ചെയ്തു. പോലീസിൽ പരാതി നൽകാനായി രാജീവിന്റെ ഫോട്ടോയും ആരതിയെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ സംഭവത്തെ കുറിച്ച് ആരതി പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറംലോകം അറിയുന്നത്.
