Malayalam
മേൽ വയറ്റിലായിരുന്നു വേദന; അഞ്ചോ ആറോ മണിക്കൂർ കഠിനമായ വേദന കൊണ്ട് ഞാൻ പുളഞ്ഞു; തുടക്കത്തിൽ സ്വയം ചികിത്സിച്ചു, കുഞ്ഞിനോട് പോലും ദേഷ്യം തോന്നി’; സർജറിയെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്!
മേൽ വയറ്റിലായിരുന്നു വേദന; അഞ്ചോ ആറോ മണിക്കൂർ കഠിനമായ വേദന കൊണ്ട് ഞാൻ പുളഞ്ഞു; തുടക്കത്തിൽ സ്വയം ചികിത്സിച്ചു, കുഞ്ഞിനോട് പോലും ദേഷ്യം തോന്നി’; സർജറിയെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ്!
മലയാളികളുടെ പ്രിയങ്കരിയായ താരമാണ് സൗഭാഗ്യ വെങ്കിടേഷ്. സോഷ്യൽമീഡിയയിലെ സെലിബ്രിറ്റിയായിട്ടാണ് താരം . സീരിയലുകളിലോ സിനിമകളിലോ മുഖം കാണിച്ചിട്ടില്ലാത്ത സൗഭാഗ്യ ടിക് ടോക്കിലൂടെ മാത്രമാണ് മലയാളികൾക്കിടയിൽ താരമായത്.
തുടക്കത്തിൽ കോമഡി വീഡിയോകളും നൃത്തവുമെല്ലാമായി സൗഭാഗ്യ അതിവേഗത്തിൽ പ്രേക്ഷക പ്രീതി നേടി. സൗഭാഗ്യയുടെ ടിക്ക് ടോക്ക് വീഡിയോകൾ വൈറലാകാൻ തുടങ്ങിയപ്പോഴാണ് ആളുകൾ സൗഭാഗ്യ നടി താര കല്യാണിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്. അമ്മ താര കല്യാണിനൊപ്പം നൃത്ത വീഡിയോകളും സൗഭാഗ്യ വെങ്കിടേഷ് പങ്കുവെച്ചിരുന്നു.
നടൻ അർജുൻ സോമശേഖറാണ് സൗഭാഗ്യയെ വിവാഹം ചെയ്തത്. ഇരുവർക്കും ഇപ്പോൾ സുദർശന എന്നൊരു മകൾ കൂടി ഉണ്ട്. നവംബറിലാണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. ആദ്യ ഗർഭകാലം ഇരുവരും ആഘോഷമാക്കിയിരുന്നു.
സൗഭാഗ്യയുടെ വളകാപ്പ് ചടങ്ങിൽ തനിക്ക് പെൺകുട്ടി വേണമെന്നാണ് ആഗ്രഹമെന്ന് അർജുൻ വെളിപ്പെടുത്തിയിരുന്നു. അർജുന്റെ ആഗ്രഹം പോലെ തന്നെ ഇരുവർക്കും മകൾ പിറക്കുകയും ചെയ്തു. സൗഭാഗ്യയുടെ അമ്മ താര കല്യാണം പേരക്കുട്ടി പിറന്ന സന്തോഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഗർഭകാലം പൊതുവെ വിഷമം നിറഞ്ഞതാണെങ്കിലും അസ്വസ്ഥതകൾ പോലും സന്തോഷത്തോടെ സ്വീകരിച്ചാണ് കുഞ്ഞിനെ സ്വീകരിക്കാനായി അർജുനും സൗഭാഗ്യയും ഒരുങ്ങിയത്.
സിസേറിയന് ശേഷം കഴിഞ്ഞ ദിവസം സൗഭാഗ്യ വീണ്ടും സർജറിക്ക് വിധേയയായിരുന്നു. പിത്താശയം നീക്കം ചെയ്യാൻ വേണ്ടിയാണ് താരം വീണ്ടും സർജറി നടത്തിയത്. അത്തരമൊരു അവസ്ഥ വന്നതിനെ കുറിച്ചും പ്രസവ ശേഷം നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചും മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ സൗഭാഗ്യ. യുട്യൂബിലാണ് സൗഭാഗ്യ വീഡിയോ പങ്കുവെച്ചത്. തന്നെപ്പോലെ സ്വയം ചികിത്സിച്ച് രോഗം വഷളാകുന്ന സ്ഥിതി ഇനിയൊരാൾക്കും വരാതിരിക്കാനാണ് വീഡിയോ ചെയ്യുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ അപ്രതീക്ഷിതമായി നടത്തേണ്ടി വന്ന സർജറിയെ കുറിച്ച് വിവരിച്ചത്.
‘സർജറിക്ക് വിധേയമാകുകയാണെന്ന് പറഞ്ഞപ്പോൾ നിരവധി ചോദ്യങ്ങൾ ഫോൺ വിളിച്ചും അല്ലാതെയും പരിചയക്കാരും സ്നേഹിക്കുന്നവരുമെല്ലാം ചോദിച്ചിരുന്നു. സിസേറിയൻ കഴിഞ്ഞ ഉടൻ നൃത്തം അടക്കമുള്ള കാര്യങ്ങൾ ചെയ്തതാണോ സർജറിക്ക് കാരണമായത് എന്ന തരത്തിലും ചോദ്യം വന്നിരുന്നു. അതിനെല്ലാമുള്ള ഉത്തരമാണ് ഈ വീഡിയോയിൽ പറയുന്നത്. ഞാൻ കാണിച്ച തെറ്റുകൾ ഇനിയാരും ചെയ്യാതിരിക്കാനാണ് ഞാൻ ഈ വീഡിയോ പങ്കുവെക്കുന്നത്. എന്റെ പിത്താശയം നീക്കം ചെയ്തു.’
‘തുടക്കത്തിൽ ഗ്യാസാണെന്നാണ് കരുതിയത്. കാരണം പ്രസവം കഴിഞ്ഞാൽ അത്തരത്തിലുള്ള അവസ്ഥ ഉണ്ടാകുമെന്ന് പലരും പറഞ്ഞിരുന്നു. മേൽ വയറ്റിലായിരുന്നു വേദന. തുടക്കത്തിൽ ഗ്യാസിന് പരിഹാരമാകുന്ന ഗുളികകളെല്ലാം കഴിച്ചു. പക്ഷെ കാര്യമായ മാറ്റമോ വേദനയ്ക്ക് കുറവോ ഉണ്ടായില്ല. അഞ്ചോ ആറോ മണിക്കൂർ കഠിനമായ വേദന കൊണ്ട് ഞാൻ പുളഞ്ഞു.
പതിയെ പതിയെ അസുഖം മാറുമെന്ന് കരുതി. അപ്പോഴും ഗ്യാസാണെന്ന നിഗമനത്തിലായിരുന്നു. ചുറ്റുമുള്ളവരടക്കം എല്ലാവരും ഇഞ്ചി ഇപയോഗിച്ചുള്ള ഒറ്റമൂലി, രസം തുടങ്ങി വീട്ടിലെ വിവിധ വൈദ്യം എന്നിൽ പരീക്ഷിച്ചു. എന്നിട്ടൊന്നും ഒരു കുറവും ഉണ്ടായില്ല. കുഞ്ഞിന് പാല് കൊടുക്കാൻ പോലും പറ്റാത്ത വേദനയായിരുന്നു.
വേദന കാരണം ഉറങ്ങാനൊന്നും സാധിക്കാത്തതിനാൽ കുഞ്ഞ് ഉണരുമ്പോൾ പോലും എനിക്ക് ദേഷ്യം വന്ന് തുടങ്ങി. പിന്നീട് വേദന കൂടിയപ്പോൾ ഒന്ന് സ്കാൻ ചെയ്യാമെന്ന് തോന്നി. അങ്ങനെ എന്റെ ഗൈനക്കോളജിസ്റ്റിനെ കണ്ടു. അപ്പോഴാണ് പിത്താശയത്തിൽ കല്ലാണെന്ന് മനസിലായത്. വീണ്ടും കല്ല് ഉണ്ടാകാൻ ഉള്ള സാധ്യത നിലനിൽക്കുന്നതിനാലാണ് പിത്താശയം നീക്കം ചെയ്തത്’ സൗഭാഗ്യ വെങ്കിടേഷ് പറയുന്നു.
2020ൽ ആയിരുന്നു സൗഭാഗ്യയും അർജുനും വിവാഹിതരായത്. ഗുരുവായൂരിൽ ആഘോഷമായാണ് വിവാഹം നടന്നത്. ഇപ്പോൾ താര കല്യാണിന്റെ ഡാൻസ് സ്കൂൾ ഏറ്റെടുത്ത് നടത്തുന്നത് സൗഭാഗ്യയും അർജുനും ചേർന്നാണ്. സൗഭാഗ്യയുടെ ബാല്യകാല സുഹൃത്തായിരുന്നു അർജുൻ. താര കല്യാണിന്റെ പക്കൽ നിന്ന് അർജുൻ നൃത്തം അഭ്യസിച്ചിരുന്നു. അർജുൻ ചക്കപ്പഴം എന്ന മിനി സ്ക്രീൻ ഹാസ്യ പരമ്പരയിലൂടെയാണ് അഭിനയത്തിലേക്ക് കടന്നത്.
ശിവൻ എന്ന കഥാപാത്രമായി ചക്കപ്പഴം സീരിയലിലെ നൂറിലധികം എപ്പിസോഡുകളിൽ അർജുൻ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നീട് താരം ചില ബുദ്ധിമുട്ടുകളാൽ സീരിയലിൽ നിന്നും പിന്മാറി. അടുത്തിടെയാണ് അർജുൻ അഭിനയത്തിലേക്ക് തിരിച്ചെത്തിയത്. അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഉരുളക്ക് ഉപ്പേരി എന്ന സീരിയലിലാണ് അർജുൻ ഇപ്പോൾ അഭിനയിക്കുന്നത്. ഗർഭകാലത്തും സൗഭാഗ്യ ഓൺലൈനായി അമ്മ താരകല്യാണിന്റെ ഡാൻസ് സ്കൂളിന് വേണ്ടി നൃത്തം ഓൺലൈനായി പഠിപ്പിച്ചിരുന്നു.
about soubhagya
