Malayalam
വോട്ടേഴ്‌സ് പട്ടിക നോക്കിയവർ അന്തം വിട്ടു; മമ്മൂട്ടിക്ക് വോട്ടില്ല! ആ മാറ്റം വിനയായി
വോട്ടേഴ്‌സ് പട്ടിക നോക്കിയവർ അന്തം വിട്ടു; മമ്മൂട്ടിക്ക് വോട്ടില്ല! ആ മാറ്റം വിനയായി
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. അഞ്ച് ജില്ലകളിലാണ് രണ്ടാംഘട്ടത്തില്‍ പോളിങ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് വോട്ടെടുപ്പ്. ഒട്ടേറെ പ്രമുഖര്‍ക്ക് തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകില്ല എന്ന വാർത്തയും പുറത്തുവന്നിരുന്നു. ഏറ്റവും ഒടുവില്‍ ഇക്കൂട്ടത്തില്‍ ഉയര്‍ന്ന പേര് നടന്‍ മമ്മൂട്ടിയുടേതാണ്.
തന്റെ വോട്ടവകാശം കൃത്യമായി നിയോഗിക്കുന്ന താരമാണ് നടന്‍ മമ്മൂട്ടി. പക്ഷേ ഇത്തവണ അദ്ദേഹത്തിന് വോട്ട് ചെയ്യാന്‍ സാധിക്കില്ല.വോട്ടർ പട്ടികയിൽ പേരില്ലാത്തതു മൂലം മമ്മൂട്ടിക്ക് ഇക്കുറി വോട്ട് ചെയ്യാൻ സാധിക്കില്ല. ബുധനാഴ്ച വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പേര് പട്ടികയിലില്ലെന്ന കാര്യം വ്യക്തമായത്. പനമ്പള്ളി നഗറിലെ സ്കൂളിലാണ് എല്ലാ തിരഞ്ഞെടുപ്പിനും മമ്മൂട്ടി വോട്ട് ചെയ്യാൻ എത്താറുള്ളത്.
എന്തുകൊണ്ടാണ് മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. സാധാരണ ഓരോ തിരഞ്ഞെടുപ്പിലും ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി നാട്ടിലെത്തി വോട്ട് രേഖപ്പെടുത്താറുണ്ട്.
കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് മമ്മൂട്ടി അടുത്തിടെ താമസം മാറിയിരുന്നു. പനമ്പള്ളി നഗര്‍ സര്‍ക്കാര്‍ എല്‍പി സ്‌കൂളിലാണ് വോട്ടു രേഖപ്പെടുത്തിയിരുന്നത്. താമസം മാറിയതാണോ വോട്ട് നഷ്ടമാകാന്‍ കാരണം എന്ന് പരിശോധിച്ചുവരികയാണ്. വോട്ട് ചെയ്യാന്‍ സാധിക്കുമോ എന്ന് അന്വേഷിച്ചുവരികയാണ് എന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്കും ഇക്കുറി വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.
