News
വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ… ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകൾ, ഒരുപാടു നല്ല ഓർമ്മകൾ…വിയോഗം വിശ്വസിക്കാനാവുന്നില്ല! അനുശോചനമറിയിച്ച് മലയാള സിനിമാ ലോകം
വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ… ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകൾ, ഒരുപാടു നല്ല ഓർമ്മകൾ…വിയോഗം വിശ്വസിക്കാനാവുന്നില്ല! അനുശോചനമറിയിച്ച് മലയാള സിനിമാ ലോകം
നടൻ കോട്ടയം പ്രദീപിന് അനുശോചനം അറിയിച്ച് മലയാള സിനിമാ ലോകം. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, വിനീത് ശ്രീനിവാസൻ തുടങ്ങി സിനിമയിലെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിക്കുന്ന നിരവധി പേരാണ് പ്രിയ നടന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചത്
‘വിശ്വസിക്കാനാവുന്നില്ല പ്രദീപ് ഏട്ടാ. ഒരുമിച്ചു ചെയ്ത ഒരുപിടി സിനിമകൾ, ഒരുപാടു നല്ല ഓർമ്മകൾ… കൂടുതൽ എഴുതാനാവുന്നില്ല.. Rest in Peace’, എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്.
‘ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പ്രിയപ്പെട്ട ശ്രീ കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ’, എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.
‘കോട്ടയം പ്രദീപിന് ആദരാഞ്ജലികൾ’ എന്ന് മമ്മൂട്ടി കുറിച്ചപ്പോൾ, ‘വളരെ അപ്രതീക്ഷിതമായ വിയോഗം. എൻറെ നാട്ടുകാരൻ ,സിനിമയെ ഒരുപാട് സ്നേഹിച്ച കലാകാരൻ. ചെറുതും, വലുതുമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ കഴിഞ്ഞ പത്തു വർഷങ്ങളായി സജീവ സാന്നിദ്ധ്യം ആദരാഞ്ജലികൾ’, എന്നാണ് മനോജ് കെ ജയൻ കുറിച്ചത്.
തട്ടത്തിൻ മറയത്തിൽ തുടങ്ങിയ സൗഹൃദമാണ് , ദി യെലോ പെൻ എന്ന ഷോർട് ഫിലിം ചെയ്യുമ്പോൾ ഒരു ചെറിയ വേഷം ചെയ്യുമോ എന്ന് ചോദിച്ചപ്പോ ഓടി വന്ന് ചെയ്തു തന്നതും, പിന്നീട് ഡേറ്റ് ഇല്ലാഞ്ഞിട്ടും സ്നേഹത്തോടെ ഓം ശാന്തി ഓശാനയിൽ വളരെ ചെറിയ വേഷത്തിനും ഓടി വന്നു ചെയ്തതും ഏറ്റവും ഒടുവിൽ സാറാസിൽ വന്ന് ചിരിപ്പിച്ചതും എല്ലാറ്റിനും ഉപരി ഫോണിലൂടെയുള്ള നീട്ടിയുള്ള ആ വിളി ഒന്നും മറക്കില്ല ചേട്ടാ. ചേട്ടൻ ചെയ്ത കഥാപാത്രങ്ങളിലൂടെ എന്നും ജനങ്ങളുടെ മനസിൽ ജീവിക്കുമെന്നാണ് ജൂഡ് ആന്റണി കുറിച്ചത്
“പ്രദീപിന്റെ വിയോഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പും, ആറാട്ടിന്റെ റിലിസ് വിശേഷങ്ങൾ വിളിച്ച് ചോദിച്ചിരുന്നു. ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനൽ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഖകരമായ ആ വാർത്തയാണ്. നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടിൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു. സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, “കഴിവുള്ള കലാകാരനായിരുന്നുയെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി. “ആറാട്ടി”ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആദരാഞ്ജലികൾ”, എന്നാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ.
ഇന്ന് രാവിലെയായിരുന്നു പ്രദീപിന്റെ വിയോഗം. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്ത് വച്ചായിരുന്നു മരണം സംഭവിച്ചത്. ബി. ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി നാളെ റിലീസ് ചെയ്യാനിരിക്കുന്ന ആറാട്ട് ചിത്രത്തിലാണ് പ്രദീപ് ഒടുവില്‍ വേഷമിട്ടത്.
