Malayalam
നീ എന്തിനാണ് പേടിക്കുന്നത്, ആരെയാണ് പേടിക്കുന്നത്… പോയി ചെയ്യടാ കഴുതേ എന്ന് സ്‌നേഹത്തോടെ രഞ്ജിത് സാര്‍ പറഞ്ഞു; അനുഭവം പങ്കുവെച്ച് ജാഫർ ഇടുക്കി
നീ എന്തിനാണ് പേടിക്കുന്നത്, ആരെയാണ് പേടിക്കുന്നത്… പോയി ചെയ്യടാ കഴുതേ എന്ന് സ്‌നേഹത്തോടെ രഞ്ജിത് സാര്‍ പറഞ്ഞു; അനുഭവം പങ്കുവെച്ച് ജാഫർ ഇടുക്കി
സിനിമയില്‍ അഭിനയിക്കുമ്പോള്‍ പേടിയും ടെന്‍ഷനും അനുഭവിച്ച സന്ദര്‍ഭങ്ങള്‍ പങ്കുവെച്ച് നടന്‍ ജാഫര്‍ ഇടുക്കി. മമ്മൂട്ടിയുടെ കയ്യൊപ്പ് എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ ഭയം കൊണ്ട് തന്നെ അടി മുടി വിറയ്ക്കുകയായിരുന്നുവെന്ന് ജാഫര്‍ ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു
ജാഫറിന്റെ വാക്കുകള്‍
മമ്മൂക്കയുടെ കൂടെ കയ്യൊപ്പില്‍ അഭിനയിക്കുമ്പോള്‍ കിലുകിലാന്ന് വിറയായിരുന്നു. പേടിക്കേണ്ട ഒരാവശ്യവുമില്ല. പക്ഷേ അഭിനയിക്കുന്നത് മമ്മൂക്കയുടെ കൂടെയാണ്. മമ്മുക്ക ഇങ്ങനെ നിറഞ്ഞുനില്‍ക്കുകയല്ലേ. രഞ്ജിത് സാര്‍ ചെയ്യുന്ന പടമാണ്. സാറിനെ എനിക്ക് നേരത്തേ പരിചയമുണ്ട്. ഞങ്ങള്‍ ഒരുമിച്ച് ജര്‍മനിയില്‍ ഒരു പ്രോഗ്രാമിന് പോയിട്ടുണ്ട്. എന്നാലും വെറുതേ ഒരു പേടി. പക്ഷേ ആ പേടിയും വിറയും കഥാപാത്രത്തിന് ആവശ്യമായിരുന്നു. ഷൂട്ടിങ് തുടങ്ങിയതിന്റെ അടുത്ത ദിവസം മമ്മൂക്കയും രഞ്ജിത്ത സാറും കൂടി എന്നെ വിളിച്ചു, നിനക്ക് പേടിയുണ്ടോന്ന് ചോദിച്ചു.
എനിക്ക് നിങ്ങളെ പേടിയാണെന്ന് പറഞ്ഞു. നീ എന്തിനാണ് പേടിക്കുന്നത്. ആരെയാണ് പേടിക്കുന്നത്. പോയി ചെയ്യടാ കഴുതേ എന്ന് സ്‌നേഹത്തോടെ രഞ്ജിത് സാര്‍ പറഞ്ഞു. അതു കേട്ടപ്പോള്‍ ഒരു ധൈര്യവും ആത്മവിശ്വാസവുമൊക്കെ തോന്നി. ആദ്യമുണ്ടായ വിറയല്‍ പെട്ടെന്ന് മാറാന്‍ പ്രധാന കാരണം മമ്മൂക്കയുടെ സഹായം കിട്ടിയതുകൊണ്ടാണ്.
കയ്യൊപ്പില്‍ മമ്മൂക്ക എന്നെ ഒരുപാട് സഹായിച്ചു. അഭിനയിക്കുമ്പോള്‍ സ്വീകരിക്കേണ്ട പലകാര്യങ്ങളും മമ്മൂക്ക പറഞ്ഞു തന്നു. അതൊക്കെ നന്മയുള്ളൊരു മനസ്സുള്ളതുകൊണ്ടല്ലേ. രണ്ട് പൊക്കം കുറഞ്ഞവമ്മാരെ (എന്നെയും ബിജുക്കുട്ടനെയും) രക്ഷപ്പെടുത്തണമെന്ന് മമ്മൂക്ക പറഞ്ഞതായി ഒരിക്കല്‍ ടിനി ടോം എന്നോട് പറഞ്ഞു.
ഹാസ്യ നടന്‍ എന്നതിലുപരി ഇപ്പോള്‍ സഹനടനായും ജാഫര്‍ ഇടുക്കി സിനിമയില്‍ സജീവമാണ്. അടുത്തിടെ നായാട്ട്, വൂള്‍ഫ്, അനുഗ്രഹീതന്‍ ആന്റണി തുടങ്ങിയ സിനിമകളില്‍ സുപ്രധാന റോളുകളില്‍ ജാഫര്‍ ഇടുക്കി എത്തിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട്, അജഗജാന്തരം, ഭീഷ്മ പര്‍വം തുടങ്ങിയവയാണ് ഇനി റിലീസിനെത്താനുള്ള ജാഫര്‍ ഇടുക്കി സിനിമകള്‍.