Malayalam
ഒരു കറുത്തവനേയും വെളുത്തവനേയും രക്ഷപ്പെടുത്തുമെന്നാണ് മമ്മൂക്ക പറഞ്ഞത്; ജാഫർ ഇടുക്കി
ഒരു കറുത്തവനേയും വെളുത്തവനേയും രക്ഷപ്പെടുത്തുമെന്നാണ് മമ്മൂക്ക പറഞ്ഞത്; ജാഫർ ഇടുക്കി
മലയാളികൾക്ക് സുപരിചിതനായ താരമാണ് ജാഫർ ഇടുക്കി. ടെലിവിഷൻ പരമ്പരകളിലൂടെയാണ് ജാഫർ ഇടുക്കി ശ്രദ്ധ നേടുന്നത്. ഹാസ്യകഥാപാത്രങ്ങൽലൂടെയാണ് അദ്ദേഹം താരമാകുന്നതും സിനിമയിലേയ്ക്ക് എത്തുന്നതും. സിനിമയിലും തുടക്കകാലത്ത് ചെയ്തിരുന്നത് കോമഡി കഥാപാത്രങ്ങളായിരുന്നു. പിന്നീട് അദ്ദേഹം ക്യാരക്ടർ റോളുകളിലേക്ക് ചുവടുമാറ്റുകയായിരുന്നു. കാമ്പുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് കയ്യടി നേടാനും ജാഫർ ഇടുക്കിയ്ക്ക് സാധിച്ചു. വില്ലത്തരവും തനിക്ക് സാധിക്കുമെന്ന് അദ്ദേഹം കാണിച്ചു തന്നിട്ടുണ്ട്. മലയാള സിനിമയിലെ തനി ഇടുക്കിക്കാരനാണ് ജാഫർ ഇടുക്കി.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ‘1996 ൽ അസുരവംശം എന്ന സിനിമയിൽ വരേണ്ടയാളാണ്. അന്ന് ജർമ്മനിയിലെ ഫ്രാങ്ക്ഫേർട്ടിൽ ഒരു പരിപാടിക്ക് പോയിരുന്നു. സംവിധായകൻ രഞ്ജിത്ത്, നടൻ സിദ്ധിഖ് എന്നിവരൊക്കെ ഉണ്ടായിരുന്നു ആ സംഘത്തിൽ. ആ കാലത്തെ ബന്ധം വെച്ചാണ് അസുരവംശത്തിൽ വേഷത്തെ കുറിച്ച് രഞ്ജിത്ത് പറയുന്നത്.
അപ്പോഴെനിക്ക് ഫോണൊന്നുമില്ല. ഞാൻ ഓട്ടോറിക്ഷ ഓടിച്ച് നടക്കുകയായിരുന്നു. അന്ന് വേണമെങ്കിൽ കാസർഗോഡേക്ക് വിളിച്ചിരുന്നെങ്കിൽ സിനിമയിൽ കയറാമായിരുന്നു. അന്നൊന്നും അതൊരു വലിയ കാര്യമായി തോന്നിയില്ല. കലാഭവനിൽ എത്തിയതോടെയാണ് കാര്യങ്ങൾ മാറിയത്. സിനിമയിൽ അഭിനയിക്കുമ്പോൾ അന്നൊക്കെ പേടിയായിരുന്നു. ചെറിയ തെറ്റൊക്കെ വന്നാൽ അപ്പോൾ തന്നെ ആളെ മാറ്റും. അങ്ങനെ കുറെ തെറ്റൊക്കെ വന്ന് അഭിനയിച്ച് വളർന്നവരാണ് ഇന്ന് പഴയ സിനിമക്കാരെ കുറ്റം പറയുന്നത്.
അന്ന് ചിത്രീകരിക്കുമ്പോൾ ഫിലിമാണല്ലോ, ഇത് ഓണാക്കുമ്പോൾ ഒരു ശബ്ദം വരും, അപ്പോൾ തന്നെ നമ്മുക്ക് ഭയമാകും. ഡയലോഗ് ഒക്കെ ഒറ്റത്തവണ തെറ്റിക്കാതെ പറഞ്ഞാൽ തന്നെ സന്തോഷമാണ്. ഇനി തെറ്റിക്കാതിരുന്നാൽ നന്നായി കേട്ടോയെന്ന അനുമോദനവും കിട്ടും. ഇപ്പോഴും സിനിമയിൽ അഭിനയിക്കുമ്പോൾ പേടിയുണ്ട്. എന്നിരുന്നാലും പണ്ടത്തെ അത്ര ഇല്ല.
കൈയ്യൊപ്പിന്റെ സെറ്റിൽ പോകുമ്പോൾ നൊയമ്പ് കാലത്താണ് ഈ സിനിമ നടക്കുന്നത്. എന്റെ ആറാമത്തെ സിനിമയാണത്. ഷൂട്ടിനിടയിൽ ഭയമാണ്. ഞാൻ ഒരു സീനിൽ ചൂലൊക്കെ പിടിച്ച് വരുന്നുണ്ട്. അപ്പോൾ ചൂലൊക്കെ വിറക്കുകയായിരുന്നു. അങ്ങനെ ആ സീൻ കട്ട് ചെയ്യാൻ പറഞ്ഞു. മമ്മൂട്ടി എന്നെ അടുത്തേക്ക് വിളിച്ചു. നിനക്കെന്താ പ്രശ്നമെന്ന് ചോദിച്ചു, പേടിക്കുന്നുണ്ടോയെന്ന് ചോദിച്ചു, പേടിയുണ്ടെങ്കിൽ പേടിക്കേണ്ട എന്നൊക്കെ പറഞ്ഞു. ചില രംഗങ്ങളിൽ അഭിനയിക്കാൻ സഹായിച്ചു. മൊത്തത്തിൽ ധൈര്യം കിട്ടി, മമ്മൂട്ടിയെ കൂടാതെ രഞ്ജിത്തേട്ടന്റെ പിന്തുണയും ഉണ്ടല്ലോ.
ഞാൻ കൈ വിടർത്തി വെച്ചാണ് നിൽക്കുന്നത്. അങ്ങനെ ചെയ്യരുതെന്ന് രഞ്ജിത്തേട്ടൻ എന്നോട് പറഞ്ഞു. പക്ഷെ എനിക്ക് അത് സാധിക്കില്ലായിരുന്നു. അപ്പോൾ മമ്മൂക്ക ഇംഗ്ലീഷിൽ പറയുന്നത് കേട്ടു, അതൊരു ബേസിക് പ്രോബ്ലം ആണെന്ന്. മമ്മൂക്ക പച്ചക്ക് പറഞ്ഞതാണ് ഞാൻ രണ്ടുപേരെ പടത്തിൽ കയറ്റുമെന്ന്. കളർ പറഞ്ഞാണ് പറഞ്ഞത്. ഒരു കറത്തവനേയും വെളുത്തവനേയും രക്ഷപ്പെടുത്തുമെന്നാണ് പറഞ്ഞത്. കൈയ്യൊപ്പ് എനിക്കും കറുത്ത ബിജുക്കുട്ടന് പോത്തൻവാവയും തന്നു.
കോടികൾ ഇറക്കി സിനിമ എടുത്തത് കൊണ്ട് കാര്യമൊന്നുമില്ല. ജനങ്ങൾക്ക് ഇഷ്ടപ്പെടണം. എല്ലാ സിനിമകളും വിജയിക്കണമെന്നാണ് ആഗ്രഹം. എന്നാലെ താരങ്ങൾക്ക് അവസരം കിട്ടൂ. ഇൻഡസ്ട്രി നിലനിൽക്കാൻ എല്ലാ സിനിമകളും വിജയിക്കണം. ‘ഒരുമ്പെട്ടവനും’ വിജയിക്കണം’, ജാഫർ ഇടുക്കി പറഞ്ഞു.
അതേസമയം, ഒരുമ്പെട്ടവൻ എന്ന ചിത്രമാണ് നടന്റേതായി പുറത്തെത്താനുള്ളത്. ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി എന്നിവരാണ് പ്രധാന കഥാപാത്രങ്ഹളായി എത്തുന്നത്. കേരള മനഃസാക്ഷിയെ പിടിച്ചു കുലുക്കിയ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്. സിനിമയിൽ വലിയ പ്രതീക്ഷയാണ് പുലർത്തുന്നതെന്നും ജാഫർ ഇടുക്കി പറഞ്ഞിരുന്നു. ദക്ഷിണ കാശി പ്രൊഡക്ഷന്റെ ബാനറിൽ സുജീഷ് ദക്ഷിണകാശി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവ കുമാർ എസ് നിർവഹിക്കുന്നു.
