ചോര കണ്ട് തുടങ്ങിയ അപര്‍ണ വാക്ക് പാലിച്ചു… ചോര കണ്ടതും ചോര കാണിച്ചതും ഞാന്‍ ആണ്… സ്മരണ വേണം.. കുറിപ്പുമായി സംവിധായകന്
സൂര്യ കേന്ദ്ര കഥാപാത്രമായി പ്രദര്‍ശനത്തിന് എത്തിയ സൂരറൈ പോട്രുവിന് മികച്ച പ്രതികരണങ്ങളാണ് സിനിമാപ്രേമികൾ നൽകിയത്. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണെന്നാണ് അഭിനേതാക്കൾ ഉൾപ്പടെയുള്ളവർ അഭിപ്രായപ്പെടുന്നത്. ചിത്രത്തിലെ അപർണ ബാലമുരളിയുടെ നായിക കഥാപാത്രവും മികച്ച അഭിപ്രായം നേടി. അപര്‍ണയുടെ ബൊമ്മി എന്ന കഥാപാത്രത്തെ പ്രേക്ഷകരും സിനിമാലോകവും ഏറ്റെടുത്ത കഴിഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചിത്രത്തിലെ ബൊമ്മിയെന്നാണ് അപര്‍ണ പറഞ്ഞത്. ഇപ്പോൾ ഇതാ ബൊമ്മിയെ പുകഴ്ത്തിയും തന്നോട് സ്മരണ വേണമെന്നും പറയുകയാണ് നടനും സംവിധായകനുമായ തരുണ്‍ മൂര്‍ത്തി.
തരുണ്‍ മൂര്‍ത്തിയുടെ കുറിപ്പ്:
തൃശിവപേരൂര് ക്ലിപ്തം സിനിമയില്‍ ആണ് ഞാന്‍ ആദ്യമായി അഭിനയിക്കുന്നത്, ഓരോറ്റ സീനില്‍, ഒരു ചെറിയ വേഷം. ഞാന്‍ അന്ന് ചെയ്ത എന്റെ സുഹൃത്ത് ഉണ്ണി ഫൈന്ഡേയുടെ കാക്ക എന്ന ഷോര്‍ട്ട് ഫിലിം കണ്ടിട്ട് എന്നെ രതിഷേട്ടന്‍ ( Ratheish Kumar) വിളിക്കുന്നത്. ലോട്ടറി അടിച്ച പോലെയാണ് എനിക്ക് തോന്നിയത്. നിക്കണ നിപ്പില് തൃശൂര്‍ക്ക് പ്രൊഡക്ഷന്‍ ഫ്ലാറ്റിലേക്ക് വെച്ച് പിടിച്ചു. അങ്ങനെ തൃശൂര്‍ എത്തി റാഫിഖ് ഇക്കയെയും കണ്ടു. നീ ആ വേഷം ചെയ്യുന്നു എന്ന്, കഥയുടെ ഒരു രൂപരേഖയൊക്കെ കേട്ട്, കഥാപാത്രതെ പറ്റിയൊക്കെ പഠിച്ചു വീട്ടിലേക്കു തിരിച്ചു വരുമ്പോ ലോകം കീഴടക്കിയ ഭാവം ആയിരുന്നു എനിക്ക്.
ഒരുപാട് നാളത്തെ ഒരു ശ്രമം ആദ്യമായി നടക്കാന്‍ പോകുന്നു. എല്ലാരേയും വിളിച്ചു വീമ്പ് പറഞ്ഞു. ആദ്യമായി ഒരു സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു. 10-15 ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും കാള്‍ വരുന്നു, ഷൂട്ട് ഡേറ്റ് കിട്ടുന്നു, താടിയും മുടിയും ഒകെ പറ്റുന്ന പോലെ വളര്‍ത്തി ഒരൊറ്റ പോക്ക്.. ഷൂട്ടിന് ചെല്ലുമ്പോൾ ആണ് അറിയുന്നു ഒരു ഫൈറ്റ് സീന്‍ ആണെന്ന്, അതും ഡ്യൂപ്പ് ഇല്ലാതെ ചെയ്യണം, അപര്‍ണയും ആയാണ് അടി ഉണ്ടാകേണ്ടത്. ഫൈറ്റ് മാസ്റ്റര്‍ റണ്‍ രവിയാണ്. പേരൊക്കെ തമിഴ് പടങ്ങളില്‍ കണ്ടിട്ടുണ്ട്, ആരോ മൂലയില്‍ നിന്ന് പറഞ്ഞു റണ്‍ രവി ആണേല്‍ ഓട്ടം തന്നെ. ബ്രോ ഓള് ദ ബെസ്റ്റ്.
പറഞ്ഞ പോലെ തന്നെ, ഓട്ടം തന്നെ ഓട്ടം.. നിലത്ത് നിന്നിട്ടില്ല.പൊരിഞ്ഞ പോരാട്ടം.. അങ്ങനെ അപര്‍ണ ബലമുരളിയ്ക്ക് ഒപ്പവും ആസിഫ് ഇക്കയ്ക്ക് ഒപ്പവും ഞാന്‍ ആദ്യമായി അഭിനയിച്ചു. ഒരു പ്രധാന സംഘടനം അപര്‍ണയുമായി തൃശൂര്‍ ബസ് സ്റ്റാന്റിലെ ഒരു മൂത്രപുരയില്‍ കിടന്നാണ്. മാസ്റ്റര്‍ വന്ന് അങ്ങോട്ടും ഇങ്ങോട്ടും അടിച്ചോളാന്‍ പറഞ്ഞു. രതിഷേട്ടന്‍ ആകട്ടെ നാച്ചുറല്‍ ആക്കണം അത്രേ. നാച്ചുറല്‍.. നല്ല ഒന്നാന്തരം അടി, അങ്ങോട്ടും ഇങ്ങോട്ടും.. കൈ കിട്ടിയത് ഒകെ രണ്ട് പേരും അങ്ങോട്ടും ഇങ്ങോട്ടും എടുത്ത് എറിഞ്ഞു, അടിച്ചു. ഒരു ഗ്രിപ്പ് ഇല്ലാത്ത ജാമ്പവാന്റെ കാലത്തെ ഷൂ ആണ് എനിക്ക് കാലില്‍ ഇടാന്‍ തന്നേക്കുന്നത്. അത് കൊണ്ട് വീഴാന്‍ പറഞ്ഞാല്‍ ഞാന്‍ തെന്നി അങ്ങ് വീഴും, മനപ്പൂര്‍വം അല്ല ഗ്രിപ്പ് ഇല്ലാത്ത കൊണ്ട് സംഭവിച്ചു പോകുന്നതാണ്. അങ്ങനെ അടിയുടെ ആവേശത്തില്‍ ആത്മാര്‍ത്ഥത കൂടി ഞാന്‍ അങ്ങ് ഉരുണ്ട് മറിഞ്ഞു ആക്കി അവിടെ ഒരു വാഷ് ബേസിന് മണ്ടയ്ക്ക് പോയി വീണ്.
അത് നിലത്ത് വീണ് പൊട്ടി.. അതിന്റെ ചില്ലുകള്‍ അപര്‍ണയുടെ കാലിലും എന്റെ കാലിലും ഓക്കേ കയറി ഞങ്ങള്‍ ചോരയില്‍ കുളിച്ചു നില്ക്കുമ്പോൾ .. സെറ്റ് നിശ്ശബ്ദമായി ഞാന്‍ നോക്കുമ്പോ സെറ്റ് മുഴുവന്‍ അപര്‍ണയെ പൊതിഞ്ഞു, അപര്ണയ്ക്ക് പരിക്ക്. അപര്ണയ്ക്ക് പരിക്ക്… അപര്ണയ്ക്ക് മരുന്ന്, അപര്ണയ്ക്ക് വെള്ളം അപര്ണയ്ക്ക് ബിസ്ക്കറ്റ്, ചോരയില്‍ കുളിച്ചു കാലിലെ മുറിവ് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്ന ഞാന്‍ മേക്കപ്പ് അസിസ്റ്റന്റ് ചേട്ടനോട് ചോദിച്ചു ചേട്ടാ ഇച്ചിരി സ്പ്രേ മുറിവില്‍ അടിക്കാമോ എന്ന്.. അപ്പോ ആ മഹാപാപി പറയുകയാ ഇത് അപര്ണയ്ക്ക് ഉള്ളതാണെന്ന് ഞാന്‍ ചോരയും, മുറിവും, ചതവുമായി ഒരു മൂലയ്ക്ക്, റഫീഖ് ഇക്കയാണ് എന്റെ അടുത്ത് വന്ന് ഇരുന്ന് എനിക്ക് മരുന്നൊക്കെ വെച്ച് തന്നത്. അന്ന് ഇക്ക എന്റെ അടുത്ത് പറഞ്ഞു..ചോര കണ്ടാണ് തുടക്കം. കത്തി കയറും എന്ന്.. എഴുന്നേറ്റു നിക്കാന്‍ വയ്യ എങ്കിലും മനസ് കൊണ്ട് ഇക്കയെ ഒന്ന് കെട്ടി പിടിച്ചു. അങ്ങനെ ഞൊണ്ടി ഞൊണ്ടി എങ്ങനെയൊക്കെയോ അത് അഭിനയിച്ചു പൊന്നു.
സിനിമ ഇറങ്ങിയപ്പോ ഒരുപാട് ശ്രദ്ധിക്കപ്പെട്ട ഒരു സീന്‍ ആയിരുന്നു അത്. ഒരു തുടക്കകാരന് കിട്ടാവുന്ന നല്ല ഒരു സീന്‍. പക്ഷെ പിന്നെ എന്തോ അവസരങ്ങള്‍ ഒന്നും വന്നില്ല..നമ്മള് ചോദിച്ചും ഇല്ല. ആരും തന്നുമില്ല..! പക്ഷെ..ആ സിനിമയിലെ പലരും എന്റെ സഹോദരതുല്യരായി. കൂട്ടുകാരായി. ഇന്ന് ഒരു Operation Java എഴുതി സംവിധാനം ചെയ്തപ്പോ അതിലെ പലരും വീണ്ടും എനിക്ക് ഒപ്പം എത്തി. Alexander Prasanth Irshad Ali രതിഷേട്ടന്‍, അഖില്‍, ദിനേശേട്ടന് അങ്ങനെ അങ്ങനെ.. ചോര കണ്ട് തുടങ്ങിയ അപര്‍ണ വാക്ക് പാലിച്ചു.വളര്‍ന്നു പന്തലിച്ചു തമിഴ് ലോകം കീഴടക്കി.ഞെട്ടിച്ചു ബൊമ്മി, മധുര ഭാഷയൊക്കെ അമ്മാതിരി പെര്ഫെക്ഷന്, ചോര കണ്ടതും ചോര കാണിച്ചതും ഞാന്‍ ആണ്. സ്മരണ വേണം
