തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്; അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണെന്ന് സുഹൃത്തുക്കൾ
സിനിമ നിര്‍മാതാവും പാചക വിദഗ്ധനുമായ നൗഷാദ് അന്തരിച്ചുവെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയിലാണെന്നും സുഹൃത്തും നിര്‍മാതാവുമായ നൗഷാദ് ആലത്തൂര്‍ വ്യക്തമാക്കി.
നിര്‍മ്മാതാവ് നൗഷാദ് ആലത്തൂരാണ് നൗഷാദ് ഗുരുതരാവസ്ഥില്‍ ആണെന്ന് വെളിപ്പെടുത്തിയത്. തിരുവല്ലയിലെ സ്വകാര്യആശുപത്രിയിൽ വെന്റിലേറ്ററിലാണ് നൗഷാദെന്നും ഏവരും അദ്ദേഹത്തിനു വേണ്ടി പ്രാർഥിക്കണമെന്നും നിർമാതാവ് നൗഷാദ് ആലത്തൂർ അറിയിച്ചിരുന്നു.
”എന്റെ പ്രിയ സുഹൃത്ത് ഷെഫ് പ്രൊഡ്യൂസറും ആയ നൗഷാദ് അദ്ദേഹത്തിന്റെ ആരോഗ്യനില വളരെ ഗുരുതരമാണ് ഇപ്പോൾ തിരുവല്ല ഹോസ്പിറ്റലിൽ വെൻറിലേറ്റർ ഇൽ ആണ് അദ്ദേഹത്തിനു വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന്റെ ഭാര്യ നമ്മളെല്ലാം വിട്ടുപിരിഞ്ഞ പോയത് ഒരു മകൾ മാത്രമാണ് ഇവർക്കുള്ളത്” നൗഷാദ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞിരുന്നു
ടെലിവിഷന്‍ ചാനലുകളില്‍ പാചകവുമായി ബന്ധപ്പെട്ട പരിപാടികളില്‍ അവതാരകനായെത്തിയിരുന്നു. പാചകരംഗത്ത് വൈദഗ്ധ്യം തെളിയിച്ച നൗഷാദിന് തിരുവല്ലയില്‍ ഹോട്ടലും കാറ്ററിങ് സര്‍വീസും ഉണ്ട്.കാഴ്ച, ചട്ടമ്പിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് നൗഷാദ്.
