ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ; ‘കോബാള്‍ട്ട് ബ്ലൂ’, ഹിന്ദി-ഇംഗ്ലീഷ് ചിത്രത്തില്‍; ചിത്രീകരണം കൊച്ചിയിൽ
ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി പൂര്‍ണിമ ഇന്ദ്രജിത്ത്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിന് കുന്ദല്‍ക്കറിന്റെ ‘കൊബാള്‍ട്ട് ബ്ലൂ’വില്‍ പ്രധാന കഥാപാത്രമായിട്ടാണ് പൂര്‍ണിമ ഇന്ദ്രജിത്ത് എത്തുന്നത്. 2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ സച്ചിന് കുന്ദല്‍ക്കറിന്റെ ‘കൊബാള്‍ട്ട് ബ്ലൂ’ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ. കൊച്ചിയിലാണ് ചിത്രീകരണം. ലൊക്കേഷനിലെ ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പൂര്‍ണിമ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു
പ്രതീക് ബബ്ബര്‍ ആണ് ചിത്രത്തിലെ നായകന്. നീലയ്, അഞ്ജലി ശിവരാമന്, ഗീതാഞ്ജലി കുല്‍ക്കര്‍ണി എന്നിവരാണ മറ്റ് താരങ്ങള്‍. തനയ്, അനുജ എന്ന സഹോദരിമാരുടെ കഥയാണ് കൊബാള്‍ട്ട് ബ്ലൂ നോവല്‍ പറയുന്നത്. ഇവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കാനെത്തുന്ന യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നു.
കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ലൈംഗികത, സമൂഹം തുടങ്ങിയ വിഷയങ്ങളെ പ്രതിപാദിക്കുന്നതാണ് നോവല്‍. ഓപ്പണ്‍ എയര്‍ ഫിലിംസാണ് ചലച്ചിത്രാവിഷ്കാരം നെറ്റ്ഫ്ളിക്സിനു വേണ്ടി ഈ ചിത്രം നിര്‍മിക്കുന്നത്.
വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നിന്ന പൂര്‍ണിമ വര്‍ഷങ്ങള്‍ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് മടങ്ങിയെത്തിയത്. നിവിന്‍ പോളി ചിത്രം തുറമുഖമാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റൊരു ചിത്രം.
