നാദിർഷായെയും കൂട്ടരെയും ഞാന്‍ വിടില്ല! ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാൻ പോകൂ….ഈ പേരിൽ സിനിമ ഇറക്കാമെന്ന് വിചാരിക്കേണ്ട, ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാർക്ക് വളം; കട്ട കലിപ്പിൽ പിസി ജോർജ്
അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്, മേരാ നാം ഷാജി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ ഒരുക്കുന്ന ചിത്രമാണ് ഈശോ. ചിത്രത്തിന്റെ പേരിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് ഈ ടൈറ്റില്‍ എന്നാണ് ചില വൈദികരും വിശ്വാസികളും ആരോപിച്ച് രംഗത്തെത്തിയത്.
എന്നാല്‍, സിനിമയുടെ പേര് മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും താന്‍ ഏറെ ബഹുമാനിക്കുന്ന പ്രവാചകനായ ജീസസുമായി ഈ സിനിമക്ക് യാതൊരു ബന്ധവുമില്ലെന്നും, ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രമാണെന്നും നാദിര്‍ഷ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു ,
ഈശോ’ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പി.സി. ജോർജ്. ഈ പേരിൽ സിനിമ ഇറക്കാമെന്ന് നാദിർഷ വിചാരിക്കേണ്ടെന്നും വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പി.സി.ജോർജ് പറഞ്ഞു.
പി.സി. ജോർജിന്റെ വാക്കുകൾ:
‘‘ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാർ ഉണ്ട്. ഇപ്പോൾ മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങൾ എടുത്തുനോക്കുക. മിക്ക ഗുണ്ടകളും ക്രിസ്ത്യാനികൾ ആയിരിക്കും, അവന്റെ കഴുത്തിൽ ഒരു കുരിശും കാണും. ഇത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. പരാതികൾ കുറച്ച് നാളുകളുമായി എനിക്ക് കിട്ടുന്നുണ്ടായിരുന്നു. ഞാൻ ഇപ്പോൾ സിനിമകൾ കാണാൻ തുടങ്ങിയിരിക്കുന്നു.
കേരളത്തിൽ ഏറ്റവും വലിയ സാംസ്കാരികമൂല്യങ്ങൾക്ക് വിലകൽപിച്ച സഭയാണ് ക്രൈസ്തവ സഭ. സമൂഹത്തിനു വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാ നന്മകളും ഇവർ ചെയ്തു. ഇത് വൃത്തികെട്ട അനീതിയാണ്. ചോദിക്കാനും പറയാനും ആരുമില്ല എന്ന തോന്നലാണ് ഇത്തരക്കാർക്ക് വളം. നാദിർഷായെയും കൂട്ടരെയും ഞാന്‍ വിടില്ല. ക്രിസ്ത്യൻ സമൂഹത്തെ മാത്രമല്ല, അതിപ്പോൾ മുസ്ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാൻ വിടില്ല. ഞാനൊരു പൊതുപ്രവർത്തകനാണ്. എംഎൽഎ അല്ലാത്തതിനാൽ ധാരാളം സമയം കിട്ടുന്നുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാൻ പോകൂ.
നാദിർഷയെ പോലൊരാൾ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർക്കുമ്പോഴാണ് വിഷമം. ഈ പേരിൽ സിനിമ ഇറക്കാമെന്ന് വിചാരിക്കേണ്ട. അങ്ങനെയെങ്കിൽ ഒരു തിയറ്ററിലും ഈ ചിത്രം പ്രദർശിപ്പിക്കുകയുമില്ല. കേരളം മുഴുവൻ ഞാൻ ഇറങ്ങും.’’
നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥന്, ഈശോ എന്നീ സിനിമകളുടെ പേര് മാറ്റണമെന്ന ആവശ്യവുമായി ക്രൈസ്തവ സംഘടനകൾ രംഗത്തുവന്നിരുന്നു. യേശുവിനെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കുന്നതാണ് രണ്ട് സിനിമകളുടെയും പേര് എന്നായിരുന്നു ആരോപണം.
