Malayalam
‘നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളുടെ അത്രയും കൂടെ പക്വത ഇല്ലേയെന്ന് ഭാര്യ ചോദിക്കാറുണ്ട്, അതുപോലെ ദിലീപിന്റെയടുത്തും ചോദിച്ചിട്ടുണ്ടാകണം’; നാദിര്‍ഷ
‘നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളുടെ അത്രയും കൂടെ പക്വത ഇല്ലേയെന്ന് ഭാര്യ ചോദിക്കാറുണ്ട്, അതുപോലെ ദിലീപിന്റെയടുത്തും ചോദിച്ചിട്ടുണ്ടാകണം’; നാദിര്‍ഷ
സിനിമയ്ക്ക് അകത്തും പുറത്തും അടുത്ത സുഹൃത്തുക്കളാണ് ദിലീപും നാദിര്‍ഷയും. മിമിക്രിയുമായി നടന്നിരുന്ന കാലം മുതല്‍ക്കെയുള്ള കൂട്ടുക്കെട്ട് ഇപ്പോഴും ഇരുവര്‍ക്കുമിടയിലുണ്ട്. ദിലീപ് ജീവിതത്തിലെ ഏറ്റവും വലിയ വിവാദങ്ങള്‍ നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്ന് പോയപ്പോഴും നടന് വേണ്ടി സംസാരിക്കാന്‍ നാദിര്‍ഷയുണ്ടായിരുന്നു. ദിലീപും നാദിര്‍ഷയും മാത്രമല്ല, അവരുടെ കുടുംബങ്ങള്‍ തമ്മില്‍ വളരെയടുത്ത ബന്ധമാണ് ഉള്ളത്. ഇരുവരുടെ മക്കളും അടുത്ത സുഹൃത്തുക്കളാണ്.
നാദിര്‍ഷയുടെ മക്കളായ ആയിഷയും ഖദീജയും ദിലീപിന്റെ മകള്‍ മീനാക്ഷിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. മൂവരെയും ഒരുമിച്ച് പല ഇവന്റുകളിലും കാണാറുണ്ട്. താരപുത്രിയാണെങ്കിലും സിനിമാ ലോകത്ത് മീനാക്ഷിയ്ക്ക് അടുത്ത സുഹൃത്തുക്കള്‍ കുറവാണ്. ഇപ്പോഴിതാ മീനാക്ഷിയും തന്റെ മക്കളും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിക്കുകയാണ് നാദിര്‍ഷ. തന്നേക്കാളും ദിലീപിനേക്കാളും പക്വതയുള്ളവരാണ് രണ്ട് പേരുടെയും മക്കളെന്ന് നാദിര്‍ഷ പറയുന്നു.
‘എന്നേക്കാളും ദിലീപിനേക്കാളും വിവരമുണ്ട്. കുറച്ച് കൂടെ പക്വതയുണ്ട്. ഞങ്ങള്‍ മാത്രമേ പിള്ളേര് കളി കളിച്ച് നടക്കുന്നുള്ളൂ. അവന്റെ സ്വഭാവത്തിനും വലിയ പക്വതയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ഞങ്ങളൊക്കെ കൂടുമ്പോള്‍ അങ്ങനെയാണ്. മക്കളൊക്കെ എത്രയോ ഭേദമെന്ന് അപ്പോള്‍ തോന്നും. നിങ്ങള്‍ക്ക് നിങ്ങളുടെ മക്കളുടെ അത്രയും കൂടെ പക്വത ഇല്ലേയെന്ന് ഭാര്യ ചോദിക്കാറുണ്ട്. അതുപോലെ അവന്റെയടുത്തും ചോദിച്ചിട്ടുണ്ടാകണം,’ എന്നും നാദിര്‍ഷ പറയുന്നു.
മക്കളെക്കുറിച്ച് നേരത്ത ദിലീപും സംസാരിച്ചിട്ടുണ്ട്. മൂത്ത മകള്‍ മീനാക്ഷി അധികം സംസാരിക്കാത്ത പ്രകൃതമാണെന്നും ഇളയ മകള്‍ മഹാലക്ഷ്മി വികൃതിയാണെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു. മീനാക്ഷിയുടെ പക്വതയെക്കുറിച്ചും ദിലീപ് സംസാരിക്കുകയുണ്ടായി. മീനൂട്ടി പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് അവളേറ്റവും വലിയ പ്രശ്‌നം അഭിമുഖീകരിച്ചത്. അവളോടുള്ള ബഹുമാനം എന്തെന്നാല്‍ ആ സമയത്താണ് അവള്‍ നല്ല മാര്‍ക്കോടെ പാസായത്.
നീറ്റിന് വേണ്ടി പഠിക്കേണ്ടത് ഒരു വര്‍ഷമാണ്. മൂന്ന് മാസം ക്രാഷ് കോഴ്‌സ് ചെയ്ത് അവള്‍ നീറ്റ് എക്‌സാം പാസായി. ഒരിക്കല്‍ പോലും മകളോട് പഠിക്ക് എന്ന് പറയേണ്ടി വന്നിട്ടില്ലെന്നും ദിലീപ് വ്യക്തമാക്കി. മാതാപിതാക്കളുടെ പാത പിന്തുടര്‍ന്ന് മീനാക്ഷിയും സിനിമാ രംഗത്തേക്ക് വരണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ മീനാക്ഷി പങ്കുവെക്കാറുള്ള ഡാന്‍സ് വീഡിയോകള്‍ ശ്രദ്ധ നേടാറുണ്ട്.
അതേസമയം സിനിമയിലേക്ക് കടന്ന് വരുന്നതിനെക്കുറിച്ച് മീനാക്ഷിയോ കുടുംബമോ പ്രതികരിച്ചിട്ടില്ല. ബാന്ദ്രയാണ് ദിലീപിന്റെ ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രത്തില്‍ തമന്നയാണ് നായികയായെത്തിയത്. മറുവശത്ത് മഞ്ജു വാര്യരും സിനിമാ ലോകത്ത് സജീവമാണ്.
തമിഴിലുള്‍പ്പെടെ ഒന്നലേറെ പ്രൊജക്ടുകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിവാഹമോചനത്തിന് ശേഷമാണ് മഞ്ജു അഭിനയ രംഗത്തേക്ക് കതിരിച്ച് വന്നത്. മറുവശത്ത് ദിലീപിനെ വിവാഹം ചെയ്ത ശേഷം കാവ്യ മാധവന്‍ അഭിനയ രംഗം വിട്ടും. 2016 ലായിരുന്നു കാവ്യദിലീപ് വിവാഹം. കുടുംബ ജീവിതത്തിലേക്കാണ് കാവ്യ മാധവന്‍ ഇന്ന് ശ്രദ്ധ നല്‍കുന്നത്.
ദിലീപ് ഏറ്റവും കൂടുതല്‍ സന്തോഷവാനായിരിക്കുന്നത് എപ്പോഴായിരിക്കുമെന്ന ചോദ്യത്തിന് അവന്‍ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസം എന്നായിരുന്നു നാദിര്‍ഷ പ്രതികരിച്ചത്. ദിലീപിന്റെ കാര്യങ്ങളൊക്കെ എനിക്ക് അറിയാവുന്നതാണ്. അവന്‍ നിരപരാധിയാണെന്ന് ലോകം അറിയുന്ന ദിവസത്തിന് വേണ്ടിയിട്ടാണ് അവന്‍ കാത്തിരിക്കുന്നത്. ആ ദിവസത്തിനുവേണ്ടി, അവനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ആളാണ് ഞാന്‍.
നമ്മുക്ക് അറിയാലോ, ആളുകള്‍ പറയുന്നത് പോലെയല്ല കാര്യങ്ങളെന്ന്. നൂറ്റിപ്പത്ത് ശതമാനം അവന്‍ നിരപരാധിയാണെന്ന് അറിയുന്ന സുഹൃത്തുക്കളാണ് ഞങ്ങള്‍. അത് ജനങ്ങളിലേയ്ക്ക് എത്തുന്ന ഒരു ദിവസം, അതിനാണ് ഞാനും അവന്റെ കുടുംബുമെല്ലാം കാത്തിരിക്കുന്നത്’, എന്നും നാദിര്‍ഷ പറഞ്ഞു.
നടി കേസില്‍ നിരവധി തവണ നാദിര്‍ഷയേയും പോലീസ് ചോദ്യം ചെയ്തിരുന്നു. നാദിര്‍ഷാ തനിക്ക് പണം നല്‍കിയതായി കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍. തൊടുപുഴയിലെ സിനിമാ ലൊക്കേഷനില്‍ വച്ച് 25,000 രൂപ നല്‍കിയെന്നായിരുന്നു സുനി പോലീസിന് നല്‍കിയ മൊഴി.