Malayalam
‘ദൃശ്യം 2’ വിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
‘ദൃശ്യം 2’ വിന് ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
‘ദൃശ്യം 2’ന്റെ വൻ വിജയത്തിനു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു. ’12th മാൻ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ
മിസ്റ്ററി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രം നിര്‍മ്മാണം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിർവ്വഹിക്കുന്നത്. അടുത്തിടെ പ്രഖ്യാപിക്കപ്പെട്ട, പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ‘ബ്രോ ഡാഡി’യേക്കാള്‍ മുന്‍പേ ചിത്രീകരണം നടക്കുക ജീത്തു ജോസഫ് ചിത്രത്തിന്റേതായിരിക്കും.
അതേസമയം, മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന മറ്റൊരു ചിത്രമായ ‘റാം’ കൊവിഡ് സാഹചര്യത്തില്‍ ചിത്രീകരണം മുടങ്ങിയിരിക്കുകയാണ്. വിദേശത്തും ഷൂട്ടിംഗ് പ്ലാന്‍ ചെയ്തിരുന്ന ചിത്രത്തിന്റെ ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയാകാനിരിക്കെയായിരുന്നു കൊവിഡ് ആദ്യതരംഗവും പിന്നാലെയുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനവും.
കുറച്ചു ദിവസങ്ങള്‍ ആവശ്യമുള്ള ഇന്ത്യന്‍ ഷെഡ്യൂളിനു ശേഷം ലണ്ടന്‍, ഉസ്ബെക്കിസ്ഥാന് ഷെഡ്യൂളുകളാണ് ചിത്രത്തിന് പൂര്‍ത്തിയാക്കാനുള്ളത്. കൊവിഡ് സാഹചര്യത്തില്‍ മാറ്റം വരുന്ന മുറയ്ക്ക് ഈ ചിത്രത്തിലേക്കും ജീത്തുവിന് കടക്കേണ്ടതുണ്ട്.
പ്രിയദർശന്റെ ‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’, ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ തുടങ്ങിയവയാണ് മോഹന്‍ലാലിന്റേതായി റിലീസിന് തയാറെടുക്കുന്ന ചിത്രങ്ങള്‍.
