Malayalam
എട്ടാം ക്ലാസുകാരിയുടെ ആദ്യ പ്രണയം; നെഞ്ചിലേക്ക് പാഞ്ഞുകയറിയ ആ ഗാനം ഹൃദ്യമായ ഒരു കുറിപ്പുമായി പങ്കുവച്ച് വിധു വിൻസെന്റ്
എട്ടാം ക്ലാസുകാരിയുടെ ആദ്യ പ്രണയം; നെഞ്ചിലേക്ക് പാഞ്ഞുകയറിയ ആ ഗാനം ഹൃദ്യമായ ഒരു കുറിപ്പുമായി പങ്കുവച്ച് വിധു വിൻസെന്റ്
നീ മധു പകരൂ, മലര് ചൊരിയൂ… അനുരാഗ പൗര്‍ണ്ണമിയെ… നീ മായല്ലേ, മറയല്ലേ നീല നിലാവൊളിയേ ….” എന്ന ഗാനം മലയാളികളുടെ മനസ്സില്‍ മായാത്ത ഓര്‍മകളായി ഇന്നുമുണ്ട്. പലപ്പോഴും നാം മൂളുന്ന ഈ ഗാനം 1970ല്‍ പുറത്തിറങ്ങിയ മൂടല്‍ മഞ്ഞ് എന്ന സിനിമയിലേതാണ്. പി. ഭാസ്കരന്റെ വരികള്‍ക്ക് ഉഷാഖന്ന സംഗീത സംവിധാനം നിര്‍വഹിച്ച് യേശുദാസ് പാടിയതയായിരുന്നു ആ ഗാനം. എന്നാൽ ആ വരികളുമായി ബന്ധപ്പെട്ട ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായക. തന്റെ പിറന്നാള്‍ ദിനത്തില്ലാണ് ഹൃദ്യമായ ഒരു കുറിപ്പ് പങ്കുവയ്ക്കിരുന്നത്. എട്ടാം ക്ലാസുകാരിയുടെ ആദ്യ പ്രണയവും അന്ന് നെഞ്ചിലേക്ക് പാഞ്ഞുകയറിയ ഈ ഗാനത്തെ കുറിച്ചും ഹൃദയകാരിയായ കുറിപ്പാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് കൂടിയായ വിധു തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
- കുറിപ്പിന്റെ പൂര്‍ണരൂപം
അനുരാഗ പൗര്‍ണ്ണമിയും ഞാനും
…………………..
അന്ന് ഞങ്ങളുടെ വീടിന്റെ പണി നടക്കുകയായിരുന്നു. ഞാന്‍ എട്ടാം ക്ലാസ്സിലും ഏട്ടന് 10ലും. വീടിന്റെ തൊട്ടു മുന്നിലുള്ള ടീച്ചറിന്റെ വീട്ടില്‍ ഏട്ടന് ട്യൂഷന് ഏര്‍പ്പാട് ചെയ്തിരുന്നു. ഇതിനിടയില്‍ അവന്റെ ഒരു ചങ്ങാതിയും ട്യൂഷനായി അവിടെ എത്തി തുടങ്ങി. ഇതിനും മുമ്ബ് ഏട്ടനെ ട്യൂഷന് വിട്ട ചില സ്ഥലങളില് അവന് കൃത്യമായി എത്തുന്നില്ല എന്ന വിവരം വീട്ടുകാര്‍ക്ക് അറിയാമായിരുന്നതു കൊണ്ട് പുതിയ ടീച്ചറിന്റെ അടുത്ത് അവന് കൃത്യമായി എത്തുന്നുണ്ടോ, അവിടിരുന്ന് പഠിക്കുക തന്നെയാണോ എന്നൊക്കെ ‘നിരീക്ഷിക്കുന്ന ‘പണി ഞാനക്കാലത്ത് സ്വമേധയാ ഏറ്റെടുത്തിരുന്നു.
ഏട്ടന് വൈകി ക്ലാസിനെത്തുക, പഠിപ്പിക്കുന്നതിനിടെ ടീച്ചറിന്റെ കണ്ണൊന്ന് തെറ്റിയാല്‍ അവന് മറ്റെന്തെങ്കിലും ചെയ്യുക തുടങ്ങി കുടുംബത്തിന്റെ ഭാവിയെ വരെ ബാധിച്ചേക്കാവുന്ന സുപ്രധാന വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് യഥാസമയം ചോര്‍ത്തി കൊടുക്കുക വഴി ഉച്ചക്ക് അഡീഷണല്‍ പൊരിച്ച മീന്‍, ചായക്ക് 2 ഏത്തക്കാപ്പം, നാരങ്ങാ മിഠായിക്കുള്ള കാശ് തുടങ്ങിയവ പോലുള്ള പ്രത്യേക ആനുകൂല്യങ്ങള്‍ വീട്ടുകാര്‍ എനിക്ക് അനുവദിച്ചു തന്നിരുന്ന കാലം.
–
വീടിന്റെ മുകളിലത്തെ മുറിയില്‍ നിന്നാല്‍ എതിരെയുള്ള ടീച്ചറിന്റെ വീടും അവിടെ കാര്‍പോര്‍ച്ചില്‍ ഒരു മേശക്ക് അപ്പുറത്തുമിപ്പുറത്തുമിരിക്കുന്ന ഏട്ടനെയും അവന്റെ ചങ്ങാതിയെയും കാണാം.ഒരു ദിവസം വൈകുന്നേരം ഞാനിങ്ങനെ ചാരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുമ്ബോള്‍ കാണുന്നത് ഏട്ടന്റെ പ്രസ്തുത ചങ്ങാതിയിരുന്ന് പാടുന്നതാണ്. അതും റേഡിയോയില്‍ നിന്നൊക്കെ വരുന്നത് പോലുള്ള നല്ല ശബ്ദത്തില്‍. അന്ന് പാടിയപാട്ടിന്റെ ഏതാനും വരികള്‍ മാത്രമാണ് ഓര്‍മ്മ നിന്നത്.
‘നീ മധു പകരൂ, മലര് ചൊരിയൂ
അനുരാഗ പൗര്‍ണ്ണമിയെ
നീ മായല്ലേ, മറയല്ലേ നീല നിലാവൊളിയേ ….”
നല്ല ഈണത്തില്‍ തലയും കയ്യുമൊക്കെ പാട്ടുകാരെ പോലെ ചലിപ്പിച്ച്, ഒരു പ്രത്യേക ഭാവത്തില്‍ ലയിച്ചങ്ങനെ പാടുകയാണ്. എനിക്കെന്തോ ഒരു വല്ലാത്ത കൗതുകം തോന്നി. കുറ്റിമുടിയും മുളച്ച് വരുന്ന പൊടിമീശയും കാപ്പി പൊടി വര്ണത്തിലെ കൃഷ്ണമണിയും നിരയൊത്ത പല്ലുകളും ഒക്കെയുള്ള പാട്ടു പാടുന്ന ആ ചെക്കന്റെ ശബ്ദവും മുഖവും ആ വൈകുന്നേരത്തില്‍ എന്റെ ഹൃദയത്തിലേക്കാണ് ഇടിച്ചിറങ്ങിയത്. അന്ന് രാത്രിയിലും പാട്ടിന്റെ ആദ്യ വരികള്‍ ചങ്കിലങ്ങനെ മുഴങ്ങി.
–
“നീ മധു പകരൂ, മലര് ചൊരിയൂ, അനുരാഗ പൗര്‍ണ്ണമിയെ… പക്ഷേ ആ എട്ടാം ക്ലാസ്സുകാരിക്ക് അനുരാഗ പൗര്‍ണ്ണമി എന്തെന്ന് ഒരു പിടുത്തവും കിട്ടിയില്ല. അച്ഛന് മലയാളം വാധ്യാരാണല്ലോ, നേരേ പോയി ചോദിച്ചു, “അനുരാഗ പൗര്‍ണ്ണമി എന്നാല്‍ എന്താണര്‍ത്ഥം?
“എവിടുന്നാ, പാഠഭാഗത്തിലേതാണോ? അച്ഛന്റെ മറു ചോദ്യം. ആണെന്ന് ,ഒരു കവിതയിലുള്ളതാണെന്ന് കള്ളം പറഞ്ഞു.
‘എന്നാ ടെക്സ്റ്റ് എടുത്തു കൊണ്ടു വരൂ’ എന്ന് അച്ഛന്. ഇതു കേട്ടതും ഞാനോടി ടോയ്ലറ്റില് പോയിരുന്നു. ഏത് ടെക്സ്റ്റ്? എവിടുത്തെ ടെക്സ്റ്റ് ? ഇന്നാണേ ജാങ്കോ, പെട്ടു എന്ന് പറയാമായിരുന്നു. കുറേ നേരം കഴിഞ്ഞ് ടോയ്ലറ്റില് നിന്നും ഇറങ്ങി പതുങ്ങി നിന്ന് അച്ഛനെ നോക്കുമ്ബോള്‍ അദ്ദേഹം മറ്റേതോ പണിയില്‍പെട്ട് അത് മറന്നു പോയിരുന്നു.
പാട്ടിനെയും പാട്ടുകാരനേയും അര്‍ത്ഥമറിയാത്ത അനുരാഗ പൗര്‍ണ്ണമിയേയും ആലോചിച്ചാലോചിച്ച് എപ്പഴോ ഉറങ്ങി പോയി. രാവിലെ അച്ഛന്’നീ ഇന്നലെ അന്വേഷിച്ച വാക്കില്ലേ, അനുരാഗ പൗര്‍ണ്ണമി ? രാഗം എന്നാല്‍ സ്നേഹം, പൗര്‍ണ്ണമി എന്നാല്‍ നിലാവ് എന്ന് വച്ചാല്‍ വിധു, നിന്റെ പേര് തന്നെയാണത് ‘-എന്ന് വിശദീകരിച്ചു.
–
ഈശ്വരാ… ഉള്ളതാണോ? എന്റെ തലയിലാണോ ഹൃദയത്തിലാണോ ആയിരം ലഡു പൊട്ടിയതെന്ന് അറിയില്ല. മനസില്‍ വരികളുടെ അര്‍ത്ഥം ഒന്നുകൂടി പറഞ്ഞു നോക്കി.. നിലാവിനോട് പറയുകയാണ്, മധു പകരാന്‍, മലര് ചൊരിയാന്‍. പ്രേമം ഒരു വിറയലായി പാഞ്ഞുകയറി ശരീരത്തെ കോരിത്തരിപ്പിച്ച അനര്‍ഘവും അനവദ്യവുമായ നിമിഷം. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസമേ ഏട്ടന് ആ ടീച്ചറിന്റെ വീട്ടില്‍ ട്യൂഷനുള്ളൂ. അവന്റെ ട്യൂഷന് ദിവസമാകാന്‍ ഞാന്‍ കാത്തുകെട്ടി ഇരിക്കാന്‍ തുടങ്ങി. ഏട്ടനെ നോക്കാന്‍ തുറന്നു വച്ച ചാരക്കണ്ണ് പ്രേമലോചനങ്ങളായി ഏട്ടന്റെ ചങ്ങാതിയെ നോക്കാന്‍ തുടങ്ങി.
ചിലപ്പോ ഏട്ടന് ഒറ്റക്കാവും, പാട്ടുകാരന് ഉണ്ടാവില്ല. അപ്പോള്‍ നിരാശയുടെയും വിഷാദത്തിന്റെയും പടുകുഴിയിലായി പോവും ഞാന്‍. പാവം അവനറിയില്ലല്ലോ, ഇവിടെ ഈയെട്ടാം ക്ലാസുകാരി അനുരാഗ പൗര്‍ണ്ണമിയായും നീല നിലാവൊളിയായും ഇങ്ങനെ ഒഴുകി പരക്കുകയാണെന്ന്.. നിര്‍ഭാഗ്യവശാല്‍ ആ സമയത്തൊന്നും ഈ പാട്ട് പൂര്‍ണ്ണമായി കേട്ടിട്ടില്ല.. മേശപ്പുറത്ത് കൊട്ടിയും തട്ടിയും രാഗതാള അകമ്ബടിയോടെ പാട്ട് മൂര്‍ദ്ധന്യത്തിലായി വരുമ്ബോഴേക്കും ട്യൂഷന് ടീച്ചറെത്തും.
–
യേശുദാസിന്റെയും എസ്. ജാനകിയുടേയും ഒക്കെ പടമുള്ള സിനിമാ പാട്ടുപുസ്തകം ഒന്ന് വാങ്ങിത്തരാന്‍ പറ്റുമോന്ന് കൂട്ടുകാരിയോട് അന്വേഷിച്ചത് അങ്ങനെയാണ്. അവളേറ്റു. കുടുക്ക പൊട്ടിച്ച മൂന്നോ നാലോ രൂപാ അവള്‍ക്ക് കൊടുത്തു. പാവം, ഇപ്പോഴും പുസ്തകം അന്വേഷിച്ച് നടപ്പായിരിക്കും. എന്തായാലും കുടുക്ക കാശ് ആ വഴിക്ക് ആവിയായി പോയി.
കുറച്ച് നാളുകള്‍ കഴിഞ്ഞപ്പോഴേക്കും എന്റെ ഏട്ടന് ട്യൂഷന് മടുത്തു. വലിയ താമസമില്ലാതെ അവനും ചങ്ങാതിയും ട്യൂഷന് അവസാനിപ്പിച്ചു. ഹൃദയ ഭേദകമായിരുന്നു എനിക്കാ വാര്‍ത്ത. ടീച്ചര്‍ അസലായിട്ടാണല്ലോ ക്ലാസെടുക്കുന്നേ, ഞാനെത്ര കേട്ടിട്ടുള്ളതാ. എന്നൊക്കെ പറഞ്ഞ് വീട്ടുകാരെയും തദ്വാരാ ഏട്ടനെയും ഞാന്‍ നിര്‍ബന്ധിച്ചു നോക്കി. പക്ഷേ അവനാകട്ടെ, ഇനി ട്യൂഷന് പോകുന്നില്ല എന്ന നിലപാടില്‍ തരിമ്ബും വെള്ളം ചേര്‍ത്തില്ല.
അകാലത്തില്‍ പൊലിഞ്ഞു പോയ വണ്‍വേ പ്രണയത്തിന്റെ തീരാവേദനയിലായി ഞാന്‍. ഇനി ആ പാട്ട് എപ്പോ കേള്‍ക്കും? എങ്ങനെ കേള്‍ക്കും?വിരഹ വേദനയുടെ ആ നീറുന്ന കാലത്ത് 2വട്ടം കൂടി ഞാനാ പാട്ട് കേട്ടു. ഒന്ന് ഞങ്ങളുടെ വീട്ടിലെ ഫിലിപ്സിന്റെ ഒരു ചെറിയ റേഡിയോയില്‍ നിന്നും. നിങ്ങളാവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങളായി ആ പാട്ട് ഒഴുകി എന്റെ അരികിലെത്തി. പിന്നീടൊരിക്കല്‍ ഞായറാഴ്ച കുര്‍ബാനയും വേദപഠന ക്ലാസും കഴിഞ്ഞ് വീട്ടിലേക്ക് വരുമ്ബോ അടുത്തുള്ള ചായക്കടയിലെ മര്‍ഫിറേഡിയോയില്‍ നിന്ന്..’ ഉടലറിയാതെ, ഉലകറിയാതെ, നിന് മാനസം കവര്‍ന്നൂ, നീ മായല്ലേ, മറയല്ലേ, നീല നിലാവൊളിയേ…. എന്റെ ഹൃദയേശ്വരന് പാടി പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞ ബാക്കി വരികള്‍ ഇതാ മുഴങ്ങുന്നു.. ഞാന്‍ പതുക്കെ കയ്യിലുള്ള പെന്‍സില്‍ ബോക്സ് ചായക്കടയുടെ മുന്നില്‍ എത്താറായപ്പോഴേക്കും താഴെയിട്ടു. പെന്‍സിലും മറ്റ് സാധനങ്ങളുമൊക്കെ ചിതറിത്തെറിച്ച് വീണു. സാവകാശം നിലത്ത് കുത്തിയിരുന്ന് ഞാനാ സാധനങ്ങള്‍ പെറുക്കി കൂട്ടി.ഒപ്പം ഇനിയൊരു തവണ കേള്‍ക്കാനായില്ലെങ്കിലോ എന്നു ഭയന്ന് പാട്ടിന് കഷ്ണങ്ങളെയും പെറുക്കി കൂട്ടി ഞാന്‍ ഹൃദയത്തിലേക്ക് ഒളിപ്പിച്ചു.
