Malayalam
ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ; അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി വിധു വിൻസെന്റ്
ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ; അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി വിധു വിൻസെന്റ്
നടിമാരുടെ ആരോപണങ്ങൾക്ക് പിന്നാലെ ഞായാറാഴ്ച രാവിലെയായിരുന്നു നടൻ സിദ്ദിഖ് താര സംഘടനയായ അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് രാജിവെച്ചത്. പിന്നാലെ ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്ന് നടനും സംവിധായകനുമായ രഞ്ജിത്തും രാജി വെച്ചിരുന്നു. പിന്നാലെ വലിയ ചർച്ചകൾക്കാണ് ഈ സംഭവം തിരികൊളുത്തിയത്. തനിക്കെതിരെ നടി ഉയർത്തിയ ആരോപണത്തിൻറെ വെളിച്ചത്തിലാണ് രാജിയെന്നാണ് സിദ്ദിഖ് മാധ്യമങ്ങളോട് പറഞ്ഞത്.
വലിയ കോളിളക്കം സൃഷ്ടിച്ച സംഭവത്തിൽ അമ്മയ്ക്കകത്ത് തന്നെ പൊട്ടിത്തെറി നടക്കുകയാണ്. ഈ വേളയിൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിന്റെയും 17 എക്സിക്യൂട്ടീവ് അംഗങ്ങളുടെയും രാജി വിവരം പുറത്തെത്തുന്നത്. ഇപ്പോഴിതാ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് വിധു വിൻസെന്റ്. ഫേസ്ബുക്കിലൂടെയായിരുന്നു വിധു വിൻസെന്റിന്റെ പ്രതികരണം.
ഉടയാനുള്ളതൊക്കെ ഉടഞ്ഞു തന്നെ പോകട്ടെ..
സിനിമയിൽ മാത്രമല്ല ഉടയേണ്ട വിഗ്രഹങ്ങൾ രാഷ്ട്രീയ രംഗത്തും മാധ്യമ രംഗത്തും കായിക രംഗത്തും അക്കാദമിക് രംഗത്തും ഒക്കെയുണ്ട്…
Hats off to WCC- എന്നായിരുന്നു വിധു വിൻസെന്റ് കുറിച്ചത്.
ഭരണസിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടിവന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമ്മിക ഉത്തരവാദിത്വം മുൻനിർത്തി രാജി വെക്കുന്നുവെന്നാണ് പത്രക്കുറിപ്പിൽ മോഹൻലാൽ പറയുന്നത്.
വാർത്താകുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ;
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സാമൂഹ്യ-ദൃശ്യ-അച്ചടി മാധ്യമങ്ങളിൽ ‘അമ്മ’സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈം ഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള ഭരണ സമിതി അതിന്റെ ധാർമ്മികമായ ഉത്തരവാദിത്വം മുൻനിർത്തി രാജി വെയ്ക്കുന്നു.
രണ്ട് മാസത്തിനുള്ളിൽ പൊതുയോഗം കൂടി, പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുക്കും. ‘അമ്മ’ ഒന്നാം തീയതി നൽകുന്ന കൈനീട്ടവും, ആരോഗ്യ ചികിത്സയ്ക്ക് നൽകിപ്പോരുന്ന സഹായവും ‘അമ്മ’യുടെ സമാദരണീയരായ അംഗങ്ങൾക്ക് തടസ്സം കൂടാതെ ലഭ്യമാക്കാനും, പൊതുയോഗം വരെ ഓഫിസ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും നിലവിലുള്ള ഭരണസമിതി താത്ക്കാലിക സംവിധാനമായി തുടരും.
‘അമ്മ’യെ നവീകരിക്കാനും, ശക്തിപ്പെടുത്തുവാനും കെല്പുള്ള പുതിയൊരു നേതൃത്വം ‘അമ്മ’യ്ക്കുണ്ടാവുമെന്ന ശുഭപ്രതീക്ഷയിലാണ് ഞങ്ങൾ. എല്ലാവർക്കും നന്ദി, വിമർശിച്ചതിനും തിരുത്തിയതിനും. എന്നായിരുന്നു കുറിപ്പ്.