Actor
നന്ദനത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോള്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ… അത് വീണ്ടും സംഭവിച്ചിരിക്കുന്നു!
നന്ദനത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോള്‍ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ… അത് വീണ്ടും സംഭവിച്ചിരിക്കുന്നു!
നന്ദനം ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് നടന്‍ അരവിന്ദ് ആകാശ്. തന്റെ ജീവിതത്തില്‍ നന്ദനം സംഭവിക്കുന്നത് അപ്രതീക്ഷിതമായാണെന്നും ആ കഥാപാത്രത്തിന് തന്നെ തിരഞ്ഞെടുത്തത് ഗുരുവായൂരപ്പന്റെ തീരുമാനമാണ് എന്നാണ് വിശ്വസിക്കുന്നതെന്നും പറയുകയാണ് അരവിന്ദ്.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്
‘സ്‌കൂള്‍കാലത്ത് നാടകത്തിലും മറ്റും സജീവമായിരുന്നു ഞാന്‍. അന്നും കൃഷ്ണന്റെ വേഷമാണ് എന്നെ തേടി വന്നിരുന്നത്. ശ്രീകൃഷ്ണജയന്തിക്ക് ഞാനാണ് കൃഷ്ണ വേഷം കെട്ടിയിരുന്നത്.
കൃഷ്ണ ഭഗവാനും ഞാനും തമ്മില്‍ അന്നേ ഒരു ബന്ധം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അതുപോലെ നല്ലത് നടക്കണമെങ്കില്‍ ശരിയായ സമയം വരണമെന്നല്ലേ.. അതെനിക്ക് സംഭവിച്ചു എന്ന് വേണം പറയാനെന്ന് അരവിന്ദ് പറയുന്നു
മലയാളം സിനിമ ചെയ്യാന്‍ താത്പര്യമുണ്ടോ എന്ന് തന്നോട് ചോദിക്കുന്നത് രേവതി മാം ആണെന്നും അങ്ങനെയാണ് മലയാളത്തില്‍ തനിക്ക് ഒരു അവസരം ലഭിച്ചതെന്നും അരവിന്ദ് പറയുന്നു.
‘ഇന്നും ചിത്രത്തിലെ എന്റെ കഥാപാത്രം ജനഹൃദയങ്ങളില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ ഒരുപാട് പേരോട് എനിക്ക് നന്ദി പറയാനുണ്ട്. രഞ്ജിത്ത് സര്‍, സിദ്ധിഖ് സര്‍, ഛായാഗ്രാഹകന്‍ അഴകപ്പന്‍ സര്‍, എന്റെ സഹതാരങ്ങളായ പൃഥ്വിരാജ്, നവ്യ, ഉണ്ണികൃഷ്ണന് ശബ്ദം നല്‍കിയ സുധീഷ്, ചിത്രത്തിന്റെ എല്ലാ അണിയറപ്രവര്‍ത്തകരോടും എന്നും നന്ദിയും കടപ്പാടുമുണ്ട്.
ഞാന്‍ ഈയടുത്താണ് വീണ്ടും ഗുരുവായൂര്‍ പോകുന്നത്, എന്റെ ജന്മദിനത്തിന്റെ അന്ന്. ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു അമ്പലത്തില്‍ പോകുന്നത് തന്നെ. എല്ലാം ശരിയായ സമയത്ത് നടക്കുമെന്ന് ഞാന്‍ പറഞ്ഞില്ലേ. അതിന് മറ്റൊരുദാഹരണം കൂടിയാണ് ഇത്.
കൊവിഡ് കാലത്ത് ആര്‍ക്കും തന്നെ അമ്പലത്തിന്റെ അകത്ത് പ്രവേശിക്കാനാകില്ല. പക്ഷേ എനിക്ക് അകത്ത് കടക്കാന്‍ പറ്റി. ഗുരുവായൂരപ്പനെ കണ്ണ് നിറയെ കണ്ട് തൊഴാന്‍ പറ്റി. രസകരമായ മറ്റൊരു യാദൃശ്ചികതയും ഉണ്ട്. നന്ദനത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിക്കുമ്പോള്‍ നടയ്ക്കല്‍ നിന്ന് ആളുകളെ മുഴുവന്‍ മാറ്റിയിരുന്നു അവിടെ ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ നടയില്‍ ഞാന്‍ വീണ്ടും ഒറ്റയ്ക്ക്. അതൊന്നും ഞാന്‍ പ്രതീക്ഷിച്ചതല്ല.
പുറത്തിറങ്ങിയപ്പോള്‍ ഒരു കുടുംബം എന്നെ കണ്ട് തിരിച്ചറിഞ്ഞു, കണ്ണടച്ച് ഗുരുവായൂരപ്പനെ വിളിക്കുമ്പോള്‍ എന്റെ മുഖമാണ് മനസില്‍ വരുന്നതെന്ന് പറഞ്ഞു. കല്യാണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു അവിടെ. അവരും എന്നെ കണ്ട് തിരിച്ചറിഞ്ഞ് സ്‌നേഹം പ്രകടിപ്പിച്ചു.
ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഇതെല്ലാം ലഭിക്കുന്നുവെങ്കില്‍ അതിനെ അനുഗ്രഹം എന്നല്ലാതെ എന്താണ് പറയുക. നമ്മള്‍ എത്ര സിനിമകള്‍ ചെയ്തു എന്നതിലല്ല കാര്യം. ഇതുപോലെ ഒരു ചിത്രം കൃത്യമായി കിട്ടിയാല്‍ മതി’, അരവിന്ദ് പറയുന്നു.