News
വാരിസിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേയ്ക്ക്…, ഇനി രണ്ട് ഗാനരംഗങ്ങളും രണ്ട് സ്റ്റണ്ട് സീക്വന്‍സുകളും മാത്രം
വാരിസിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേയ്ക്ക്…, ഇനി രണ്ട് ഗാനരംഗങ്ങളും രണ്ട് സ്റ്റണ്ട് സീക്വന്‍സുകളും മാത്രം
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ചിത്രം വാരിസ്. ഇപ്പോഴിതാ വാരിസിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേയ്ക്ക് എത്തി നില്‍ക്കുന്നുവെന്നാണ് വിവരം. സിനിമയുടെ ഫൈനല്‍ ഷെഡ്യൂള്‍ ഇന്ന് ആരംഭിച്ചു. രണ്ട് ഗാനരംഗങ്ങളും രണ്ട് സ്റ്റണ്ട് സീക്വന്‍സുകളും അടങ്ങുന്നതാണ് ഫൈനല്‍ ഷെഡ്യൂള്‍.
ചിത്രം അടുത്ത വര്‍ഷം പൊങ്കലിന് റിലീസ് ചെയ്യുമെന്നും നിര്‍മ്മാതാക്കള്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ആപ്പ് ഡിസൈനറായിട്ടാണ് എത്തുന്നത് എന്നും വിജയ് രാജേന്ദ്രന്‍ എന്നായിരിക്കും താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. തമനാണ് ചിത്രത്തിനായി സംഗീതം നിര്‍വഹിക്കുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എസ് ജെ സൂര്യയും എത്തുന്നുണ്ട്. വിജയ്‌യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘വാരിസ്’.
2017ല്‍ പുറത്തിറങ്ങിയ ‘മെര്‍സല്‍’ ആയിരുന്നു ഇരുവരും അവസാനമായി ഒരുമിച്ചെത്തിയ ചിത്രം. ഒരു പ്രമുഖ തെലുങ്ക് നടനെയാണ് ആദ്യം ഈ സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഡേറ്റില്‍ ക്ലാഷ് ഉണ്ടായതിനെ തുടര്‍ന്ന് എസ്‌ജെ സൂര്യയിലേക്ക് എത്തുകയായിരുന്നു.
രശ്മിക മന്ദാനയാണ് നായിക. പൂജ ഹെഗ്‌ഡേ, കിയാര അദ്വാനി ഉള്‍പ്പെടെയുള്ളവരെ വിജയ് ചിത്രത്തിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ രശ്മികയെ തെരഞ്ഞെടുക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന താരങ്ങളാണ്.
