News
ചിത്രഗുപ്തനെ മോശമാക്കി ചിത്രീകരിച്ച് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നു; അജയ്‌ദേവ്ഗണ്‍ ചിത്രം ‘താങ്ക് ഗോഡ്’നെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി
ചിത്രഗുപ്തനെ മോശമാക്കി ചിത്രീകരിച്ച് ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നു; അജയ്‌ദേവ്ഗണ്‍ ചിത്രം ‘താങ്ക് ഗോഡ്’നെതിരെ പോലീസ് സ്റ്റേഷനില്‍ പരാതി
അജയ് ദേവ്ഗണ്‍, സിദ്ധാര്‍ത്ഥ് മല്‍ഹോത്ര, രാകുല്‍ പ്രീത് സിംഗ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ബോളിവുഡ് ചിത്രമാണ് ‘താങ്ക് ഗോഡ്’. കഴിഞ്ഞയാഴ്ച ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തിരുന്നു. ഇതുവരെ നാല് കോടിയിലധികം പേരാണ് ട്രെയ്‌ലര്‍ കണ്ടത്. ചിത്രം ഒക്ടോബര്‍ 24ന് ആണ് റിലീസിനെത്തുന്നത്.
എന്നാല്‍ ഇപ്പോഴിതാ ചിത്രത്തിനെതിരെ പുതിയ വിവാദം ഉയര്‍ന്നുവരികയാണ്. ചിത്രം മതവികാരം വ്രണപ്പെടുത്തുന്നാതാണ് എന്നാരോപിച്ചാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. അജയ് ദേവ്ഗണ്‍ ചിത്രഗുപ്തന്റെ വേഷത്തിലാണ് എത്തുന്നത്. ചിത്രഗുപ്തനെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ഇത് സമുദായത്തിന്റെ മതവികാരം വ്രണപ്പെടുത്തിയെന്നുമാണ് ആരോപണം.
പിന്നാലെ രാജസ്ഥാനില്‍ കായസ്ത സമാജം അംഗങ്ങള്‍ പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നടന്‍ അജയ് ദേവ്ഗണ്‍, നിര്‍മ്മാതാവ് ടി സീരീസ് തുടങ്ങിയവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. നിഹാല്‍ഗഞ്ച് പൊലീസ് സ്‌റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്.
മുതിര്‍ന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചന്ദ്രകാന്ത് സക്‌സേനയുടെ നേതൃത്വത്തില്‍, ശ്രീ ചിത്രഗുപ്ത കമ്മിറ്റിയുടെ ബാനറില്‍ കമ്മ്യൂണിറ്റി പ്രതിനിധികള്‍ എന്നിവരാണ് പരാതി നല്‍കിയത്. ജില്ലാ കളക്ടര്‍ക്ക് മെമ്മോറാണ്ടം കൈമാറുമെന്ന് കായസ്ത മഹാസഭ ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് സഞ്ജീവ് ശ്രീവാസ്തവ പിടിഐയോട് പറഞ്ഞു.
ചിത്രത്തിന്റെ ട്രെയ്‌ലറില്‍ ചിത്രഗുപ്തന്‍ ആധുനിക വേഷവിധാനം ധരിച്ച് ‘അര്‍ദ്ധനഗ്‌നരായ സ്ത്രീകളുമായി’ നില്‍ക്കുന്നത് കാണിക്കുന്നതായും ഇത് അനുചിതമായി തോന്നുന്നതായും പരാതിയില്‍ പറയുന്നു. ഇത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നും സാമൂഹിക സൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ് എന്നും ആക്ഷേപകരമായ രംഗങ്ങള്‍ നീക്കം ചെയ്യണമെന്നതാണ് തങ്ങളുടെ ആവശ്യം എന്നും ശ്രീവാസ്തവ പറഞ്ഞു.
