News
ഇന്ത്യയ്ക്ക് ഓസ്‌കാര്‍ നോമിനേഷനിലേയ്ക്ക് ‘റോക്കട്രി’യും ‘ദി കശ്മീര്‍ ഫയല്‍സും’ നിര്‍ദ്ദേശിക്കാമായിരുന്നു; വൈറലായി മാധവന്റെ വാക്കുകള്‍
ഇന്ത്യയ്ക്ക് ഓസ്‌കാര്‍ നോമിനേഷനിലേയ്ക്ക് ‘റോക്കട്രി’യും ‘ദി കശ്മീര്‍ ഫയല്‍സും’ നിര്‍ദ്ദേശിക്കാമായിരുന്നു; വൈറലായി മാധവന്റെ വാക്കുകള്‍
മാധവന്‍ നമ്പിനാരായണനായി എത്തി ഏറെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘റോക്കട്രി, ദ നമ്പി എഫക്ട്’. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം മാധവന്‍ പ്രധാന കഥാപാത്രമായി എത്തിയ ‘ധോക്ക: റൗണ്ട് ദി കോര്‍ണര്‍’ നാളെ റിലീസിനെത്തുകയാണ്. സസ്‌പെന്‍സ് ത്രില്ലറായാണ് ചിത്രം പ്രദര്‍ശനത്തിനൊരുങ്ങുന്നത്.
ഇതിനിടെ ഓസ്‌കാര്‍ നാമനിര്‍ദേശവുമായി ബന്ധപ്പെട്ട് മാധവന്‍ നടത്തിയ മറ്റൊരു പരമാര്‍ശം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ഓസ്‌കാര്‍ നോമിനേഷനിലേയ്ക്ക് ഇന്ത്യയ്ക്ക് തന്റെ ‘റോക്കട്രി’ സിനിമ നിര്‍ദേശിക്കാമായിരുന്നുവെന്നും ഒപ്പം പരിഗണനയില്‍ കാശ്മീര്‍ ഫയല്‍സും ഉള്‍പ്പെടുത്തണമായിരുന്നു എന്നുമാണ് മാധവന്‍ പറഞ്ഞത്.
‘റോക്കട്രി എന്ന സിനിമയും സഹനടനായ ദര്‍ശന്‍ കുമാറിന്റെ ‘ദി കശ്മീര്‍ ഫയല്‍സ്’ എന്ന ചിത്രവും ഓസ്‌കാറിനായി പരിഗണിക്കണം. ദര്‍ശനും ഞാനും അവരവരുടെ സിനിമകള്‍ക്കായുള്ള പ്രചാരണങ്ങള്‍ ആരംഭിക്കുകയാണ്. ഗുജറാത്തി ചിത്രമായ ‘ചെല്ലോ ഷോ’യുടെ നിര്‍മ്മാതാക്കള്‍ക്ക് ആശംസകള്‍ നേരുന്നു, അവര്‍ വിജയിച്ച് ഇന്ത്യയ്ക്ക് അഭിമാനമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഒരു രാജ്യമെന്ന നിലയില്‍ നമ്മള്‍ സിനിമാ മേഖലയിലും മികച്ച പ്രകടനം കാഴ്ചവെക്കേണ്ട സമയമാണിത്. നമുക്ക് ഇന്ത്യയില്‍ തത്തുല്യമോ അതിലും മികച്ചതോ ആയ ഓസ്‌കാര്‍ ഉണ്ട്. നമ്മള്‍ കുറേയായി അതിനായി ശ്രമിക്കുന്നുമുണ്ട്. പാശ്ചാത്യ രാജ്യങ്ങളില്‍ ഓസ്‌കാര്‍ നേടുന്ന ഏതൊരാള്‍ക്കും അവരുടെ വളര്‍ച്ച, വരുമാനം, ശമ്പളം, വ്യവസായത്തില്‍ മുന്നോട്ട് പോകുന്ന രീതി എന്നിവയില്‍ വലിയ വ്യത്യാസമുണ്ടാകുന്നു എന്നതാണ് ഒരേയൊരു വ്യത്യാസം,’എന്നും മാധവന്‍ വ്യക്തമാക്കി.
