Malayalam
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം; 41 ദിവസങ്ങളായി ചികിത്സയിലായിരുന്ന ഹാസ്യ താരവും ബോളിവുഡ് നടനുമായ രാജു ശ്രീവാസ്തവ അന്തരിച്ചു
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം; 41 ദിവസങ്ങളായി ചികിത്സയിലായിരുന്ന ഹാസ്യ താരവും ബോളിവുഡ് നടനുമായ രാജു ശ്രീവാസ്തവ അന്തരിച്ചു
ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന ജനപ്രിയ ഹാസ്യ താരവും ബോളിവുഡ് നടനുമായ രാജു ശ്രീവാസ്തവ അന്തരിച്ചു. 58 വയസായിരുന്നു. കഴിഞ്ഞ 41 ദിവസങ്ങളായി അദ്ദേഹം ആശുപത്രി ചികിത്സയില്‍ ആയിരുന്നു. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.
ദില്ലി എയിംസില്‍ ചികിത്സയില്‍ ആയിരുന്നു അദ്ദേഹം. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന രാജുവിന്റെ ആരോഗ്യനില പതിയെയാണെങ്കിലും പുരോഗമിക്കുന്നുണ്ടെന്ന് അടുത്തിടെ അദ്ദേഹത്തിന്റെ സഹോദരന് പ്രതികരിച്ചിരുന്നു. 1963 ല്‍ ഉത്തര്‍ പ്രദേശിലെ കാണ്‍പൂരിലാണ് രാജു ശ്രീവാസ്തവയുടെ ജനനം.
ദ് ഗ്രേറ്റ് ഇന്ത്യന്‍ ലാഫ്റ്റര്‍ ചാലഞ്ച് എന്ന ടെലിവിഷന്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി പരിപാടിയിലൂടെ 2005 ല്‍ ആണ് രാജു ശ്രീവാസ്തവ ആദ്യമായി പ്രേക്ഷകശ്രദ്ധയിലേക്ക് എത്തുന്നത്. ഈ ഷോയില്‍ രണ്ടാം റണ്ണര്‍ അപ്പ് ആയിരുന്നു രാജു. ടെലിവിഷന്‍ റിയാലിറ്റി ഷോ ബിഗ് ബോസ് ഹിന്ദി സീസണ് 3 മത്സരാര്‍ഥിയായും പങ്കെടുത്തിട്ടുണ്ട്.
ഹിന്ദി ചിത്രങ്ങളില്‍ ക്യാരക്റ്റര്‍ റോളുകളിലും അദ്ദേഹം അഭിനയിച്ചു. മൈനേ മൈനേ പ്യാര് കിയാ, ബാസീഗര്‍, ബോംബെ ടു ഗോവ, ആംദാനി അത്താനി ഖര്‍ച്ച റുപ്പൈയ, ടോയ്ലറ്റ് ഏക് പ്രേം കഥ തുടങ്ങിയ ചിത്രങ്ങളാണ് പ്രധാനം. പതിനാറ് ചിത്രങ്ങളില്‍ അഭിനയിച്ചു. 2010 നു ശേഷം രാഷ്ട്രീയ പ്രവര്‍ത്തനത്തിലേക്കും എത്തിയിരുന്നു.
സമാജ്വാദി പാര്‍ട്ടി ടിക്കറ്റില്‍ 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാണ്‍പൂരില്‍ നിന്ന് മത്സരിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പിന്തിരിഞ്ഞു. ദിവസസങ്ങള്‍ക്കു ശേഷം ബിജെപിയില്‍ ചേര്‍ന്നു. സ്വച്ഛ് ഭാരത് അഭിയാന്റെ പ്രചരന പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ഫിലിം ഡെവലപ്മെന്റ് കൗണ്‍സിലിന്റെ ചെയര്മാന് ആയിരുന്നു. ശിഖയാണ് ഭാര്യ. അന്ദര, ആയുഷ്മാന്‍ എന്നിവര്‍ മക്കളാണ്.
