ഞാന്‍ കുഞ്ഞിനെ കൊല്ലാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് വരെ പറഞ്ഞവരുണ്ട്, ആ സമയത്ത് ഞാന്‍ നല്ലോണം തടി വച്ചിരുന്നു, അതോടെ തടിച്ചയെന്ന് അടക്കം വിളിച്ച് തുടങ്ങി; പാർവതി പറയുന്നു !
സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് നടിയും മോഡലും അവതാരകയുമായ പാർവതി ആർ കൃഷ്ണ. ലോക്ഡൗണ്‍ കാലത്ത് താന്‍ ഗര്‍ഭിണിയാണെന്ന് പുറംലോകത്തോട് പറഞ്ഞത് മുതലാണ് പാര്‍വതിയെ കുറിച്ചുള്ള വാര്‍ത്തകള്‍ ചര്‍ച്ചയായത്. നിറവയറില്‍ ഡാന്‍സ് കളിക്കുന്ന വീഡിയോയുമായിട്ടെത്തി പാര്‍വതി എല്ലാവരെയും ഞെട്ടിച്ചിരുന്നു.
ആദ്യം വലിയ സ്വീകരണം ലഭിച്ചെങ്കിലും പിന്നീടത് വിമര്‍ശനങ്ങളായി മാറി. കുഞ്ഞിന്റെ ആരോഗ്യം പോലും നോക്കാതെയുള്ള ഈ പ്രവൃത്തി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പലരും കമന്റിട്ടത്. എന്നാല്‍ കുഴപ്പങ്ങളൊന്നുമില്ലാതെ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കാന്‍ പാര്‍വതിയ്ക്ക് സാധിച്ചിരുന്നു. ഇതേപ്പറ്റി പറയുന്ന നടിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്.
ഒന്‍പതാം മാസത്തിലാണ് ഞാനൊരു അമ്മയാവാന്‍ പോവുകയാണെന്ന കാര്യം വെളിപ്പെടുത്തിയതെന്നാണ് പാര്‍വതി പറയുന്നത്. ഇതിന് പിന്നാലെ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തില്‍ വിമര്‍ശനമാണ് വന്നതെന്ന് നടി പറഞ്ഞു. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു. ഭര്‍ത്താവ് ബാലഗോപാലിനൊപ്പമാണ് പാര്‍വതി പരിപാടിയിലേക്ക് എത്തുന്നത്. എംജിയുടെ ഒരു ചോദ്യത്തിന് മറുപടിയായിട്ടാണ് മകന്റെ ജനനത്തെ കുറിച്ച് നടി അഭിപ്രായപ്പെട്ടത്.
‘ഗര്‍ഭിണിയായിരുന്നെങ്കിലും ഇക്കാര്യം പറയുന്നതിന് മുന്‍പ് വരെ വയറ് കാണിച്ചില്ല. നെഞ്ചിന് മുകളിലേക്കുള്ള ഭാഗം മാത്രമാണ് ഫോട്ടോയിലൂടെ കാണിച്ചത്. ഞാന്‍ ഒന്‍പത് മാസം ഗര്‍ഭിണിയായതിന് ശേഷം ഞങ്ങളുടെ വിവാഹവാര്‍ഷിക ദിനമായ നവംബര്‍ ഒന്‍പതിനാണ് ഇക്കാര്യം പുറംലോകത്തോട് പറയുന്നത്. അന്ന് തന്നെ ഞാനൊരു ഡാന്‍സ് വീഡിയോയും ഇട്ടിരുന്നു. ഞാന്‍ ഡമ്മി വച്ച് ഡാന്‍സ് ചെയ്തതാവുമെന്ന് ഒക്കെ ആദ്യം ആളുകള്‍ കരുതിയെന്ന്’ പാര്‍വതി പറയുന്നു.
ഗര്‍ഭകാലത്ത് അമ്മമാര്‍ ചെയ്യുന്ന പല കാര്യങ്ങളും കുഞ്ഞിന് നല്ലതായിരിക്കുമെന്ന് ഞാന്‍ പലയിടത്ത് നിന്നും വായിച്ചിരുന്നു. പണ്ടൊക്കെ ആളുകള്‍ പറയുന്നത് മുറ്റം അടിക്കണമെന്നാണ്. അതും ചെയ്യാറുണ്ട്, വീട്ടിലെ എല്ലാ പണികളും ഞാന്‍ തന്നെയാണ് ചെയ്ത് കൊണ്ടിരുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതൊക്കെ എനിക്ക് ഇഷ്ടമുള്ള കാര്യമാണെന്ന് പാര്‍വതി പറയുന്നു. ഇതിനിടയില്‍ ബോഡി ഷെയിമിങ് അടക്കം നടന്നുവെന്നും നടി പറഞ്ഞു.ഞാന്‍ ഡാന്‍സ് ചെയ്തതിന് പിന്നാലെയാണ് പ്രശ്‌നങ്ങള്‍ പൊങ്ങി വരുന്നത്. ഒരുപാട് പേര്‍ക്ക് അത് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. ഞാന്‍ കുഞ്ഞിനെ കൊല്ലാന്‍ വേണ്ടി ചെയ്യുന്നതാണെന്ന് വരെ പറഞ്ഞവരുണ്ട്. മാത്രമല്ല ആ സമയത്ത് ഞാന്‍ നല്ലോണം തടി വച്ചിരുന്നു. ഇരുപത്തിയാറ് കിലോയോളം ശരീരഭാരം കൂടി.
മെലിഞ്ഞിട്ടുള്ള എന്നെ കണ്ടവര്‍ക്ക് പെട്ടെന്ന് തടിച്ചുരുണ്ട് ഇരിക്കുന്നത് കണ്ടപ്പോള്‍ അതും ഉള്‍കൊള്ളാന്‍ പറ്റിയില്ല. ഇതോടെ തടിച്ചിയെന്ന് അടക്കം വിളിച്ച് തുടങ്ങി. പ്രസവം കഴിഞ്ഞിട്ടും ഞാന്‍ സോഷ്യല്‍ മീഡിയയിലടക്കം ആക്ടീവായിരുന്നു. ഇതോടെ ഒരുപാട് പേര്‍ ഭാരം കൂടിയതിന്റെ പേരില്‍ തന്നെ ബോഡി ഷെയിമിങ് ചെയ്തിരുന്നുവെന്നും പാര്‍വതി പറയുന്നു.