ഞാനൊരു നിമിഷം പഴയതൊക്കെ ഓര്‍ത്ത് പോയി ; ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്ന് ഞാനോ പ്രിയനോ മോഹന്‍ലാലോ ചിന്തിച്ചിരുന്നില്ല; ശ്രീനിവാസൻ പറയുന്നു !
മലയാളികളുടെ പ്രിയ താരമാണ് ശ്രീനിവാസൻ . അസുഖബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന താരം ജീവിതത്തിലേക്ക് തിരിച്ച് വരികയാണ്. ആശുപത്രിയില്‍ നിന്നും ശ്രീനിവാസനാണെന്ന് തിരിച്ചറിയാന്‍ പോലും സാധിക്കാത്ത ഒരു ഫോട്ടോ വൈറലായിരുന്നു. വിചിത്രമായ മനസുള്ളവര്‍ക്കേ അതുപോലെ ചെയ്യാന്‍ സാധിക്കൂ എന്നാണ് ശ്രീനിവാസന് ആ ചിത്രത്തെ കുറിച്ചിപ്പോള്‍ പറയുന്നത്.
അതുപോലെ മഴവില്‍ മനോരമയുടെ ഷോ യില്‍ വികാരധീനനായി കണ്ടതിന്റെ കാരണവും വനിതയ്ക്ക് നല്കിയ അഭിമുഖത്തിലൂടെ ശ്രീനിവാസന് പറയുകയാണ്. ഒപ്പം എന്തിനും ഏതിനും താങ്ങായി കൂടെയുള്ള ഭാര്യ വിമല ടീച്ചറും ഭര്‍ത്താവിനെ കുറിച്ചുള്ള കാര്യങ്ങള്‍ പറയുന്നു.
അന്ന് ശ്രീനിവാസന് കരഞ്ഞത് എന്തിനായിരുന്നു എന്നതിന് ഭാര്യയാണ് ഉത്തരം പറഞ്ഞത്.. ‘ശ്രീനിയേട്ടന് അങ്ങനെയൊന്നും ഇമോഷണലാവുന്ന ആളല്ലന്നാണ് വിമല ടീച്ചര്‍ പറയുന്നത്. പക്ഷേ അന്ന് മഴവില്‍ മനോരമയുടെ പരിപാടിയ്ക്കിടെ അദ്ദേഹം കരഞ്ഞ് പോയി.
വിനീതിനും പ്രണവിനും കല്യാണിയ്ക്കും ഒരുമിച്ച് അവാര്‍ഡ് പ്രഖ്യാപിച്ചപ്പോഴാണ് ശ്രീനിയേട്ടന് വിതുമ്പിപ്പോയതെന്ന് ടീച്ചര്‍ പറയുമ്പോള്‍ ഞാനൊരു നിമിഷം പഴയതൊക്കെ ഓര്‍ത്ത് പോയെന്നാണ് ശ്രീനിവാസന്റെ മറുപടി. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകുമെന്ന് ഞാനോ പ്രിയനോ മോഹന്‍ലാലോ ചിന്തിച്ചിരുന്നില്ലെന്ന്’ താരം പറയുന്നു.
പ്രണവ് മോഹന്‍ലാല്‍ വീട്ടില്‍ വന്നതിനെ പറ്റിയും താരദമ്പതിമാര്‍ സംസാരിച്ചു. ‘ശ്രീനിയേട്ടന് അസുഖം ഇത്രയും ഭേദമാവുന്നതിന് മുന്‍പ് ഒരു ദിവസം വിനീതിനൊപ്പം പ്രണവും വീട്ടിലേക്ക് വന്നു. സാധാരണ ഞങ്ങള്‍ ആരെങ്കിലും ചെന്ന് ശ്രീനിയേട്ടനെ വിളിച്ചുണര്‍ത്തി പിടിച്ച് കൊണ്ട് വരികയാണ് പതിവ്.
അന്ന് നോക്കുമ്പോള്‍ ശ്രീനിയേട്ടന് ഒറ്റയ്ക്ക് എഴുന്നേറ്റ് സ്വീകരണമുറിയില്‍ വന്നിരിക്കുന്നു. ഞങ്ങള്‍ക്കും അത്ഭുതമായി. പ്രണവ് വീട്ടില്‍ വന്ന വിവരം മയക്കത്തിനിടയില്‍ എങ്ങനെയോ അറിഞ്ഞു. പ്രണവിനെ കാണാന്‍ വേണ്ടി അദ്ദേഹം എഴുന്നേറ്റ് വന്നതായിരുന്നു. ആ സംഭവത്തിന് ശേഷം ഇപ്പോള്‍ എന്നും അദ്ദേഹം തനിയെ എഴുന്നേറ്റ് വരുമെന്നും’ ഭാര്യ പറയുന്നു.
പ്രണവ് മോഹന്‍ലാലിനെ എനിക്ക് ഇഷ്ടമാണെന്നാണ് ഇതിനുള്ള ശ്രീനിവാസന്റെ മറുപടി. അത് മോഹന്‍ലാലിന്റെ മകനായത് കൊണ്ടല്ല, അവന് നല്ല വ്യക്തിത്വമുണ്ട്. അത് കൊണ്ട് കൂടിയാണ് പ്രണവിനെ ഇഷ്ടപ്പെടുന്നതെന്ന് ശ്രീനിവാസന് പറയുന്നു.
മഴവില്‍ മനോരമയുടെ പരിപാടിയ്ക്കിടെ വേദിയില്‍ വെച്ച് മോഹന്‍ലാല്‍ ശ്രീനിവാസനെ ഉമ്മ വച്ചിരുന്നു. ആ നിമിഷം എന്ത് തോന്നിയെന്ന ചോദ്യത്തിന് ‘അതുകൊണ്ടാണല്ലോ നമ്മള് അദ്ദേഹത്തെ മോഹന്‍ലാല്‍ എന്ന് വിളിക്കുന്നതെന്ന്’ ശ്രീനിവാസന് പറയുന്നു.ജീവിതത്തെ കുറിച്ച് കുറ്റബോധം തോന്നാറുണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ കുറ്റബോധം തോന്നേണ്ട വിധത്തില്‍ മോശമായി ഞാന്‍ ജീവിച്ചിട്ടില്ലെന്നാണ് ശ്രീനിവാസന് പറയുന്നത്. പക്ഷേ ഇത്രയും സിഗററ്റ് വലിക്കേണ്ടതില്ലെന്ന് തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകര്‍ത്തത്. ഈ അവസ്ഥയിലും ഒരു സിഗററ്റ് കിട്ടിയാല്‍ ഞാന്‍ വലിക്കും. അത്രയ്ക്കും അഡിക്ഷനുണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശമേയുള്ളു. കഴിയുമെങ്കില്‍ പുകവലിക്കാതെ ഇരിക്കുക..- ശ്രീനിവാസന് പറയുന്നു.
