ഹിന്ദുമതത്തെ ചാനല്‍ പരിപാടിക്കിടെ ആക്ഷേപിച്ചു ; സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യ വേദി !
മലയാളികളുടെ പ്രിയപ്പെട്ട നടനും ദേശീയ അവാര്‍ഡ് ജേതാവുമായ സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദി. ഹിന്ദമതത്തെ ചാനല്‍ പരിപാടിക്കിടെ ആക്ഷേപിച്ച് എന്ന് ആരോപിച്ച് ഹിന്ദു ഐക്യ വേദി സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതി നല്‍കി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് ഹിന്ദു ഐക്യ വേദി സുരാജിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് എന്ന പരിപാടിയില്‍ സുരാജ് വെഞ്ഞാറമൂട് നടത്തിയ പരാമര്‍ശമാണ് സംഘപരിവാര്‍ പ്രാഫൈലുകള്‍ വിവാദമാക്കിയത്. പരിപാടിയുടെ അവതാരകയായ അശ്വതിയോട് കൈയില്‍ ചരട് കെട്ടുന്നത് മോശമാണ് എന്ന് പറഞ്ഞു എന്നാണ് ഹിന്ദു ഐക്യ വേദിയുടെ പരാതി.
കൂടാതെ ശബരിമലയിലെ ശരംകുത്തിയാലിനെയും സുരാജ് മോശമായി വിശേഷിപ്പിച്ചു എന്നാണ് ഹിന്ദു ഐക്യ വേദി ആരോപിക്കുന്നത്. സുരാജിന്റെ പരാമര്‍ശം ഹിന്ദുമത വിശ്വാസത്തെയും ആചാരങ്ങളെയും വ്രണപ്പെടുത്തുന്നതാണ് എന്നും അതിനാല്‍ സുരാജിനെതിരെ ഐ പി സി 295 എ പ്രകാരം കേസെടുക്കണം എന്നുമാണ് ഹിന്ദു ഐക്യ വേദി പരാതിയില്‍ ആവശ്യപ്പെടുന്നത്.
ഹിന്ദു ഐക്യ വേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കിളിമാനൂര്‍ സുരേഷ്, ജില്ലാ സംഘടനാ സെക്രട്ടറി വഴയില ഉണ്ണി, സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാര്‍ എന്നിവരാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയാണ് ഹിന്ദു ഐക്യ വേദി. കെ.പി. ശശികലയാണ് സംഘടനയുടെ സംസ്ഥാന അധ്യക്ഷ.
കഴിഞ്ഞ ദിവസമാണ് സുരാജ് വെഞ്ഞാറമൂടിന്റെ പരാതിക്കാസ്പദമായ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ഉയര്‍ന്ന് വന്നത്. ഇതോടെ സുരാജ് വെഞ്ഞാറമൂടിനെതിരെ വലിയ തോതിലുള്ള സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. സുരാജിന്റെ ഫേസ്ബുക്ക് പേജില്‍ നിരവധി പേപ്പര്‍ അധിക്ഷേപ കമന്റുകള്‍ പങ്കുവെച്ചിരുന്നു.
ഫ്ളവേഴ്സ് ചാനലിലെ കോമഡി സൂപ്പര്‍നൈറ്റ് പരിപാടിക്കിടെ അവതാരകയായ അശ്വതി ശ്രീകാന്തിന്റെ കയ്യില്‍ കെട്ടിയിരിക്കുന്ന ചരട് കണ്ടതിന് ശേഷം ‘നന്നായിട്ട് സാരിയൊക്കെ ഉടുത്ത് അത്യാവശം ഗ്ലാമറൊക്കെ ഉണ്ട്, കയ്യില്‍ അനാവശ്യമായി ചരടുകള്‍, ചില ആലുകളിലൊക്കെ ഉള്ളത് പോലെ, ശരംകുത്തി ആലിന്റെ മുമ്പിലൊക്കെ കാണുന്നത് പോലെയുണ്ട്, വളരെ മോശമല്ലേ ഇതൊക്കെ,’ എന്നായിരുന്നു സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്.
ഇതാണ് ഇപ്പോള്‍ വിവാദമായത്. കയ്യില്‍ ചരട് കെട്ടിയവരോടും നെറ്റിയില്‍ കുറിയിട്ടവരോടും ഇപ്പോള്‍ താങ്കള്‍ക്ക് പുച്ഛം ആയിരിക്കും കാരണം ഇപ്പോള്‍ നിങ്ങളുടെ സഹവാസം ഒരു പ്രത്യേക ജനുസില്‍പ്പെട്ടവരുടെ കുടെയാണല്ലോ എന്നൊക്കെയായിരുന്നു ചിലര്‍ ഇതിനോട് പ്രതികരിച്ചത്. ഹൈന്ദവ വിരുദ്ധയുടെ ഒരു ഇക്കോ സിസ്റ്റം കേരളത്തില്‍ രൂപപ്പെട്ടു വരുന്നു എന്നും ചിലര്‍ പറഞ്ഞിരുന്നു.
