ബറോസ് മലയാള സിനിമയോ ഇന്ത്യൻ സിനിമ പോലുമല്ല, എങ്ങനെ ചിത്രത്തെ അന്താരാഷ്ട്ര നിലവാരത്തിൽ കൊണ്ടുവരാം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയാണ് ; മോഹൻലാൽ പറയുന്നു !
നടന വിസ്മയം മോഹൻലാലിൻറെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ബറോസിനു വേണ്ടി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ .എന്നാൽ ഇപ്പോഴിതാ ബറോസ് മലയാള സിനിമയോ ഇന്ത്യൻ സിനിമ പോലുമല്ലെന്നും, എങ്ങനെ ചിത്രത്തെ അന്താരാഷ്ട്ര നിലവാരത്തിൽ കൊണ്ടുവരാം എന്ന് ചിന്തിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നും മോഹൻലാൽ. ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗം ‘എമ്പുരാനേ’ക്കുറിച്ചും നടൻ സംസാരിച്ചു.
ആശീർവാദ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ഞങ്ങൾ ചെയ്യാൻ പോകുന്ന സിനിമകളിൽ, അടുത്തത് ബറോസ് എന്ന വലിയ സിനിമയാണ്. ഒരു മലയാള സിനിമയല്ല അത്. അതൊരു ഇന്ത്യൻ സിനിമയുമല്ല. ഒരു ഇന്റർനാഷണൽ സ്റ്റാൻഡേർഡിലേയ്ക്ക് എങ്ങനെ കൊണ്ടുവരാം എന്ന് ചിന്തിച്ചുകൊണ്ടിരിരിക്കുകയാണ്. അപ്പോൾ അവിടെ നിന്ന് മാത്രം നമുക്ക് ആ സിനിമയെ പുറത്തെത്തിക്കാൻ ആകില്ല. ഒരുപാട് ഭാഷകളിൽ ആ സിനിമ ഡബ്ബ് ചെയ്യാം.
സ്പാനിഷ് ചെയ്യാം, പോർച്ചുഗീസ് ചെയ്യാം. കാരണം പോർച്ചുഗലും ഇന്ത്യയുമായുള്ള കഥയാണ്. പോർച്ചുഗലിൽ ചെയ്യാം, ചൈനീസ് ഡബ്ബ് ചെയ്യാം, ജാപ്പനീസ് ചെയ്യാൻ, അറബിക് ചെയ്യാം… എന്ത് ഭാഷയിലും ചെയ്യാം. നമ്മൾ ചെയ്യാൻ പോകുന്ന സിനിമകൾ, ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ എന്ന സിനിമയും ഒരു ഇന്ത്യൻ സിനിമയായി ചെയ്യാൻ സാധിക്കില്ല. അത്രയും വലിയ സാധ്യതകൾ ഉണ്ട്. ആ സാധ്യതകളെ കളയാൻ ശ്രമിക്കുന്നില്ല,’
‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന്റെ സംവിധായാകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങി മോഹൻലാൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. വ്യത്യസ്തമായ ഗെറ്റപ്പില്‍ തല മൊട്ടയടിച്ച് താടി വളര്‍ത്തി വെസ്‌റ്റേണ്‍ ശൈലിയിലാണ് മോഹന്‍ലാല്‍ ചിത്രത്തിൽ എത്തുക. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് പറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെയാണ് ബറോസിന്റെ കഥ തുടങ്ങുന്നത്.
