കഴിഞ്ഞ ഒരു മൂന്നാല് കൊല്ലമായിട്ട് അച്ഛന്‍ ഈ സിനിമക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടു,’ ‘സിനിമ കാണാത്തൊരവസ്ഥയുണ്ടായിരുന്നു, അതൊക്കെ മാറി സിനിമകള്‍ കാണാന്‍ തുടങ്ങി, ഒരുപാട് വായിക്കാന്‍ തുടങ്ങി; വിനയനെ കുറിച്ച് മകൻ
മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളോളം തന്നെ താരമൂല്യമുള്ള സംവിധായകനാണ് വിനയന്‍. പുതിയ പുതിയ കാര്യങ്ങൾ താൻ സംവിധാനം ചെയ്യുന്ന സിനിമകളിൽ ഉൾപ്പെടുത്താനും താരങ്ങളെ വെച്ചും ടെക്നിക്കൽ സൈഡിലും കഥയുടെ കാര്യത്തിലുമെല്ലാം വ്യത്യസ്തത പരീക്ഷിക്കാനും മടിയില്ലാത്ത സംവിധായകനാണ് വിനയൻ. ആരും ഒന്ന് മടിക്കുന്ന തരത്തിലുള്ള റിസ്ക്കുകൾ പോലും വിനയ് സിനിമകൾ സംവിധാനം ചെയ്യുമ്പോൾ എടുക്കാറുണ്ട്.
അത്ഭുതദ്വീപ് പോലുള്ള സിനിമകൾ അതിന് ഉദാഹരണമാണ്. വലിയ വിഎഫക്ട് ഒന്നും ഇല്ലാതെ തന്നെ ഒരു കാലത്ത് മികച്ച ഹൊറർ സിനിമകൾ ഒരുക്കി പ്രേക്ഷകരെ വിസ്മയിപ്പിക്കാൻ വിനയന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിത ഒരു ബ്രഹ്മാണ്ഡ സിനിമ ഒരുക്കി പഴയ വിനയൻ സിനിമാ മാജിക്ക് പ്രേക്ഷകന് തിരികെ സമ്മാനിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. പത്തൊമ്പതാം നൂറ്റാണ്ടാണ് വിനയന്റെ സംവിധാനത്തിൽ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുന്ന ഏറ്റവും പുതിയ സിനിമ.
മലയാളത്തില്‍ നിന്നുള്ള ഇത്തവണത്തെ ഓണം റിലീസുകളില്‍ പ്രധാനപ്പെട്ട ഒന്നാണ് വിനയന്‍ സംവിധാനം ചെയ്‍തിരിക്കുന്ന പത്തൊമ്പതാം നൂറ്റാണ്ട്. വിനയന്‍റെ കരിയറില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയിട്ടുള്ള ചിത്രമാണിത്. ബിഗ് ബജറ്റ് പിരീഡ് ഡ്രാമ ചിത്രത്തില്‍ സിജു വില്‍സണാണ് നായകന്‍.
സാമൂഹിക പരിഷ്കർത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെയാണ് ചിത്രത്തില്‍ സിജു അവതരിപ്പിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും ഒരേ ദിവസമാണ് ചിത്രത്തിന്‍റെ റിലീസ്.
സെപ്റ്റംബര്‍ എട്ടാണ് റിലീസ് തീയതി. ഇന്ത്യയ്ക്കൊപ്പം ജിസിസിയിലും ഇതേ ദിവസം തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും. പേര് സൂചിപ്പിക്കുന്നതുപോലെ പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളമാണ് ഈ ചിത്രത്തിന്‍റെ പശ്ചാത്തലം.
സിജു വില്‍സണ്‍ അവതരിപ്പിക്കുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരെ കൂടാതെ കായംകുളം കൊച്ചുണ്ണിയും നങ്ങേലിയുമൊക്കെ ചിത്രത്തില്‍ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്.
നേരത്തെ മെറ്റാവേഴ്സിൽ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറക്കിയിരുന്നു. അമ്പതിൽ അധികം അഭിനേതാക്കളുള്ള ചിത്രത്തില്‍ അമ്പതിനായിരത്തില്‍ അധികം എക്സ്ട്രാ അഭിനേതാക്കളും പങ്കാളികളായിട്ടുണ്ട്. അയ്യായിരത്തില്‍ അധികം സ്കെച്ചുകളാണ് ചിത്രീകരണത്തിന് മുമ്പ് തയ്യാറാക്കിയത്.
സിനിമയുടെ പ്രമോഷൻ തിരക്കിലാണ് അണിയറപ്രവർത്തകർ. പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയിൽ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. മൂന്ന്, നാല് വർഷമായുള്ള അച്ഛന്റെ കഷ്ടപ്പെടാണ് പത്തൊമ്പതാം നൂറ്റാണ്ട് എന്നാണ് വിഷ്ണു വിനയ് പറയുന്നത്.
‘എന്റെ അച്ഛന്റെ സിനിമ ജീവിതത്തിലെ സ്വപ്നത്തിന്റെ കൂടെ നിന്ന ഗോകുലം ഗോപാലന്‍ സാറിനും അദ്ദേഹത്തിന്റെ ടീമിനോടും ഞാന്‍ നന്ദി അറിയിക്കുകയാണ്. മാത്രമല്ല ഈ സിനിമയില്‍ ഞാന്‍ ഒരു കഥാപാത്രത്തേയും അവതരിപ്പിക്കുന്നുണ്ട്.”ഒരു പൊലീസ് ഓഫീസറുടെ വേഷമാണത്. അതിന് ശേഷമായിരിക്കും ആളുകളൊക്കെ എന്നെ തിരിച്ചറിയാന്‍ പോകുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഹിറ്റാവാന്‍ സാധ്യതയുള്ള സിനിമയാണിത്. ആളുകള്‍ തിരിച്ചറിയുന്നത് ഒരു നടനെന്ന രീതിയില്‍ സുഖമുള്ള കാര്യമാണല്ലോ.’
‘പക്ഷെ അതിനേക്കാള്‍ കൂടുതല്‍ എനിക്ക് സന്തോഷം നല്‍കുന്നത് ഇതില്‍ ഡയറക്ടര്‍ അസിസ്റ്റന്റായി വര്‍ക്ക് ചെയ്തു എന്നതാണ്. നേരത്തെ അവതാരക പറഞ്ഞു… പത്ത്, പന്ത്രണ്ട് കൊല്ലമായിട്ട് അച്ഛന് കുറച്ച് ബുദ്ധിമുട്ടുകളുണ്ടായിരുന്നെന്നും സിനിമയില്‍ നിന്ന് മാറിനില്‍ക്കുന്നുവെന്നും.’
‘അച്ഛന്‍ ഒരുപാട് സിനിമ ചെയ്തുവെങ്കിലും സിനിമ ചെയ്യുന്നൂവെന്ന് കാണിക്കാന്‍ വേണ്ടി ചെയ്തപോലെ എന്നൊക്കെ. പക്ഷെ കഴിഞ്ഞ ഒരു മൂന്നാല് കൊല്ലമായിട്ട് അച്ഛന്‍ ഈ സിനിമക്ക് വേണ്ടി ഒരുപാട് കഷ്ട്ടപെട്ടു.’
അച്ഛന്‍ സിനിമ കാണാത്തൊരവസ്ഥയുണ്ടായിരുന്നു. അതൊക്കെ മാറി സിനിമകള്‍ കാണാന്‍ തുടങ്ങി. ഒരുപാട് വായിക്കാന്‍ തുടങ്ങി. ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഇതിനൊരു വലിയ ടെക്നിക്കല്‍ ടീമുണ്ട്. ക്യാമറാമാന്‍ ഷാജിയേട്ടന്‍, എഡിറ്റര്‍ വിവേക് ഹര്‍ഷന്‍, പട്ടണം റഷീദ്, സൗണ്ട് ഡിസൈന്‍ ചെയ്ത പി.എം സതീഷ് ഇവരെല്ലാവരും വലിയ സിനിമകള്‍ ചെയ്തവരാണ്.’
‘അപ്പോള്‍ ഇവരെയെല്ലാവരെയും ഒരുമിച്ച് കൂടെ നിര്‍ത്തി കൊണ്ടുപോവുക എന്നത് വലിയ ടീം വര്‍ക്കാണ്. അത് കണ്ടുപഠിക്കേണ്ട ഒരു കാര്യമാണ്. അങ്ങനെ കുറേപേര്‍ ചേര്‍ന്ന് ചെയ്ത ഒരു സിനിമയായത് കൊണ്ട് ഇതൊരു നല്ല സിനിമയാകും എന്നാണെന്റെ വിശ്വാസം’ വിഷ്ണു വിനയ് പറഞ്ഞു.
