News
തിരക്ക് കാരണം കാര്‍ മുന്നോട്ടെടുക്കാന്‍ കഴിഞ്ഞില്ല, ഓട്ടോ പിടിച്ച് തിയേറ്ററില്‍ എത്തി വിക്രം
തിരക്ക് കാരണം കാര്‍ മുന്നോട്ടെടുക്കാന്‍ കഴിഞ്ഞില്ല, ഓട്ടോ പിടിച്ച് തിയേറ്ററില്‍ എത്തി വിക്രം
വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു കോബ്ര. മൂന്ന് വര്‍ഷത്തിനു ശേഷം തിയറ്ററുകളിലെത്തുന്ന വിക്രം ചിത്രം എന്നതും പ്രേക്ഷകരുടെ പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. മികച്ച തുകയാണ് ചിത്രം അഡ്വാന്‍സ് ബുക്കിംഗിലൂടെ തമിഴ്നാട്ടില്‍ നിന്ന് നേടിയത്. ഇന്നലെ വൈകിട്ട് മൂന്ന് മണി വരെയുള്ള കണക്ക് അനുസരിച്ച് ചിത്രം നേടിയത് 5.3 കോടി ആയിരുന്നു.
ഇപ്പോഴിതാ വിക്രം നേരിട്ട് തിയറ്ററിലെത്തിയപ്പോഴുള്ള വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. മകന് ധ്രുവ് വിക്രവും പ്രദര്‍ശനത്തിന് എത്തിയിരുന്നു. ചെന്നൈ രോഹിണി സില്വര്സ്ക്രീന്സിലാണ് പുലര്‍ച്ചെയുള്ള പ്രദര്‍ശനം കാണാന്‍ വിക്രം എത്തിയത്.
വിക്രം ഈ തിയറ്ററിലാണ് എത്തുകയെന്ന് നേരത്തെ വിവരം പരന്നതിനാല്‍ വലിയ ആരാധകസംഘം തിയറ്ററിലേക്കുള്ള വഴികളില്‍ തന്നെ തടിച്ചുകൂടിയിരുന്നു. തിരക്ക് കാരണം കാര്‍ മുന്നോട്ടെടുക്കാന്‍ കഴിയാതിരുന്നതോടെ ബാക്കിയുള്ള ദൂരം ഒരു ഓട്ടോറിക്ഷയിലാണ് വിക്രം സഞ്ചരിച്ചത്. വിക്രം എത്തുമെന്ന് അറിയുമായിരുന്നെങ്കിലും ഓട്ടോറിക്ഷയിലെ എന്‍ട്രി ആരാധകര്‍ക്ക് കൗതുകം പകര്‍ന്നു.
വിക്രം എത്തിയതിനു പിന്നാലെ മറ്റൊരു വാഹനത്തില്‍ മകന് ധ്രുവ് വിക്രവും എത്തി. ആദ്യദിന പ്രദര്‍ശനങ്ങള്‍ക്ക് താരങ്ങള്‍ പലപ്പോഴും എത്താറുള്ള തിയറ്റര്‍ ആണ് രോഹിണി സില്‍വര്‍സ്ക്രീന്‍സ്. വിക്രം ആദ്യദിന പ്രദര്‍ശനം കാണാന്‍ കമല്‍ ഹാസനും ഇവിടെയാണ് എത്തിയത്. അതേസമയം ചിത്രത്തെക്കുറിച്ച് പോസിറ്റീവ് അഭിപ്രായങ്ങളാണ് പുലര്‍ച്ചെ നടന്ന ആദ്യ പ്രദര്‍ശനങ്ങള്‍ക്കുശേഷം ലഭിക്കുന്നത്.
