News
നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണം; മരണത്തില്‍ സംശയങ്ങളുമായി ബന്ധുക്കള്‍, സൊണാലിയുടെ മരണം സിബിഐ അന്വേഷിക്കണം എന്നും ആവശ്യം
നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ മരണം; മരണത്തില്‍ സംശയങ്ങളുമായി ബന്ധുക്കള്‍, സൊണാലിയുടെ മരണം സിബിഐ അന്വേഷിക്കണം എന്നും ആവശ്യം
കഴിഞ്ഞ ദിവസമായിരുന്നു നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ട്(42) മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോഴിതാ സൊനാലിയുടെ മരണത്തില്‍ സംശയങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയുടെ ബന്ധുക്കള്‍.
സൊണാലിയുടെ മരണം സിബിഐ അന്വേഷിക്കണം എന്നാണ് കുടുംബം ആവശ്യപ്പെടുന്നത്. അവള്‍ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് അംഗീകരിക്കാന്‍ എന്റെ കുടുംബം തയ്യാറല്ല. അവള്‍ക്ക് അങ്ങനെയൊരു ആരോഗ്യ പ്രശ്‌നമില്ലായിരുന്നുവെന്നും സൊനാലിയുടെ സഹോദരി എഎന്‍ഐ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
അവള്‍ കഴിച്ച ഭക്ഷണത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടൊയെന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. മരിക്കുന്നതിന്റെ തലേന്ന് വൈകുന്നേരം സഹോദരി തന്നെ വിളിച്ചിരുന്നു. തനിക്ക് വാട്ട്‌സ്ആപ്പില്‍ സംസാരിക്കണമെന്ന് പറഞ്ഞു, എന്തോ കുഴപ്പം നടക്കുന്നുണ്ടെന്ന് പറഞ്ഞു… പിന്നീട്, അവള്‍ കോള്‍ കട്ട് ചെയ്തു, പിന്നെ എടുത്തില്ലെന്നും മറ്റൊരു സഹോദരി വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞിരുന്നു.
സൊനാലിയും സ്റ്റാഫ് അംഗങ്ങളും ഗോവയില്‍ യാത്രയിലായിരുന്നു. അതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. പിന്നാലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്നായിരുന്നു പുറത്ത് വന്നിരുന്ന റിപ്പോര്‍ട്ടുകള്‍. 2016ല്‍ ഏക് മാ ജോ ലാഖോന്‍ കെ ലിയേ ബാനി അമ്മ എന്ന ടിവി സീരിയലിലൂടെയാണ് സോണാലി ഫൊഗട്ട് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് ഹരിയാന്‍വി ചിത്രമായ ഛോറിയാന്‍ ഛോരോന്‍ എസ് കാം നഹി ഹോതിയില്‍ അവര്‍ പ്രത്യക്ഷപ്പെട്ടു. നിരവധി പഞ്ചാബി, ഹരിയാന്‍വി മ്യൂസിക് വീഡിയോകളുടെ ഭാഗമായിട്ടുണ്ട്.
ബിഗ് ബോസ് സീസണ്‍ 14ലെ മത്സരാര്‍ഥിയായിരുന്നു സൊനാലി ഫോഗട്ട്. വൈല്‍ഡ്കാര്‍ഡ് മത്സരാര്‍ത്ഥിയായാണ് അവര്‍ എത്തിയത്. ബിഗ് ബോസിന് ശേഷം സോനാലി പ്രശസ്തയായി. ബിജെപി നേതാവ് കൂടിയായിരുന്നു സോനാലി, 2019ലെ ഹരിയാന തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റില്‍ ആദംപൂരില്‍ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. കുല്‍ദീപ് ബിഷ്‌ണോയിക്കെതിരെയാണ് അവര്‍ മത്സരിച്ചത്. ടിക് ടോക്കിലും സൊണാലി ഏറെ പ്രശസ്തയായിരുന്നു.
