News
ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിംഗ് ഇന്ന് പുനരാരംഭിക്കും; ഉദയനിധി സ്റ്റാലിന്റെ വന്‍ അപ്ഡേറ്റ് ഇങ്ങനെ!
ഇന്ത്യന്‍ 2 വിന്റെ ഷൂട്ടിംഗ് ഇന്ന് പുനരാരംഭിക്കും; ഉദയനിധി സ്റ്റാലിന്റെ വന്‍ അപ്ഡേറ്റ് ഇങ്ങനെ!
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ ഹസന് ചിത്രമാണ് ഇന്ത്യന്‍ 2. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ കുറച്ച് നാളുകളായി മുടങ്ങിക്കിടക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ഷൂട്ടിംഗ് പുനരാരംഭിക്കും എന്നാണ് വിവരം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് കൂടി ബാനറായി ചേരുന്നുണ്ട്.
സുഭാസ്കരന്‍ അല്ലിരാജയുടെ ലൈക്ക പ്രൊഡക്ഷന്‍സും കമല്‍ ഹാസന്റെ രാജ്കമല് ഫിലിംസുമാണ് ചിത്രത്തിന്റെ മറ്റു രണ്ട് നിര്‍മ്മാണ പങ്കാളികള്‍. ചെന്നൈ പാരീസ് കോര്‍ണറിലെ എഴിലകം പരിസരത്ത് ചിത്രീകരണത്തിനു വേണ്ടിയുള്ള സെറ്റ് നിര്‍മ്മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്.
ഇവിടെയാണ് ചിത്രീകരണം പുനരാരംഭിക്കുക. കാജല്‍ അഗര്‍വാളും ബോബി സിംഹയും ഉള്‍പ്പെടുന്ന രംഗങ്ങളാണ് തുടക്കത്തില്‍ ചിത്രീകരിക്കുക. ഇപ്പോള്‍ യുഎസില്‍ ഉള്ള കമല്‍ ഹാസന് തിരിച്ചെത്തിയതിനു ശേഷമാവും അദ്ദേഹത്തിന്റെ രംഗങ്ങള്‍ ചിത്രീകരിക്കുക.
മൂന്നു പേരുടെ മരണവും ചിത്രീകരണ സ്ഥലത്തെ അപകടത്തിനൊപ്പം കൊവിഡ് കാലവും കൂടാതെ സാമ്പത്തിക പ്രതിസന്ധികളും നിര്‍മ്മാണത്തെ പിന്നോട്ടടിച്ചിരുന്നു.
2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. 2020 ഫെബ്രുവരിയില്‍ ആയിരുന്നു ചിത്രീകരണസ്ഥലത്തെ അപകടം. അതേസമയം 1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
