നടിയെ ആക്രമിച്ച നടന്നിട്ട് അഞ്ച് കൊല്ലമായി, അപ്പോള്‍ നീതി വൈകിയാല്‍ നീതി നിഷേധിക്കപ്പെട്ടു എന്നൊരു ചൊല്ലുണ്ട്; നീതി കിട്ടുകയാണെങ്കില്‍ സമയത്ത് കിട്ടണം; എം എന്‍ കാരശ്ശേരി!
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഡി ജി പി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾ വലിയ കോളിളക്കങ്ങൾ സൃഷിടിച്ചിരുന്നു . പല ഭാഗങ്ങളിൽ നിന്നും ശ്രീലേഖയേക്ക് എതിരെ രൂക്ഷ വിമർശനവും വന്നിരുന്നു . ഇപ്പോഴിതാ
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ജയില്‍ ഡി ജി പി ആര്‍ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകള്‍ അമ്പരിപ്പിക്കുന്നതാണ് എന്ന് എഴുത്തുകാരന്‍ എം എന്‍ കാരശ്ശേരി. ഒരു യുട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നമ്മുടെ നീതി ബോധത്തെ പരിഹസിക്കുന്ന പരാമര്‍ങ്ങളാണ് ശ്രീലേഖയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇതില്‍ നടപടിയെടുക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാരശ്ശേരിയുടെ വാക്കുകള്‍ ഇങ്ങനെയാണ്…
നടിയെ ആക്രമിച്ച കേസ് വളരെ ഞെട്ടിപ്പിക്കുന്ന സംഭവാണ്. കാരണം നമ്മള്‍ മനസിലാക്കുന്നത് ശരിയാണെങ്കില്‍ ബലാത്സംഗം ചെയ്യാന്‍ ഒരാള്‍ ക്വട്ടേഷന്‍ കൊടുത്തു എന്നതാണ്. അങ്ങനെ ഒരു സംഭവം എനിക്ക് അറിഞ്ഞ് കൂട ലോകചരിത്രത്തില്‍ തന്നെ ഉണ്ടാകില്ല. കാരണം ബലാത്സംഗം ഒരാള്‍ അയാളുടെ മനോവൈകൃതം കൊണ്ട് ചെയ്യുന്ന കാര്യമാണ്.അല്ലെങ്കില്‍ ഏതെങ്കിലും ലഹളയുടെ ഒക്കെ ഭാഗമായിട്ട് നടക്കുന്നതാണ്. ഇങ്ങനെ ക്വട്ടേഷന്‍ കൊടുത്ത് ബലാത്സംഗം ചെയ്യിക്കുക എന്നുള്ളത് വളരെ വിചിത്രമായിട്ടുള്ള കാര്യമാണ്. ഇതില്‍ ഇപ്പോള്‍ കുറ്റവാളിയായിട്ട് കോടതി മുമ്പാതെ നില്‍ക്കുന്നത് നമ്മുടെ ഭാഷയിലെ പ്രസിദ്ധനായ ഒരു നടനാണ്.
അപ്പോള്‍ അദ്ദേഹം കുറ്റം ചെയ്‌തോ ഇല്ലോ എന്ന് എനിക്കറിയില്ല.കൃത്യമായിട്ട് നാട്ടുകാര്‍ക്ക് അറിയില്ല. അത് പറയേണ്ടത് പൊലീസാണ്. അതില്‍ തീര്‍പ്പെടുക്കേണ്ടത് കോടതിയാണ്. ആ കേസ് പിന്നെ പിന്നെ പറഞ്ഞ് പറഞ്ഞ് സങ്കീര്‍ണമായി കൊണ്ടിരിക്കുകയാണ്. ഏതാണ്ട് അഞ്ച് കൊല്ലമായി. അപ്പോള്‍ നീതി വൈകിയാല്‍ നീതി നിഷേധിക്കപ്പെട്ടു എന്നൊരു ചൊല്ലുണ്ട്. നീതി കിട്ടുകയാണെങ്കില്‍ സമയത്ത് കിട്ടണം.ഇപ്പോള്‍ കോടതി അതിജീവിതക്ക് എതിരായി പെരുമാറുന്നു. കോടതിയിലെ ഉദ്യോഗസ്ഥന്‍മാര്‍ അവര്‍ക്കെതിരായി പെരുമാറുന്നു. അത്തരത്തില്‍ ഒരുപാട് പരാതികള്‍. അതെല്ലാം നീതിന്യായ വ്യവസ്ഥയോട് ആളുകള്‍ക്ക്
ബഹുമാനം കുറക്കുന്നതും അവരുടെ വിശ്വസം നശിപ്പിക്കുന്നതുമായ കാര്യമാണ്. അങ്ങനെ സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ്.അതായത് പൊലീസിലും കോടതിയിലും വിശ്വാസമുള്ളപ്പോഴാണ് ആളുകളുടെ നീതിബോധം ശക്തമാകൂ. ഇതിപ്പോള്‍ രാഷ്ട്രീയ സ്വാധീനം കൊണ്ടോ പണം കൊണ്ടോ വ്യക്തിബന്ധം കൊണ്ടോ ആളുകളെ സ്വാധീനിക്കുന്നു എന്നാണ് വ്യാപകമായ പരാതി. ചാനലുകള്‍ നിരന്തരം ചര്‍ച്ച ചെയ്യുന്നു. അത് കഴിഞ്ഞപ്പോള്‍ അതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വധിക്കാന്‍ ശ്രമം നടന്നു എന്ന് പുതിയ ഒരു കേസുണ്ടായി.ഇതില്‍ കേരളീയര്‍ക്ക് നാണക്കേട് തോന്നേണ്ട പല കാര്യങ്ങള്‍ ഉണ്ട്. ഒന്ന് ഇങ്ങനെ ഒരു സംഭവം നമ്മുടെ നാട്ടില്‍ നടന്നു എന്നുള്ളത്.
രണ്ടാമത്തേത് അതിജീവിതക്ക് ഇനിയും നീതി ലഭിച്ചില്ല എന്നുള്ളതാണ്. മൂന്നാമത്തെ പ്രശ്‌നം ഈ കേസുമായി ബന്ധപ്പെട്ട് ആ വക്കീലന്‍മാരും കോടതി ഉദ്യോഗസ്ഥരും ജഡ്ജിമാര്‍ തന്നെയും ആരോപണങ്ങള്‍ക്ക് വിധേയരായി ജനങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുകയാണ്.ഇതിന്റെ ഒക്കെ ഇടയില്‍ ഏറ്റവും അമ്പരപ്പിക്കുന്ന ഒരു കാര്യമായിരുന്നു ജയില്‍ ഡി ജി പി ആയിരുന്ന ആര്‍ ശ്രീലേഖ അവരുടെ യൂട്യൂബ് ചാനലില്‍ നടത്തിയ വെളിപ്പെടുത്തല്‍. അവര്‍ എന്താണ് പറഞ്ഞത്. ആ നടന്‍ നിരപരാധിയാണ് എന്നാണ്. അദ്ദേഹത്തിനെതിരായിട്ട് പൊലീസ് ഉണ്ടാക്കിയതും കോടതി പരിഗണിച്ചതും ആയ കാര്യങ്ങളൊക്കെ കൃത്രിമമായിട്ട് വ്യാജമായിട്ട് ഉണ്ടാക്കിയതാണ് എന്നാണ്.തീര്‍ച്ചയായും നമ്മുടെ നീതി ബോധത്തെ പരിഹസിക്കുന്ന ഒന്നാണ് അത്. പൊലീസ് എന്നത് ഇത്തരത്തില്‍ വ്യാജമായി തെളിവുകള്‍ ഉണ്ടാക്കും ആളുകളെ മനപൂര്‍വം കേസില്‍ പെടുത്താന്‍ വേണ്ടി പെരുമാറും എന്നാണല്ലോ ശ്രീലേഖ പറഞ്ഞത്.
അപ്പോള്‍ അന്ന് അവര്‍ എന്ത് ചെയ്യുകയായിരുന്നു. അന്ന് എന്തുകൊണ്ടാണ് അവരുടെ അധികാര പരിധി ഉപയോഗിച്ചിട്ട് അത് തടയാതിരുന്നത്.പിന്നെ അവര്‍ പറയുന്ന കാര്യങ്ങള്‍ വളരെ വിചിത്രമാണ്. ഒന്ന് പറഞ്ഞത് എന്താണ് ഈ കേസിലെ പ്രതിയായ പള്‍സര്‍ സുനി വേറെ നടിമാരോടും ഇങ്ങനെ ചെയ്തിട്ടുണ്ട് എന്ന് അവര്‍ക്കറിയാം എന്നാണ്. അവര്‍ പൊലീസ് ഉദ്യോഗസ്ഥയാണ്. അവര്‍ എന്തുകൊണ്ട് അന്നതില്‍ കേസ് എടുത്തില്ല. അവരുടെ വെളിപ്പെടുത്തലൊക്കെ വളരെ അമ്പരപ്പിക്കുന്നതാണ്.ഏതോ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അവരുടെ കീഴിലുള്ള ഒരു വനിതാ ഉദ്യോഗസ്ഥയോട് മോശമായിട്ട് പെരുമാറുന്നു. ഒരിക്കല്‍ അവര്‍ ഈ സ്ത്രീയെ രക്ഷിച്ചു. അപ്പോള്‍ എന്താണ് നീതി, എന്താണ് നിയമം, എന്താണ് ക്രമം, എന്താണ് അക്രമം എന്ന് നിശ്ചമില്ലാത്തയാളാണോ ശ്രീലേഖ. അവരെ പറ്റി ഞാനടക്കമുള്ള എത്രയോ ആളുകള്‍ക്ക് അഭിമാനം തോന്നിയിരുന്നു.കാരണം നമ്മുടെ നാട്ടില്‍ നിന്ന് ഒരു വനിത ഐ പി എസ് ലഭിച്ച് ഇത്രയും ഉന്നതമായ പദവി കിട്ടിയല്ലോ. ജയില്‍ മേധാവിയായി റിട്ടയര്‍ ചെയ്തു എന്നാണ് എന്റെ ഓര്‍മ. ആര് പറയുന്നതാണ് സത്യം.
ശ്രീലേഖ പറയുന്നതാണെങ്കില്‍ നമ്മുടെ പൊലീസിന്റെ തെളിവ് ശേഖരണം എന്ന് പറഞ്ഞാല്‍ എന്താണ്. അത് പരിശോധിക്കുന്ന കോടതിയുടെ നിലവാരം എന്താണ്.ഇനി അവര്‍ പറയുന്നത് കളവാണെങ്കില്‍ എന്തുകൊണ്ടാണ് അവരുടെ നേരെ നടപടിയെടുക്കാത്തത്. നടപടിയെടുക്കേണ്ട സംഗതിയാണ് ഇതെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം, വളരെ കൃത്യമായ ഒരു തന്റെ ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ അവര്‍ വീഴ്ച വരുത്തിയിട്ടുണ്ട്. ഒരു കള്ളത്തരം തന്റെ മുന്നില്‍ നടത്തിയിട്ട് മിണ്ടാതിരിക്കുക.റിട്ടയര്‍മെന്റിന് ശേഷം അതിനെ പറ്റി സംസാരിക്കുക. എന്താണിതിനര്‍ത്ഥം. ഇതുപോലെ നടനെ ഇവര്‍ ജയിലില്‍ സന്ദര്‍ശിച്ച രംഗം അവര്‍ പറയുന്നുണ്ട്. ആ നടന്‍ അനുഭവിക്കുന്ന കഷ്ടപ്പാടിനെ പറ്റി ഹൃദയസ്പര്‍ശിയായി സംസാരിക്കുന്നുണ്ട്. അത് മറ്റ് തടവുകാര്‍ക്ക് അത്തരം ആനുകൂല്യം അവരില്‍ നിന്ന് കിട്ടാത്തത് എന്തുകൊണ്ടാണ്. അവര്‍ പറഞ്ഞത് സത്യമാണോ എന്നതാണ് ഏറ്റവും വലിയ പ്രശ്‌നം.
