ദുല്‍ഖര്‍ സല്‍മാന്‍, ഞാൻ നിങ്ങളെ വെറുക്കുന്നു ; കാരണം വെളിപ്പെടുത്തി തെലുങ്ക് താരം സായ് ധരം തേജ്!
ദുല്‍ഖര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സീതാ രാമം’. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.ദുല്‍ഖര്‍ സല്‍മാന്‍, മൃണാള്‍ താക്കൂര്‍, രശ്മിക മന്ദാന എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ചിത്രം മനോഹരമായ പ്രണയകഥയാണ് പറഞ്ഞത്.
തെലുങ്ക് താരം സായ് ധരം തേജ് സീതാ രാമം ടീമിനെഴുതിയ കത്ത് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. ഇത്രയും മനോഹരമായ സിനിമ ചെയ്തതിന് ഹൃദയത്തില്‍ നിന്നും ഞാന്‍ നിങ്ങളെ വെറുക്കുന്നു, എന്നാണ് ചിത്രം കണ്ടതിന് ശേഷം സായ് ധരം തേജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സംവിധായകനും അഭിനതാക്കള്‍ക്കുമുള്‍പ്പെടെ വിശദമായ കത്താണ് സായ് ധരം തേജ് എഴുതിയിരിക്കുന്നത്.
‘ഹനു രാഘവപുടി, ഓരോ ഫ്രെയ്മിലും മാജിക് ഒരുക്കിയ നിങ്ങളെ ഞാന്‍ വെറുക്കുന്നു. നിങ്ങള്‍ മനോഹരമായ പെയിന്റിങ്ങാണ് ഒരുക്കിയത്. ദുല്‍ഖര്‍ സല്‍മാന്‍, നിങ്ങളുടെ പല സിനിമകളും ഞാന്‍ കണ്ടിട്ടുണ്ട്. നിങ്ങളുടെ വര്‍ക്കിന്റെ വലിയ ആരാധകനാണ് ഞാന്‍. എന്നാല്‍ ഒരു അഭിനേതാവെന്ന നിലയില്‍ നിങ്ങളെ അത്ഭുതത്തോടെ കാണേണ്ടി വന്ന ഈ സിനിമ മൂലം ഞാന്‍ നിങ്ങളെ വെറുക്കുന്നു. ഓരോ രംഗത്തിലും നിങ്ങളുടെ പെര്‍ഫോമന്‍സിനെ ഞാന്‍ ആരാധിക്കുകയായിരുന്നു. ഓരോ ശ്വാസത്തിലും ഇരിപ്പിലും നടപ്പിലും നിങ്ങള്‍ റാമായി. നിങ്ങള്‍ റാമായി ജീവിക്കുകയായിരുന്നു.
സിനിമയുടെ അവസാനം അഫ്രീന്‍ മികച്ചതാവുന്നുണ്ട്. എന്നാല്‍ റാമിനും സീതക്കും ഇടയിലുള്ള മെസഞ്ചറായതില്‍ നിന്നെ ഞാന്‍ വെറുക്കുന്നു. സീതാ, നിന്റെ പേരില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നു. ഒരുപാട് ഹൃദയങ്ങള്‍ നിങ്ങളെ ഓര്‍ത്ത് വേദനിക്കുന്നു, ദയയുണ്ടാവണം,’ സായ് ധരം തേജ് കുറിച്ചു.
ചിത്രത്തെ അഭിനന്ദിച്ച് കഴിഞ്ഞ ദിവസം നാനിയും രംഗത്ത് വന്നിരുന്നു. സീതാ രാമത്തെ ക്ലാസിക് എന്നാണ് നാനി വിശേഷിപ്പിച്ചത്. ദുല്‍ഖറിന്റയും മൃണാളിന്റേയും കമ്പോസര്‍ വിശാലിന്റെയും സംവിധായകന്‍ ഹനു രാഘവപുടിയുടെയും പേരെഴുതി ലവ് ഇമോജി ഇട്ട് സീതാ രാമം, ക്ലാസിക്, പിരിയഡ്, ഒരിക്കലും മിസ്സ് ആക്കരുത് എന്നാണ് നാനി ട്വീറ്റ് ചെയ്ത്.
നാനിക്ക് മറുപടിയുമായി ദുല്‍ഖറും ട്വിറ്ററിലെത്തി. ‘വളരെ നന്ദി ബ്രദര്‍. ഒരുപാട് സ്നേഹം, നിങ്ങളുടെ ഒന്നിലധികം ഫാന്‍സ് ഹാന്‍ഡിലുകള്‍ കാരണം ഞാന്‍ ഡബിള്‍ ചെക്ക് ചെയ്തു,’ എന്നാണ് ദുല്‍ഖര്‍ നാനിക്ക് മറുപടി നല്‍കിയത്.
