ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല,മാക്സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്; മമ്മൂട്ടി പറയുന്നു !
വെള്ളിത്തിരയില്‍ മമ്മൂട്ടിയുടെ മുഖം പതിഞ്ഞിട്ട് 51 വര്‍ഷം തികഞ്ഞിരിക്കുകയാണ്. അഭ്രപാളിയില്‍ അദ്ദേഹം അനശ്വരമാക്കിയ 51 വര്‍ഷങ്ങളെ ആവേശത്തോടെയാണ് സിനിമ പ്രേമികള്‍ സ്വീകരിച്ചിട്ടുള്ളത്. കച്ചവടമൂല്യത്തിനൊപ്പം കലാമൂല്യവും ചേര്‍ത്ത് പിടിക്കുന്നതാണ് അദ്ദേഹത്തിന്റെ ശൈലി. ഒരു സൂപ്പര്‍ താരം എന്ന് വിളിക്കുന്നതിനെക്കാള്‍ എനിക്ക് ഇഷ്ടം ഒരു നല്ല നടന് എന്ന പേരില്‍ അറിയപ്പെടാനാണെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടുമുണ്ട്.
ഇന്ന് കാണുന്ന നിലയില്‍ ഒരു സ്റ്റാര്‍ ആയി മാറുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമ്മൂട്ടി. വില്ലന്റെ പിന്നില്‍ യെസ് ബോസ് എന്ന് പറഞ്ഞു നില്ക്കുന്ന ഒരാള്‍ ആകുമെന്നാണ് കരുതിയിരുന്നതെന്നും എന്നാല്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ഉയര്‍ന്നത് തന്റെ പരിശ്രമവും ഭാഗ്യവും കൊണ്ടാണെന്നും മമ്മൂട്ടി പറഞ്ഞു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ‘സോളമിന്റെ തേനീച്ചകള്‍’ എന്ന ചിത്രത്തിലെ പുതുമുഖ താരങ്ങളുമായി സംവദിക്കുമ്പോഴായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.
ഞാനൊരു സ്റ്റാര്‍ ആകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. മാക്സിമം വില്ലന്റെ പിന്നില്‍ യെസ് ബോസ് പറഞ്ഞു നില്ക്കുന്ന ഒരാള്‍ ആകുമെന്നാണ് പ്രതീക്ഷിച്ചത്. ബാക്കിയൊക്കെ ഭാഗ്യവും പരിശ്രമവുമാണ്. നമ്മളെ സിനിമക്കാര്‍ ഒന്നു ശ്രദ്ധിച്ചു കിട്ടാന്‍ പറ്റിയ വേദികളൊന്നും അന്ന് ഉണ്ടായിരുന്നില്ല. ഇന്ന് അതല്ല’ മമ്മൂട്ടി വ്യക്തമാക്കി.സിനിമയില്‍ സ്ഥിരവരുമാനത്തിന്റെ അനിശ്ചതാവസ്ഥ എല്ലാക്കാലവും സിനിമാക്കാരന്റെ കൂടെയുണ്ടെന്ന് താരം ചൂണ്ടിക്കാട്ടി. ‘അത് മറകടക്കാന്‍ സിനിമയ്ക്കൊപ്പം ഓടിയേ പറ്റൂ. ഇനി തന്റെ അടുത്തേക്ക് എല്ലാവരും വരട്ടേയെന്ന് കരുതാവുന്ന ഒരു അവസ്ഥ ഒരിക്കലും ഇല്ല. നമ്മള് സിനിമ തേടിപ്പോകണം. സിനിമയ്ക്ക് നിങ്ങളെയെന്നല്ല ആരെയും ആവശ്യമില്ല. ഭാഗ്യംകൊണ്ട് ചിലപ്പോള്‍ ഒരു അവസരം കിട്ടിയേക്കും. ബാക്കി നമ്മുടെ പരിശ്രമമാണ്. കഴിവുണ്ടായാല്‍ മാത്രമ പോരാ, കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തണം’ എന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
സിനിമ എന്നതല്ലാതെ മറ്റൊന്നും എന്നെ എക്സൈറ്റ് ചെയ്യിച്ചിട്ടില്ലന്നും മറ്റൊന്നും തേടിപോയിട്ടുമില്ലെന്നും താരം പറഞ്ഞു. വെള്ളിത്തിരയിലെ സിനിമയെന്ന മാന്ത്രിക വിദ്യ കണ്ട് അത്ഭുതപ്പെടുന്ന ആ കുട്ടി ഇപ്പോഴും തന്റെയുള്ളിലുണ്ട്. സിനിമയുടെ മാജിക്കും മിസ്റ്ററിയുമാണ് നമ്മള് സൂക്ഷിക്കുന്നത്. പ്രേക്ഷകര്‍ക്ക് സിനിമയോടുള്ള അത്ഭുതം സിനിമ ചെയ്യുന്ന നമ്മുടെ ഉള്ളിലും ഉണ്ടെന്നും മമ്മൂട്ടി പറഞ്ഞു.
