Connect with us

മലയാളത്തിലെ നിത്യ ഹരിത നായകൻ പ്രേം നസീര്‍ മണ്മറഞ്ഞിട്ട് 35 വര്‍ഷം!!!

Malayalam

മലയാളത്തിലെ നിത്യ ഹരിത നായകൻ പ്രേം നസീര്‍ മണ്മറഞ്ഞിട്ട് 35 വര്‍ഷം!!!

മലയാളത്തിലെ നിത്യ ഹരിത നായകൻ പ്രേം നസീര്‍ മണ്മറഞ്ഞിട്ട് 35 വര്‍ഷം!!!

മലയാളത്തിലെ നിത്യ ഹരിത നായകൻ പ്രേം നസീര്‍ മണ്മറഞ്ഞിട്ട് 35 വര്‍ഷം തികയുന്നു. മലയാളത്തിന്റെ പ്രിയപ്പെട്ട പ്രേം നസീർ വിടവാങ്ങിയിട്ട് മൂന്നു പതിറ്റാണ്ട് കഴിയുമ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ഇന്നും നിത്യഹരിത നായകനായി തെളിഞ്ഞു നിൽക്കുകയാണ് അദ്ദേഹം. മലയാള കാമുക സങ്കല്‍പങ്ങളുടെ ആദ്യ രൂപമായിരുന്നു പ്രേം നസീർ.കാലഘട്ടത്തിന്റെ പ്രതീകമായി നസീര്‍ ഇന്നും മലയാളിയുടെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നു.

ചിറയിന്‍കീഴില്‍ അക്കോട് ഷാഹുല്‍ ഹമീദിന്റെയും അസ്മാബിയുടെയും മകനായി 1926 ഏപ്രില്‍ ഏഴിനായിരുന്നു അബ്ദുള്‍ ഖാദറിന്റെ ജനനം. ബിസിനസ്സുകാരനും, കലാപ്രേമിയുമായിരുന്നു പിതാവ് ഷാഹുല്‍ ഹമീദ്. മാതാവ് അസ്മാബിയെ ചെറുപ്പത്തില്‍ തന്നെ നഷ്ടപ്പെട്ടു. ആലപ്പുഴ എസ്.ഡി കോളേജ്, ചങ്ങനാശ്ശേരി എസ്.ബി കോളേജ് എന്നിവിടങ്ങളില്‍ നിന്നായി കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷമാണ് നസീർ സിനിമാ ലോകത്തേക്ക് കടന്നുവരുന്നത്.

കോളേജിൽ പഠിക്കുമ്പോൾ പങ്കെടുത്ത അഭിനയമത്സരത്തിന്റെ വിധികര്‍ത്താവാണ് അദ്ദേഹത്തിന് ആദ്യമായി സിനിമയില്‍ അവസരം നൽകുന്നത്. 1951ല്‍ ചിത്രീകരണമാരംഭിച്ച ത്യാഗസീമ ആയിരുന്നു ആദ്യ ചിത്രം. എന്നാൽ ഈ ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. രണ്ടാമതായി അഭിനയിച്ച ‘മരുമകള്‍’ എന്ന സിനിമയും വിജയം കണ്ടില്ല. 1952ല്‍ പുറത്തിറങ്ങിയ ‘വിശപ്പിന്റെ വിളി’ എന്ന ചിത്രം അഭിനയജീവിതത്തിൽ വഴിത്തിരിവായി. അഭ്രപാളിയില്‍ അന്നുവരെ കണ്ടിട്ടില്ലായിരുന്ന അഭിനയശൈലിയും സൗന്ദര്യവും പ്രേംനസീറിനെ വളരെ പെട്ടന്നുതന്നെ ജനപ്രിയതാരമാക്കി മാറ്റി. അമ്പതുകളിലെയും അറുപതുകളിലെയും മലയാള സിനിമയ്ക്ക് പ്രേം നസീർ സമ്മാനിച്ച യുവത്വത്തിന്റെ പ്രസരിപ്പ് വർണനകൾക്കും അതീതമാണ്.

‘മരുമകള്‍’ മുതല്‍ ‘ധ്വനി’ വരെ 781 സിനിമകളിലാണ് പ്രേം നസീർ അഭിനയിച്ചത്. 672 മലയാള ചിത്രങ്ങളിലും മുപ്പതില്‍പ്പരം തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച നടന്‍, ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായകനായി അഭിനയിച്ച നടന്‍, ഒരേ നടിക്കൊപ്പം ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ച നടന്‍ തുടങ്ങി നിരവധി വിശേഷണങ്ങൾ പ്രേം നസീറിന് സ്വന്തമാണ്.

മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യ സൂപ്പര്‍സ്റ്റാറും പ്രേം നസീര്‍ ആയിരുന്നു. കുറ്റാന്വേഷകനായും എഴുത്തുകാരനായും കര്‍ഷകനായും കുടുംബനാഥനായും വടക്കന്‍ പാട്ടുകളിലെ വീരനായും റൊമാന്റിക് ഹീറോ ആയും അദ്ദേഹം പ്രേക്ഷക മനസ്സുകള്‍ കീഴടക്കി. സസ്‌പെന്‍സും പ്രണയവും ആക്ഷനും കോമഡിയുമെല്ലാം ഒരുപോലെ മഹാപ്രതിഭക്ക് വഴങ്ങിയിരുന്നു… അഭിനയകലയോടൊപ്പം സാഹിത്യത്തിലും സംഗീതത്തിലും നസീർ തന്റെ കഴിവ് തെളിയിച്ചു.

ആദ്യകാലങ്ങളില്‍ ചെറുകഥകള്‍ എഴുതുകയും ആനുകാലികങ്ങളില്‍ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.സാമൂഹിക വിഷയങ്ങളില്‍ ഇടപെടാനും, അര്‍ഹിക്കുന്നവര്‍ക്ക് സഹായമെത്തിക്കാനും ആഗ്രഹിച്ചിരുന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. സ്വന്തമായി രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കാന്‍ ശ്രമം നടത്തിയ അദ്ദേഹം, പിന്നീട് ആ ശ്രമം ഉപേക്ഷിച്ച് കോണ്‍ഗ്രസിനോടു ചേര്‍ന്നു പ്രവര്‍ത്തിക്കാനാരംഭിച്ചെങ്കിലും അത് പരാജയപെട്ടു. എന്നാൽ തന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നസീർ തുടർന്ന്‌കൊണ്ടേയിരുന്നു.

അസുഖ ബാധിതനായി ചികിത്സയില്‍ കഴിയവേ, 1989 ജനുവരി 16ന് ചെന്നൈയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. അതുല്യ പ്രതിഭയുടെ നിശ്ചലമായ ശരീരം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ അവസാനമായി ഒന്നുകാണാൻ ആർത്തിരമ്പിയെത്തിയത് ജനസാഗരമായിരുന്നു. മലയാളത്തിന്റെ പ്രിയ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് നസീറിന്റെ മൃതദേഹം തോളിലേറ്റിയത്.

തിരുവന്തപുരത്തെ വി.ജെ.ടി ഹാളില്‍ ആയിരങ്ങള്‍ പങ്കെടുത്ത പൊതുദര്‍ശനത്തിന് ശേഷം നസീറിനെ തന്റെ ജന്മനാടായ ചിറയിന്‍കീഴിലെ കാട്ടുമുറാക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കുമ്പോൾ 62 വയസായിരുന്നു അദ്ദേഹത്തിന് പ്രായം. 1983 ല്‍ പത്മഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

More in Malayalam

Trending

Recent

To Top