അക്ഷയ് കുമാറിനെതിരെ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ്!
അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം രാമസേതുവിനെതിരെ കേസ് കൊടുക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാമസേതു വിഷയത്തെ തെറ്റായി ചിത്രീകരിക്കുന്നു എന്നാരോപിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കുന്നത്.
നഷ്ടപരിഹാരത്തിനായുള്ള സ്യൂട്ട് തന്റെ അഡ്വക്കേറ്റ് അന്തിമമാക്കിയതായി സുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു. ‘നഷ്ടപരിഹാരത്തിനുള്ള സ്യൂട്ട് എന്റെ അഡ്വ. സത്യ സബര്‍വാള്‍ അന്തിമമാക്കിയിട്ടുണ്ട്. അക്ഷയ് കുമാറിനും കര്‍മ്മ മീഡിയയ്ക്കും എതിരെ അവരുടെ സിനിമയില്‍ രാമസേതു പ്രശ്നത്തില്‍ തെറ്റായ ചിത്രീകരണം നടത്തിയതിന് കേസ് കൊടുക്കുകയാണ്,’ അദ്ദേഹം ട്വീറ്റ് ചെയ്തു.
അക്ഷയ് കുമാറിന്റെ വിദേശ പൗരത്വത്തിനെതിരെയും സുബ്രഹ്മണ്യന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. അയാളൊരു വിദേശപൗരനാണെങ്കില്‍ ദത്തെടുത്ത രാജ്യത്തേക്ക് തന്നെ നാടുകടത്താന്‍ ആവശ്യപ്പെടാമെന്നും സുബ്രഹ്മണ്യന്‍ പറയുന്നു.
സംഭവത്തില്‍ സിനിമയോട് ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അക്ഷയ് കുമാര്‍, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, നുഷ്രത്ത് ഭരുച്ച, സത്യ ദേവ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളാവുന്നത്. രാമസേതു പാലം ഒരു മിഥ്യയാണോ യാഥാര്‍ത്ഥ്യമാണോ എന്ന് പരിശോധിക്കാന്‍ പുറപ്പെട്ട പുരാവസ്തു ഗവേഷകനെ ചുറ്റിപ്പറ്റിയാണ് സിനിമ ഒരുങ്ങുന്നത്.